ന്യൂഡൽഹി: 2020ലെ ഡൽഹി കലാപക്കേസ് പ്രതി ഷർജീൽ ഇമാമിൻ്റെ ജാമ്യാപേക്ഷ ഡൽഹി പോലീസ് വ്യാഴാഴ്ച സുപ്രീം കോടതിയിൽ എതിർത്തു. ഷർജീലും കൂട്ടാളികളും ഭരണം അട്ടിമറിക്കാനാഗ്രഹിച്ചിരുന്നതായി പോലീസ് കോടതി മുമ്പാകെ പറഞ്ഞു. പോലീസിനുവേണ്ടി ഹാജരായ അഡിഷണൽ സോളിസിറ്റർ ജനറൽ (എഎസ്ജി) വി. രാജു, ഷർജീലിൻ്റെ പ്രസംഗത്തെ പരാമർശിക്കുകയും ഷർജീൽ മുസ്ലീങ്ങളെ പ്രകോപിപ്പിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നും വാദിച്ചു.

To advertise here,

ബുദ്ധിജീവികൾ ഭീകരവാദികളാകുമ്പോൾ സാധാരണ ഭീകരവാദികളേക്കാൾ അപകടകാരികളാകുമെന്ന് എഎസ്ജി പറഞ്ഞു. സർക്കാർ സഹായത്തോടെ ബിരുദങ്ങൾ നേടുകയും സർക്കാർ ഫണ്ട് ഉപയോഗിച്ച് ഡോക്ടർമാരാകുകയും പിന്നീട് അത് ഹീന പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുകയും ചെയ്യുന്ന ബുദ്ധിജീവികൾ കൂടുതൽ അപകടകാരികളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിചാരണക്കോടതിയിലെ നടപടികൾ വൈകാൻ കാരണം പ്രതികളാണെന്നും എഎസ്ജി പറഞ്ഞു. ഷർജീൽ ഇമാമിന്റെ പ്രസംഗങ്ങൾ എഎസ്ജി സുപ്രീം കോടതിയിൽ കേൾപ്പിക്കുകയും അവ പ്രകോപനപരമായിരുന്നുവെന്ന് പറയുകയും ചെയ്തു.

"ഈ ഗൂഢാലോചനയെ പ്രതിഷേധം എന്നല്ല, അക്രമാസക്തമായ പ്രതിഷേധം എന്നാണ് ഗൂഢാലോചനയുടെ മുഖ്യസൂത്രധാരനായ ഷർജീൽ വിളിക്കുന്നത്. അസമിനെ ഇന്ത്യയിൽനിന്ന് വേർപെടുത്തണമെന്ന് അയാൾ പറയുന്നു. അസമിനെ ഇന്ത്യയുമായി ബന്ധിപ്പിക്കുന്ന 16 കിലോമീറ്റർ ഭൂപ്രദേശമായ 'ചിക്കൻ നെക്കി'നെ അയാൾ പരാമർശിക്കുന്നു. കശ്മീരിനെക്കുറിച്ച് സംസാരിക്കുന്നു. മുസ്ലീങ്ങളെ പ്രകോപിപ്പിക്കാനാണ് അയാൾ ശ്രമിക്കുന്നത്. പിന്നീട് മുത്തലാഖിനെക്കുറിച്ച് സംസാരിക്കുകയും കോടതിയെ അപകീർത്തിപ്പെടുത്തുകയും ചെയ്യുന്നു. ബാബറി മസ്ജിദിനെക്കുറിച്ച് സംസാരിക്കുന്നു. ഇതെല്ലാം ഭരണവ്യവസ്ഥയിൽ മാറ്റം വരുത്തുന്നതാണ് ഇയാളുടെ അന്തിമ ലക്ഷ്യമെന്ന് വ്യക്തം. എഎസ്ജി വിശദീകരിച്ചു.

ബിഹാറിലെ ജഹനാബാദ് സ്വദേശിയായ ഷര്‍ജീല്‍ ഇമാം സ്‌കൂള്‍ വിദ്യാഭ്യാസകാലത്ത് പുസ്തകപുഴുവെന്നാണ് അധ്യാപകര്‍ക്കിടയില്‍ അറിയപ്പെട്ടിരുന്നത്. ബോംബെ ഐഐടിയില്‍ നിന്ന് എന്‍ജിനീയറിങ് ബിരുദവും ഡല്‍ഹി ജെഎന്‍യുവില്‍ നിന്ന് ബിരുദാനന്തരബിരുദവും നേടി. തുടര്‍ന്ന് ജെഎന്‍യുവില്‍ ഡോക്‌ററേറ്റ് ബിരുദപഠനം ആരംഭിക്കുകയും ചെയ്തിരുന്നു. ജെഎന്‍യുവിലെത്തുന്നതിന്‍ മുന്‍പ് കോപന്‍ഹേഗന്‍ ഐടി യൂണിവേഴ്‌സിറ്റിയില്‍ രണ്ടുമാസം പ്രോഗ്രാമറായി പ്രവര്‍ത്തിച്ച ഷര്‍ജീല്‍ ഐഐടി ബോംബെയില്‍ അധ്യാപകനുമായിരുന്നു. പ്രമുഖ മാധ്യമങ്ങള്‍ക്കുവേണ്ടി ലേഖനങ്ങള്‍ എഴുതുകയും ചെയ്തിരുന്നു.

53 പേർ മരിക്കുകയും 700 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത 2020-ലെ ഡൽഹി കലാപത്തിൻ്റെ മുഖ്യ സൂത്രധാരന്മാർ എന്ന് ആരോപിച്ച് ഷർജീൽ ഇമാം, ജെഎൻയു മുൻ വിദ്യാർഥി നേതാവ് ഉമർ ഖാലിദ്, ഗുൽഫിഷ ഫാത്തിമ, മീരാൻ ഹൈദർ എന്നിവർക്കെതിരെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമവും (യുഎപിഎ) ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകളും ചുമത്തിയിരുന്നു. പൗരത്വ (ഭേദഗതി) നിയമത്തിനും (സിഎഎ) ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരായ (എൻആർസി) പ്രതിഷേധങ്ങൾക്കിടെയാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്.

പൗരന്മാരുടെ പ്രകടനങ്ങളുടെയോ പ്രതിഷേധങ്ങളുടെയോ മറവിൽ നടക്കുന്ന ഗൂഢാലോചനാപരമായ അക്രമങ്ങൾ അനുവദിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി ഡൽഹി ഹൈക്കോടതി നേരത്തെ ഷർജീൽ ഇമാം, ഉമർ ഖാലിദ് എന്നിവരുൾപ്പെടെ ഒമ്പത് പേർക്ക് ജാമ്യം നിഷേധിച്ചിരുന്നു. ഹൈക്കോടതി ഉത്തരവിനെതിരെ പ്രവർത്തകർ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.