ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ്റെ രാജിയെത്തുടർന്ന് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) അംഗങ്ങൾ നടത്തിയ ആഘോഷ വീഡിയോകൾക്ക് പ്രതികരണവുമായി പ്രമുഖ സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്. "വിജയം എപ്പോഴും വിനയത്തോടെയാകണം" എന്ന് അദ്ദേഹം പ്രവർത്തകരെ ഓർമ്മിപ്പിച്ചു. പരീക്ഷാ ക്രമക്കേടുകൾക്കെതിരെ നടന്ന പ്രക്ഷോഭത്തിന്റെ മുൻനിരയിലുണ്ടായിരുന്ന വാങ്ചുക്കിന്റെ ഈ പരാമർശം സിജെപി നേതൃത്വത്തിനുള്ള പരോക്ഷമായ താക്കീതായാണ് വിലയിരുത്തപ്പെടുന്നത്.
വിജയങ്ങൾ ആഘോഷിക്കുമ്പോൾ അത് അന്തസ്സോടും മിതത്വത്തോടും ഉത്തരവാദിത്വത്തോടും കൂടി വേണം നിർവ്വഹിക്കാൻ എന്ന് വാങ്ചുക് പറഞ്ഞു. ജീവിതത്തിൽ വിജയം നേടുന്നതുപോലെ തന്നെ പ്രധാനമാണ് ആദരവും വിനയവും നിലനിർത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാസങ്ങൾ നീണ്ട സമരം അവസാനിപ്പിച്ചതിന് തൊട്ടുപിന്നാലെ സിജെപിയിലെ പ്രധാന അംഗങ്ങൾ നൃത്തം ചെയ്യുന്നതും ആഘോഷിക്കുന്നതുമായ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വാങ്ചുക് തന്റെ നിലപാട് വ്യക്തമാക്കിയത്.
ഡൽഹിയിലെ ജന്തർ മന്തറിൽ സിജെപിയുടെ നേതൃത്വത്തിൽ നടന്ന വിദ്യാർഥി പ്രക്ഷോഭത്തിൽ സോനം വാങ്ചുകും ഭാഗമായിരുന്നു. പരീക്ഷാ പേപ്പർ ചോർച്ചയെത്തുടർന്ന് ആത്മഹത്യ ചെയ്ത വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുമെന്നും സമരക്കാർക്കെതിരെ നിയമനടപടികൾ സ്വീകരിക്കില്ലെന്നുമുള്ള സർക്കാരിന്റെ ഉറപ്പിനെത്തുടർന്ന് ജൂലായ് 23-നാണ് അദ്ദേഹം തന്റെ 26 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ചത്.
സിജെപിയുടെ ആഘോഷ വീഡിയോകൾക്കെതിരെ ഓൺലൈൻ ഇടങ്ങളിൽ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. നീറ്റ്-യുജി പേപ്പർ ചോർച്ചയെത്തുടർന്ന് വിദ്യാർഥികൾ ആത്മഹത്യ ചെയ്ത സാഹചര്യം നിലനിൽക്കെ ഇത്തരം ആഘോഷങ്ങൾ അനാദരവാണെന്ന് വിമർശനം ഉയർന്നു. സാധാരണക്കാരായ പ്രക്ഷോഭകർ പല സംസ്ഥാനങ്ങളിലും ഇപ്പോഴും അറസ്റ്റ് നേരിടുമ്പോൾ നേതൃത്വം ആഡംബര ആഘോഷങ്ങളിൽ മുഴുകുന്നത് ശരിയല്ലെന്ന് പലരും അഭിപ്രായപ്പെട്ടു. പ്രമുഖ അഭിഭാഷകൻ മഹേഷ് ജഠ്മലാനി ഉൾപ്പെടെയുള്ളവർ ഈ ആഘോഷങ്ങൾ ഒരു പഞ്ചനക്ഷത്ര ഹോട്ടലിലായിരുന്നു എന്ന് ആരോപിച്ചതും വിവാദങ്ങൾക്ക് ആക്കം കൂട്ടി.
എന്നാൽ ഈ ആരോപണങ്ങളെ സിജെപി വക്താവ് സൗരവ് ദാസ് തള്ളിക്കളഞ്ഞു. ആഘോഷം നടന്നത് ഒരു പഞ്ചനക്ഷത്ര ഹോട്ടലിലല്ലെന്നും 37 ദിവസമായി തെരുവിൽ പ്രക്ഷോഭം നടത്തിയ നൂറിലധികം വോളന്റിയർമാരെ ആദരിക്കാൻ ഒരു ചെറിയ ഹോട്ടലിന്റെ ബേസ്‌മെന്റിലാണ് ഒത്തുചേർന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ തലമുറയുടെ ആത്മവിശ്വാസവും സർഗ്ഗാത്മകതയുമാണ് ഇത്തരം രീതികളിലൂടെ പ്രകടമാകുന്നതെന്നും മുതിർന്ന തലമുറയ്ക്ക് ഇത് മനസ്സിലാക്കാൻ പ്രയാസമായിരിക്കുമെന്നും അദ്ദേഹം പരിഹസിച്ചു.
Content Highlights: Activist Sonam Wangchuk calls for restraint after CJP members face backlash for victory celebrations following Dharmendra Pradhan's resignation.
Published: 28 Jul 2026, 02:35 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented