കൊല്‍ക്കത്ത: ആര്‍ജി കര്‍ ആശുപത്രിയിലെ സീനിയര്‍ ഡോക്ടര്‍മാരുടെ കൂട്ടരാജി തള്ളി പശ്ചിമബംഗാള്‍ സര്‍ക്കാര്‍. നിരാഹാരസമരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഡൂനിയര്‍ ഡോക്ടര്‍മാക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് സീനിയര്‍ ഡോക്ടര്‍മാരും അധ്യാപകരും കൂട്ടരാജിവെച്ചത്. നിയമസാധുതയില്ല എന്ന് കാണിച്ചാണ് സര്‍ക്കാര്‍ ഇവരുടെ കൂട്ടരാജി നിരസിച്ചത്. ഓഗസ്റ്റില്‍ വനിതാ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ചാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരം ചെയ്യുന്നത്. 

To advertise here,

നിലവില്‍, സംസ്ഥാന ആരോഗ്യവകുപ്പ് സെക്രട്ടറി രാജിവെക്കണം എന്നതടക്കം ആവശ്യപ്പെട്ട് സംസ്ഥാനത്തെ വിവധ സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ സമരത്തില്‍ പങ്കുചേരുന്നുണ്ട്. അതേസമയം, ഓരോരുത്തരും വ്യക്തിഗതമായി രാജിനല്‍കാത്ത സാഹചര്യത്തില്‍ 'കൂട്ടരാജി' എന്ന പേരില്‍ നല്‍കിയിട്ടുള്ള പേപ്പറുകള്‍ നിയമപരമായി സ്വീകരിക്കാനാവില്ലെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ മുഖ്യ ഉപദേഷ്ടാവ് ആലാപന്‍ ബന്ദ്യോപാധ്യായ പറഞ്ഞു. 

കൂട്ടരാജിയുടെ ഭാഗമായി എന്ന് പറഞ്ഞുള്ള നിരവധി കത്തുകളാണ് ഞങ്ങള്‍ക്ക് ലഭിച്ചിട്ടുള്ളത്. ചില കത്തുകളില്‍ വിഷയം എന്താണെന്ന് പറഞ്ഞിട്ടില്ല, ചിലതില്‍ നേരത്തത്തെ കത്തില്‍ പറഞ്ഞിട്ടുള്ളതുപോലെ എന്നാണ് പറയുന്നത്, ചിലതില്‍ രാജിവെച്ചവരുടെ മുഴുവന്‍ പേരോ ഡെസിഗ്നേഷനോ പോലുമില്ല. ഇത്തരം കത്തുകള്‍ക്ക് ഒരുവിധത്തിലുള്ള നിയമസാധുതയും ഇല്ല. അതുകൊണ്ടുതന്നെ ഇത്തരം കത്തുകള്‍ മുഖവിലയ്‌ക്കെടുക്കാന്‍ സര്‍ക്കാരിനാവില്ല, ബന്ദ്യോപാധ്യായ വ്യക്തമാക്കി. 

കൊല്ലപ്പെട്ട ഡോക്ടര്‍ക്ക് നീതി ലഭിക്കണം, ആശുപത്രിയിലെ അഴിമതിയും ഭീഷണിയും തുടരുന്ന സംഘത്തെ ഇല്ലായ്മ ചെയ്യണം, ക്യാമ്പസില്‍ ജനാധിപത്യ സംവിധാനങ്ങള്‍ പുനഃസ്ഥാപിക്കണം, ആശുപത്രിയില്‍ എത്തുന്ന രോഗി-ഡോക്ടര്‍ ബന്ധം കുറച്ചുകൂടി ഊഷ്മളമാക്കുന്ന അന്തരീക്ഷം ഒരുക്കണം എന്നിവയാണ് സമരം ചെയ്യുന്ന ഡോക്ടര്‍മാരുടെ ആവശ്യങ്ങള്‍. ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നും ആവശ്യമായ ഇടപെടലൊന്നും ഉണ്ടാകാത്ത സാഹചര്യത്തിലാണ് സീനിയര്‍ ഡോക്ടര്‍മാര്‍ വിഷയത്തില്‍ ഇടപെട്ടത്.