ന്യൂ ഡൽഹി: സുപ്രീം കോടതി ബാർ അസോസിയേഷൻ പ്രസിഡന്‍റായി മുതിര്‍ന്ന അഭിഭാഷകൻ കപിൽ സിബൽ തിരഞ്ഞെടുക്കപ്പെട്ടു. രണ്ട് പതിറ്റാണ്ടിന് ശേഷമാണ് കപിൽ സിബൽ  സുപ്രീം കോടതി ബാർ അസോസിയേഷൻ പ്രസിഡന്റ് ആയി വീണ്ടും തിരഞ്ഞെടുക്കപ്പെടുന്നത്. മുതിര്‍ന്ന അഭിഭാഷകൻ പ്രദീപ് റായ്, നിലവിലെ പ്രസിഡന്റ് അദീഷ് സി. അഗര്‍വാല തുടങ്ങിയവരെയാണ് സിബൽ പരാജയപ്പെടുത്തിയത്. 

To advertise here,

കപിൽ സിബലിന് 1066 വോട്ടുകളാണ് ലഭിച്ചത്. രണ്ടാമത് എത്തിയ പ്രദീപ് റായ്‌ക്ക് 689 വോട്ടുകൾ ലഭിച്ചു. നിലവിലെ പ്രസിഡന്‍റ് അദീഷ് സി. അഗര്‍വാലക്ക് 296 വോട്ടുകളാണ് ലഭിച്ചത്. പ്രസിഡന്റ് സ്ഥാനത്തേക്ക് മറ്റ് മൂന്ന് പേര്‍ കൂടി മത്സരിച്ചിരുന്നു. കോടതി മുറികളിലേക്ക് രാഷ്ട്രീയം കൊണ്ട് വരാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചാണ് സിബൽ സുപ്രീം കോടതി ബാർ അസോസിയേഷൻ തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. 

തിരഞ്ഞെടുപ്പ് ബോണ്ട് കേസില്‍ ഇടപെടല്‍ ആവശ്യപ്പെട്ട് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് അദീഷ് സി. അഗര്‍വാല എഴുതിയ കത്ത് വിവാദമായിരുന്നു. സുപ്രീം കോടതി ബാർ അസോസിയേഷൻ അധ്യക്ഷസ്ഥാനത്ത് ഇരുന്നുകൊണ്ട് ഇത്തരമൊരു കത്ത് എഴുതാൻ പാടില്ലായിരുന്നു എന്നായിരുന്നു ഒരു വലിയ വിഭാഗം അഭിഭാഷകരുടെ നിലപാട്. കേന്ദ്രസർക്കാരിനും ബി.ജെ.പിക്കും വേണ്ടിയാണ് അദീഷ് സി. അഗര്‍വാല കത്തെഴുതിയത് എന്ന ആരോപണവും ഉയർന്നിരുന്നു. 

അഭിഭാഷകനായി 50 വർഷത്തോളം പ്രാക്ടീസ് ചെയ്തിട്ടുള്ള കപിൽ സിബൽ ഇത് നാലാം തവണയാണ് സുപ്രീം കോടതി ബാർ അസോസിയേഷൻ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെടുന്നത്. 1995 -96, 1997 -98, 2001 -2002 കാലയളവിലാണ് സിബൽ ഇതിന് മുമ്പ് സുപ്രീം കോടതി ബാർ അസോസിയേഷൻ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടത്. യു.പി.എ. സർക്കാരിന്റെ കാലത്ത് രാജ്യത്തിന്റെ നിയമമന്ത്രി ആയിരുന്നു സിബൽ.