ന്യൂഡൽഹി: ഷിക്കാഗോയില്‍ ഇന്ത്യക്കാരനായ യുവാവ് വെടിയേറ്റ് മരിച്ചു. എംബിഎ വിദ്യാര്‍ഥിയായ ഇരുപത്തിരണ്ടുകാരന്‍ സായ് തേജ നുകരാപ്പുവാണ് കൊല്ലപ്പെട്ടത്. പഠനത്തോടൊപ്പം പെട്രോള്‍ പമ്പില്‍ പാര്‍ട്ട്‌ടൈം ജോലിചെയ്തുവരികയായിരുന്ന ഇയാള്‍ക്ക് ജോലിക്കിടെ വെള്ളിയാഴ്ചയാണ് വെടിയേറ്റതെന്ന് ഭാരത് രാഷ്ട്രസമിതി(ബിആര്‍എസ്) നേതാവ് മധുസൂദന്‍ താത്ത അറിയിച്ചു. 

To advertise here,

തെലങ്കാനയിലെ ഖമ്മം സ്വദേശിയാണ് സായ് തേജ. ഇന്ത്യയില്‍നിന്ന് ബിരുദം നേടിയ സായ് തേജ എംബിഎ പൂര്‍ത്തിയാക്കാനാണ് യുഎസിലേക്ക് പോയത്. സംഭവം നടക്കുമ്പോള്‍ ഇയാള്‍ ഡ്യൂട്ടിയില്‍ അല്ലായിരുന്നുവെന്നും സഹപ്രവര്‍ത്തകന്റെ അഭ്യര്‍ഥനപ്രകാരം അയാളെ സഹായിക്കുകയായിരുന്നുവെന്നും തേജയുടെ മാതാപിതാക്കള്‍ പറഞ്ഞതായി മധുസൂദന്‍ താത്ത പറഞ്ഞു. 

യുവാവിന്റെ മരണത്തില്‍ അക്രമിക്കെതിരെ അടിയന്തിരമായി നടപടിയെടുക്കാന്‍ ഷിക്കാഗോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തേജയുടെ കുടുംബത്തിന് ആവശ്യമായ എല്ലാ സഹായവും നല്‍കുമെന്നും അവര്‍ എക്‌സില്‍ പറഞ്ഞു.

സായ് തേജയുടെ മരണത്തില്‍ വിദേശകാര്യമന്ത്രി അഗാധമായ ദുഃഖം രേഖപ്പെടുത്തി. കുടുംബത്തിന് സാധ്യമായ എല്ലാ സഹായവും കോണ്‍സുലേറ്റ് നല്‍കുന്നുണ്ടെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു.