
ചെന്നൈ: ഗ്രീൻ കാർഡിന് അപേക്ഷിക്കാൻ അമേരിക്കൻ സർക്കാർ പുതിയ നിബന്ധന കൊണ്ടുവന്നതിന് പിന്നാലെ പ്രതികരണവുമായി പ്രമുഖ വ്യവസായിയും സോഹോ സഹസ്ഥാപകനുമായ ശ്രീധർ വെമ്പു. അമേരിക്കയിൽ താമസിച്ചുകൊണ്ട് ഗ്രീൻ കാർഡിന് അപേക്ഷിക്കാനാകില്ലെന്നും അതിനായി വിദേശികൾ സ്വന്തംരാജ്യത്തേക്ക് മടങ്ങിപ്പോകണമെന്നുമാണ് ട്രംപ് സർക്കാരിന്റെ പുതിയനയം. ഇതിന് പിന്നാലെയാണ് സാമൂഹികമാധ്യമമായ എക്‌സിലൂടെ ശ്രീധർ രംഗത്തെത്തിയത്.
അമേരിക്കയിൽ വിസയിലുള്ള ഇന്ത്യക്കാരോട് ഞാൻ വീണ്ടും അഭ്യർഥിക്കുകയാണ്. ദയവായി വീട്ടിലേക്ക് മടങ്ങിവരൂ. നിങ്ങൾക്ക് അത് ക്ലേശകരവും ത്യാഗമായും തോന്നാമെങ്കിലും ആത്മാഭിമാനം വേണം നിങ്ങൾക്ക് വഴികാണിക്കാൻ. ഭാരതത്തെ അഭിമാനഭരിതമാക്കാം, എന്നായിരുന്നു ശ്രീധറിന്റെ കുറിപ്പ്.
യുഎസിലെ പുതിയ നിയമപ്രകാരം, ഗ്രീൻ കാർഡിന് അപേക്ഷ സമർപ്പിക്കണമെങ്കിൽ ഭൂരിഭാഗം വിദേശപൗരന്മാർക്കും അവരുടെ മാതൃരാജ്യത്തേക്ക് മടങ്ങേണ്ടിവരും. അതായത് അമേരിക്കയിൽ തുടർന്നുകൊണ്ട് അപേക്ഷിക്കുക ഇനിമേൽ സാധ്യമല്ല. പകരം മാതൃരാജ്യത്തെത്തി എംബസിയോ കോൺസുലേറ്റോ മുഖാന്തരം അപേക്ഷ സമർപ്പിക്കണം.
യുഎസ് സിറ്റിസഷൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസ് (യുഎസ്സിഐഎസ്) ആണ് ഗ്രീൻ കാർഡ് അപേക്ഷയുമായി ബന്ധപ്പെട്ട പുതിയ നയം പുറത്തിറക്കിയിരിക്കുന്നത്. ഇതുവരെ സ്റ്റുഡന്റ്, വർക്ക്, ടൂറിസ്റ്റ് വിസകളിൽ അമേരിക്കയിൽ കഴിയുന്നവർക്ക് അവിടെ തുടർന്നുകൊണ്ടുതന്നെ ഗ്രീൻ കാർഡിന് അപേക്ഷിക്കാമായിരുന്നു. അഡ്ജസ്റ്റ്മെന്റ് ഓഫ് സ്റ്റാറ്റസ് (എഒഎസ്) എന്ന് അറിയപ്പെട്ടിരുന്ന ഈ രീതി നിരവധിയാളുകൾ പ്രയോജനപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ പുതിയ നയം നിലവിൽ വന്നതോടെ പരിമിതവും അപൂർവവുമായ സാഹചര്യങ്ങളിൽ മാത്രമേ എഒഎസിന് അനുവദിക്കുകയുള്ളൂ.
അനധികൃത കുടിയേറ്റത്തെ നിയന്ത്രിക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കങ്ങളുടെ ഭാഗമാണ് ഈ നയമാറ്റവും. അമേരിക്കയിൽ തുടർന്നുകൊണ്ടുതന്നെ ഗ്രീൻകാർഡിന് അപേക്ഷിക്കാമെന്ന പഴുതാണ് ഇതോടെ ഇല്ലാതാകുന്നത്. അതേസമയം, തീരുമാനമാകാതിരിക്കുന്ന ഗ്രീൻകാർഡ് അപേക്ഷകളെ പുതിയ നിയമം ബാധിക്കുമോ എന്ന കാര്യം വ്യക്തമല്ല.
Content Highlights: Trump administration mandates Green Card applicants return to home country, Adjustment of Status (AOS) process significantly restricted, Zoho founder Sridhar Vembu encourages Indian diaspora to return home, Shift aimed at curbing unauthorized immigration
Published: 23 May 2026, 03:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented