
ന്യൂ ഡൽഹി: സുപ്രീം കോടതി ജഡ്ജിമാരുടെ സ്വത്ത് വിവരം പരസ്യപ്പെടുത്തി. 33 ജഡ്ജിമാരിൽ 21 പേരുടെ സ്വത്ത് വിവരങ്ങളാണ് പരസ്യപ്പെടുത്തിയത്. സ്വത്ത് വിവരങ്ങൾ സംബന്ധിച്ച കാര്യങ്ങൾ സുപ്രീം കോടതി വെബ്സൈറ്റിൽ അപ്ലോഡ് ചെയ്തിട്ടുണ്ട്.
ജഡ്ജിമാരിൽ സമ്പന്നൻ ജസ്റ്റിസ് കെ.വി. വിശ്വനാഥൻ
സുപ്രീം കോടതി ജഡ്ജിമാരിൽ സമ്പന്നൻ ജസ്റ്റിസ് കെ.വി. വിശ്വനാഥനാണ്. 120.96 കോടി രൂപയുടെ നിക്ഷേപമാണ് ജസ്റ്റിസ് കെ.വി. വിശ്വനാഥനുള്ളത്. 2010 മുതൽ 2024 വരെയുള്ള സാമ്പത്തിക വർഷങ്ങളിൽ ജസ്റ്റിസ് വിശ്വനാഥൻ 91.47 കോടി രൂപ ആദായ നികുതി അടച്ചതായും സുപ്രീം കോടതി വെബ്സൈറ്റിൽ അപ്ലോഡ് ചെയ്തിരിക്കുന്ന രേഖകളിൽ വ്യക്തമാക്കിയിട്ടുണ്ട്. 2009 ഏപ്രിലിൽ സീനിയർ അഭിഭാഷകനായി ഡെസിഗിനെറ്റ് ചെയ്യപ്പെട്ട കെ.വി. വിശ്വനാഥൻ 2023 മെയിൽ ആണ് സുപ്രീം കോടതി ജഡ്ജിയായി നിയമിക്കപെട്ടത്. കോയമ്പത്തൂരിന് സമീപത്തുള്ള പൊള്ളാച്ചി സ്വദേശിയാണ് ജസ്റ്റിസ് വിശ്വനാഥൻ. പാലക്കാട് കൽപ്പാത്തിയുമായി കുടുംബ ബന്ധങ്ങളും അദ്ദേഹത്തിനുണ്ട്.
ജസ്റ്റിസ് വിനോദ് ചന്ദ്രൻെറയും ഭാര്യയുടെയും നിക്ഷേപങ്ങളിൽ ഏറെയും മ്യൂച്ചൽ ഫണ്ടുകളിൽ
മലയാളിയായ സുപ്രീം കോടതി ജഡ്ജി കെ. വിനോദ് ചന്ദ്രന്റെയും ഭാര്യയുടെയും നിക്ഷേപങ്ങളിൽ ഭൂരിഭാഗവും മ്യൂച്ചൽ ഫണ്ടുകളിലാണ്. അഞ്ച് മ്യൂച്ചൽ ഫണ്ടുകളിലാണ് ജസ്റ്റിസ് വിനോദ് ചന്ദ്രൻ നിക്ഷേപം നടത്തിയിരിക്കുന്നത്. ഇതിന്റെ ഇപ്പോഴത്തെ മൂല്യം 7.94 ലക്ഷം ആണ്. ജസ്റ്റിസ് വിനോദ് ചന്ദ്രന്റെ ഭാര്യക്ക് എട്ട് മ്യൂച്ചൽ ഫണ്ടുകളിൽ നിക്ഷേപം ഉണ്ട്. ഇവയുടെ ഇപ്പോഴത്തെ മൂല്യം 5.09 ലക്ഷം ആണ്. ആലുവ, പൂണിത്തുറ, പാലക്കാട് എന്നിവിടങ്ങളിൽ ജസ്റ്റിസ് വിനോദ് ചന്ദ്രന് വസ്തുക്കൾ ഉണ്ട്.
ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയ്ക്ക് പബ്ലിക് പ്രോവിഡന്റ് ഫണ്ടിൽ 1.06 കോടി നിക്ഷേപം
ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന 1989 മുതൽ പബ്ലിക് പ്രോവിഡന്റ് ഫണ്ടിൽ നിക്ഷേപം നടത്തിവരികയാണ്. നിലവിൽ അദ്ദേഹത്തിൽ പബ്ലിക് പ്രോവിഡന്റ് ഫണ്ടിൽ 1.06 കോടി നിക്ഷേപം ഉണ്ട്. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ ഭാര്യക്ക് 64.51 ലക്ഷം രൂപയുടെ നിക്ഷേപം പബ്ലിക് പ്രോവിഡന്റ് ഫണ്ടിൽ ഉണ്ട്. ചീഫ് ജസ്റ്റിസ് ഖന്നയുടെ ആകെ നിക്ഷേപം 3.38 കോടി രൂപയാണ്.
നിയുക്ത ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായിയുടെ നിക്ഷേപം 42.77 ലക്ഷം, ബാധ്യത 1.3 കോടി
സുപ്രീം കോടതിയുടെ നിയുക്ത ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായിയ്ക്ക് മഹാരാഷ്ട്രയിലെ അമരാവതി, മുംബൈയിലെ ബാന്ദ്ര, ന്യൂ ഡൽഹിയിലെ ഡിഫൻസ് കോളണി എന്നിവിടങ്ങളിൽ അപ്പാർട്മെന്റുകൾ ഉണ്ട്. ഇതിന് പുറമെ അമരാവതി, നാഗ്പൂർ എന്നിവിടങ്ങളിൽ കാർഷിക ഭൂമിയും ഉണ്ട്. എന്നാൽ, ഷെയറുകൾ, പ്രോവിഡന്റ് ഫണ്ടുകൾ എന്നിവയിൽ ഉൾപ്പടെ ഗവായിക്ക് നിക്ഷേപം 42.77 ലക്ഷം രൂപയാണ്. ബാധ്യത 1.3 കോടി രൂപ ഉണ്ടെന്നും സുപ്രീം കോടതി വെബ്സൈറ്റിൽ അപ്ലോഡ് ചെയ്തിരിക്കുന്ന കണക്കുകളിൽ വിശദീകരിച്ചിട്ടുണ്ട്.
Content Highlights: Supreme Court releases asset details of 21 out of 33 judges
Published: 06 May 2025, 08:40 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented