ഔറംഗാബാദ് (മഹാരാഷ്ട്ര): വീടിന് മുന്നില്‍നിന്ന് ഷൂ കാണാതായെന്ന മുന്‍ മേയറുടെ പരാതി ലഭിച്ചതിന് പിന്നാലെ വിഷയത്തില്‍ അടിയന്തര നടപടി സ്വീകരിച്ച് ഔറംഗബാദ് നഗരസഭ. ബന്ധപ്പെട്ടവര്‍ ഉടന്‍ സ്ഥലത്തെത്തി പ്രദേശത്ത് അലഞ്ഞുനടന്ന നാല് നായ്ക്കളെ പിടികൂടി വന്ധ്യംകരിച്ചു. രാജ്യത്ത് തെരുവുനായകള്‍ മനുഷ്യരെ ആക്രമിക്കുന്ന സംഭവങ്ങള്‍ വര്‍ധിക്കുമ്പോഴും തദ്ദേശ സ്ഥാപനങ്ങളടക്കം കാര്യക്ഷമമായ നടപടി സ്വീകരിക്കുന്നില്ലെന്ന പരാതി ഉയരുന്നതിനിടെയാണ് ഷൂ കാണാതായ വിഷയത്തിലെ അടിയന്തര നടപടി.

To advertise here,

നഗരത്തിലെ നക്ഷത്രവാടി പ്രദേശത്ത് താമസിക്കുന്ന നന്ദകുമാര്‍, വീടിനു പുറത്ത് അഴിച്ചുവെച്ച ഷൂ തിങ്കളാഴ്ച രാത്രിയാണ് കാണാതാവുന്നത്. വീടിന്റെ പ്രവേശനകവാടം തുറന്നിട്ടിരുന്നു അന്ന്. അതേദിവസംതന്നെ ഷൂ കാണാതായതോടെ നടത്തിയ അന്വേഷണത്തില്‍ വീട്ടുമുറ്റത്ത് നായ പ്രവേശിച്ചതായും ചെരിപ്പ് കടിച്ചുകൊണ്ടുപോയതായും കണ്ടെത്തി. 

പിറ്റേന്ന് സംഭവം നഗരസഭയില്‍ പരാതി അറിയിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ നായയെ പിടിക്കുന്ന സംഘമെത്തി തെരുവുനായകളെ പിടികൂടുകയുമായിരുന്നു. നാലു തെരുവുനായകളെയാണ് സംഘം പിടികൂടിയത്. അവയെ വന്ധ്യംകരിക്കുകയും ചെയ്തു. തെരുവുനായ ശല്യം സംബന്ധിച്ച പരാതി ലഭിച്ചാല്‍ നായയെ പിടിക്കുന്ന സംഘത്തെ അയക്കുക പതിവാണെന്നാണ് നഗരസഭയുടെ വിശദീകരണം.