ന്യൂഡല്‍ഹി: രാജ്യത്തെ ബി.ബി.സി. ഓഫീസുകളില്‍ നടന്ന റെയ്ഡില്‍ ബി.ജെ.പിയേയും കേന്ദ്ര സര്‍ക്കാരിനേയും വിമര്‍ശിച്ച് ശശി തരൂര്‍ എം.പി. റെയ്ഡ് ദയനീയമായ സെല്‍ഫ് ഗോളാണെന്ന് ശശി തരൂര്‍ പ്രതികരിച്ചു. ബി.ബി.സി. ഡോക്യുമെന്ററിയോടുള്ള പരിതാപകരമായ പ്രതികാരമായേ ലോകം റെയ്ഡിനെ കാണൂവെന്നും ശശി തരൂര്‍ ട്വീറ്റ് ചെയ്തു.

To advertise here,

'ഒരു സ്ഥാപനവും നിയമത്തിന് അതീതമല്ല. എന്നാല്‍, 20 ആദായനികുതി ഉദ്യോഗസ്ഥരുമായി ബി.ബി.സിയുടെ ഡല്‍ഹി, മുംബൈ ഓഫീസുകളിലും സ്റ്റുഡിയോകളിലും നടന്ന റെയ്ഡ് ദയനീയമായ സെല്‍ഫ് ഗോളാണ്. ബി.ബി.സി. ഡോക്യുമെന്ററിയോടുള്ള പരിതാപകരമായ പ്രതികാരമായേ ലോകം മുഴുവന്‍ നോക്കിക്കാണുകയുള്ളൂ. മാധ്യമസ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്താനുള്ള ബി.ജെ.പി. സര്‍ക്കാരിന്റെ നീക്കങ്ങളുടെ സ്ഥിരീകരണമാണിത്', തരൂര്‍ ട്വീറ്റ് ചെയ്തു.

അന്താരാഷ്ട്ര നികുതികളിലും ബി.ബി.സിയുടെ ഉപകമ്പനികളുടെ ട്രാന്‍സ്ഫര്‍ വിലനിര്‍ണ്ണയത്തിലുമുള്ള ക്രമക്കേടുകള്‍ ആരോപിച്ചാണ് ആദായനികുതി റെയ്‌ഡെന്നാണ് റിപ്പോര്‍ട്ടുകള്‍. ബി.ബി.സി. ഓഫീസുകളില്‍ നടന്നത് റെയ്ഡല്ല, സര്‍വേയാണെന്നായിരുന്നു വിശദീകരണം. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രതിരോധത്തിലാക്കിയ ബി.ബി.സി. ഡോക്യുമെന്ററി പുറത്തുവന്നതിന്റെ വിവാദങ്ങള്‍ അവസാനിക്കുന്നതിന് മുമ്പേയാണ് റെയ്ഡ് നടന്നത്.

റെയ്ഡിനെ പ്രതിപക്ഷം വിമര്‍ശിച്ചപ്പോള്‍ ന്യായീകരിച്ച് ബി.ജെ.പി. രംഗത്തെത്തിയിരുന്നു. ലോകത്തിലെ ഏറ്റവും വലിയ അഴിമതി കോര്‍പ്പറേഷന്‍ എന്നായിരുന്നു ബി.ബി.സിയെ ബി.ജെ.പി. വക്താവ് ഗൗരവ് ഭാട്ടിയ പരിഹസിച്ചത്. ഇന്ത്യാവിരുദ്ധ പ്രൊപ്പഗണ്ടയാണ് ബി.ബി.സി. നടപ്പാക്കുന്നത്. തെറ്റുകളൊന്നും ചെയ്തിട്ടില്ലെങ്കില്‍ റെയ്ഡിനെ എന്തിനാണ് ഭയക്കുന്നതെന്നും അദ്ദേഹം ചോദിച്ചിരുന്നു.

വിനാശകാലേ വിപരീത ബുദ്ധിയെന്നായിരുന്നു കോണ്‍ഗ്രസ് വിമര്‍ശനം. അദാനി വിഷയത്തില്‍ തങ്ങള്‍ ജെ.പി.സി. അന്വേഷണം ആവശ്യപ്പെടുമ്പോള്‍ കേന്ദ്രം ബി.ബി.സിക്ക് പിന്നാലെയാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേഷ് പ്രതികരിച്ചിരുന്നു. സി.പി.ഐയും സി.പി.എമ്മും തൃണമൂല്‍ കോണ്‍ഗ്രസുമടക്കമുള്ള പാര്‍ട്ടികളും വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.