ന്യൂഡല്‍ഹി: ഭരണഘടന 75 വര്‍ഷം പിന്നിടുമ്പോഴെങ്കിലും അഭിപ്രായ സ്വാതന്ത്ര്യമെന്തെന്ന് പോലീസ് മനസ്സിലാക്കണമെന്ന് സുപ്രീംകോടതി. സാമൂഹികമാധ്യമത്തില്‍ കവിത പങ്കുവെച്ചതിന് തന്റെപേരില്‍ ഗുജറാത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് രാജ്യസഭാംഗം ഇമ്രാന്‍ പ്രതാപ്ഗഡി നല്‍കിയ ഹര്‍ജി വിധിപറയാന്‍ മാറ്റിയാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. 'യെ ഖൂന്‍ കീ പ്യാസി ബാത് സുനോ' എന്ന കവിതയാണ് പങ്കുവെച്ചത്. ഇതിന് മതവുമായി യാതൊരു ബന്ധവുമില്ലെന്നും ദേശവിരുദ്ധമല്ലെന്നും കോടതി പറഞ്ഞു. കവിതയെ ജനങ്ങള്‍ മറ്റൊരുരീതിയിലാണ് മനസ്സിലാക്കിയതെന്ന് ഗുജറാത്തിനുവേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു.

To advertise here,

സര്‍ഗാത്മകതയോട് ആര്‍ക്കും ബഹുമാനമില്ലെന്നതാണ് ഇപ്പോഴത്തെ പ്രശ്‌നമെന്ന് ജസ്റ്റിസ് എ.എസ്. ഓക അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് പറഞ്ഞു. 

അനീതി നേരിടുമ്പോള്‍പ്പോലും അതിനെ സ്‌നേഹത്തോടെ അനുഭവിക്കാനാണ് കവിതയില്‍ പറയുന്നതെന്ന് അതിന്റെ വിവര്‍ത്തനം വായിച്ചശേഷം കോടതി ചൂണ്ടിക്കാട്ടി. സമാധാനത്തിന് ആഹ്വാനം ചെയ്തുകൊണ്ടുള്ള സാമൂഹികമാധ്യമ പോസ്റ്റായിരുന്നു അതെന്നും ബെഞ്ച് പറഞ്ഞു.

അതേസമയം, സ്വന്തം സാമൂഹികമാധ്യമ അക്കൗണ്ടിലാണ് കവിത പോസ്റ്റ് ചെയ്തത് എന്നതിനാല്‍ അതിന്റെ ഉത്തരവാദിത്വവും ഇമ്രാന്‍ എടുക്കണമെന്ന് സോളിസിറ്റര്‍ ജനറല്‍ വാദിച്ചു. എന്നാല്‍, ഇക്കാര്യത്തില്‍ പോലീസ് കുറച്ച് യുക്തിബോധം കാണിക്കണമെന്ന് ബെഞ്ച് പ്രതികരിച്ചു.

എഫ്.ഐ.ആര്‍. റദ്ദാക്കണമെന്ന ആവശ്യം തള്ളിക്കൊണ്ട് ഗുജറാത്ത് ഹൈക്കോടതി നടത്തിയ ചില പരാമര്‍ശങ്ങളെക്കുറിച്ച് നിരീക്ഷണം നടത്തണമെന്ന് ഇമ്രാനുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ആവശ്യപ്പെട്ടു.

സാമുദായിക സൗഹാര്‍ദം തകര്‍ക്കാന്‍ശേഷിയുള്ള കവിതയാണെന്നുള്‍പ്പെടെ ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. എന്നാല്‍, ഹൈക്കോടതിക്കെതിരേ പരാമര്‍ശം നടത്തേണ്ടതില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു.