ന്യൂഡല്‍ഹി: തോട്ടപ്പള്ളിയിലെ  കരിമണല്‍ ഖനനത്തിന് എതിരായ ഹര്‍ജി സുപ്രീംകോടതി തള്ളി. ഖനനം അല്ല പ്രളയം ഒഴിവാക്കാനുള്ള മണ്ണ് നീക്കമാണ് നടക്കുന്നതെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. തുടര്‍ന്നാണ് ഖനനം ചോദ്യം ചെയ്ത് നല്‍കിയ സുപ്രീംകോടതി തള്ളിയത്. ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. 

To advertise here,

കെ.എം.എം.ആര്‍.എല്‍, ഐ.ആര്‍.ഇ എന്നീ സ്ഥാപനങ്ങള്‍ തോട്ടപ്പള്ളി പൊഴിമുഖത്ത് നടത്തുന്ന ഖനനത്തിനെതിരെ ആയിരുന്നു ഹര്‍ജി. എന്നാല്‍  സ്പില്‍വേയില്‍ തടസ്സമില്ലാതെ വെള്ളം ഒഴുകാനുള്ള മണ്ണ് നീക്കം മാത്രമാണ് നടക്കുന്നതെന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ പല്ലവ് സിസോദിയയും, സ്റ്റാന്‍ഡിങ് കോണ്‍സല്‍ സി കെ ശശിയും സുപ്രീംകോടതിയെ അറിയിച്ചു. സ്പില്‍വെയിലെ മണ്ണ് നീക്കണമെന്ന് എം എസ് സ്വാമിനാഥന്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും ഇരുവരും കോടതിയെ അറിയിച്ചു. അഭിഭാഷക മീന കെ.പൗലോസും സംസ്ഥാന സര്‍ക്കാരിന് വേണ്ടി സുപ്രീംകോടതിയില്‍ ഹാജരായി. 

അതേസമയം ഇങ്ങനെ മാറ്റുന്ന മണ്ണ് മുപ്പത് കിലോമീറ്ററില്‍ അധികം ദൂരത്ത് കൊണ്ട് പോയി സംസ്‌കരിക്കുക ആണെന്നും അതിനാല്‍ വാണിജ്യ അടിസ്ഥാനത്തില്‍ ഉള്ള കരിമണല്‍ ഖനനം ആണ് നടക്കുന്നത് എന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ സഞ്ജയ് ഉപാധ്യായയും, അഭിഭാഷകന്‍ കുര്യാക്കോസ് വര്‍ഗീസും ചൂണ്ടിക്കാട്ടി. എന്നാല്‍ നീക്കുന്ന മണ്ണ് വൃത്തിയാക്കി വിറ്റ് അല്‍പ്പം പണം സംസ്ഥാന സര്‍ക്കാര്‍ നേടുന്നതില്‍ എന്താണ് തെറ്റെന്ന് സുപ്രീംകോടതി ആരാഞ്ഞു. കെ.എം.എം.എല്ലിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ വി ചിദംബരേഷന് പുറമെ, അഭിഭാഷകന്‍ എ കാര്‍ത്തിക്കും ഹാജരായി.