ന്യൂഡല്‍ഹി: കോടതികളില്‍ ഹാജരാകുന്ന ഉദ്യോഗസ്ഥരെ അവഹേളിക്കുന്ന പരാമര്‍ശം ഒഴിവാക്കണമെന്ന് സുപ്രീംകോടതി. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുന്നത് സംബന്ധിച്ച്  ഹൈക്കോടതികള്‍ക്കായി പുറത്തിറക്കിയ മാര്‍ഗരേഖയിലാണ് നിര്‍ദേശം സുപ്രീംകോടതി മുന്നോട്ടുവെച്ചത്. ഒഴിവാക്കാനാകാത്ത സാഹചര്യത്തില്‍ മാത്രമേ ഉദ്യോഗസ്ഥരെ വിളിച്ച് വരുത്താവൂ എന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.

To advertise here,

ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പുറപ്പെടുവിച്ച മാര്‍ഗരേഖയിലെ മറ്റ് പ്രധാന നിര്‍ദേശങ്ങള്‍ 

  • സത്യവാങ്മൂലങ്ങളുടേയോ രേഖകളുടെയോ അടിസ്ഥാനത്തില്‍ കേസില്‍ തീര്‍പ്പ് ഉണ്ടാക്കാന്‍ സാധിക്കുമെങ്കില്‍, ഉദ്യോഗസ്ഥരെ വിളിച്ച് വരുത്തരുത്. എല്ലാ സന്ദര്‍ഭങ്ങളിലും ഉദ്യോഗസ്ഥര്‍ കോടതികളില്‍ നേരിട്ട് ഹാജരാകണം എന്ന് ആവശ്യപ്പെടരുത്.
  • വസ്തുതകള്‍ മറച്ച് വയ്ക്കുന്നു, മനഃപൂര്‍വ്വം രേഖകള്‍ കോടതിക്ക് കൈമാറുന്നില്ല തുടങ്ങിയ അവസരങ്ങളില്‍ മാത്രമേ ഉദ്യോഗസ്ഥര്‍ നേരിട്ട് ഹാജരാകണമെന്ന് നിര്‍ദേശിക്കാവൂ.
  • കോടതിയുടെ വീക്ഷണത്തിന് എതിരായ നിലപാട് ഉദ്യോഗസ്ഥന്‍ സ്വീകരിക്കുന്നു എന്ന കാരണത്താല്‍ ഉദ്യോഗസ്ഥരെ വിളിച്ച് വരുത്തരുത്. 
  • വീഡിയോ കോണ്‍ഫറന്‍സിലൂടെ ഹാജരാകാന്‍ ഉള്ള അവസരം ഉദ്യോഗസ്ഥര്‍ക്ക് നല്‍കണം.
  • വീഡിയോ കോണ്‍ഫറന്‍സിന്റെ ലിങ്ക് ഒരു ദിവസം മുമ്പെങ്കിലും ഉദ്യോഗസ്ഥര്‍ക്ക് കൈമാറണം. 
  • ഉദ്യോഗസ്ഥരെ വിളിച്ച് വരുത്തുമ്പോള്‍ അതിനുള്ള കാരണം വ്യക്തമാക്കണം.
  • മുഴുവന്‍ നടപടി സമയത്തും  കോടതികളില്‍ നില്‍ക്കാന്‍  ഉദ്യോഗസ്ഥരോട് ആവശ്യപ്പെടരുത്. കോടതിയില്‍ നിലപാട് വ്യക്തമാക്കുമ്പോഴോ, എന്തെങ്കിലും കാര്യങ്ങള്‍ അറിയിക്കുമ്പോള്‍ മാത്രമേ എഴുന്നേറ്റ് നില്‍ക്കേണ്ടതുള്ളൂ. 
  • ഉദ്യോഗസ്ഥരെ അവഹേളിക്കുന്ന പരാമര്‍ശം പാടില്ല. ഉദ്യോഗസ്ഥരുടെ ശാരീരിക രൂപം, വേഷം, സാമൂഹികവും, വിദ്യാഭ്യാസപരവുമായ പശ്ചാത്തലം എന്നിവയെ അടിസ്ഥാനപ്പെടുത്തിയുള്ള പരാമര്‍ശങ്ങള്‍ പാടില്ല.
  • കോടതി അലക്ഷ്യ നടപടികള്‍ സ്വീകരിക്കുമ്പോള്‍ കോടതികള്‍ പരമാവധി ജാഗ്രതയും, നിയന്ത്രണവും പാലിക്കണം.