ന്യൂഡൽഹി: ഹൈക്കോടതികളുടെ അനുമതിയില്ലാതെ എംപിമാർക്കും, എംഎൽഎ മാർക്കും എതിരായ ക്രിമിനൽ കേസുകൾ പിൻവലിക്കരുതെന്ന് സുപ്രീം കോടതി നിർദേശിച്ചു. നിയമസഭാ കയ്യാങ്കളി കേസിലെ വിധിയുടെ അടിസ്ഥാനത്തിൽ ആണ് സുപ്രീം കോടതി പുതിയ ഉത്തരവിറക്കിയത്. ജനപ്രതിനിധികൾ ഉൾപ്പെട്ട ക്രിമിനൽ കേസ്സുകളിൽ വാദം കേൾക്കുന്ന ജഡ്ജിമാരെ ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ മാറ്റരുതെന്നും ചീഫ്  ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബെഞ്ച് നിർദേശചിച്ചു.

To advertise here,

എംപി മാരും എം എൽഎ മാരും പ്രതികളായ ക്രിമിനൽ കേസുകളുടെ വിചാരണ വേഗത്തിൽ ആക്കുന്നതുമായി ബന്ധപ്പെട്ട ഹർജിയിലെ അമിക്കസ് ക്യുറി വിജയ് ഹൻസാരിയയുടെ ശുപാർശ അംഗീകരിച്ച് കൊണ്ടാണ് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ജനപ്രതിനിധികൾ ഉൾപ്പെട്ട കേസുകൾ പൊതു താത്പര്യം കൂടി കണക്കിലെടുത്ത് മാത്രമേ പിൻവലിക്കാവു എന്ന നിയമസഭാ കയ്യാങ്കളി കേസിലെ സുപ്രീം കോടതി  ഉത്തരവിന്റെ നിർദേശങ്ങളും അമിക്കസ് ക്യുറി ബെഞ്ചിന്റെ ശ്രദ്ധയിൽപ്പെടുത്തി. 

കർണാടക, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, മഹാരാഷ്ട്ര സർക്കാരുകൾ ക്രിമിനൽ നടപടി ചട്ടം 321 പ്രകാരം കേസ്സുകൾ വ്യാപകമായി പിൻവലിക്കുന്നതായും അമിക്കസ് ക്യുറി കോടതിയെ അറിയിച്ചു. ഇതേതുടർന്ന് ആണ് ഹൈക്കോടതികളുടെ അനുമതി ഇല്ലാതെ ജനപ്രതിനിധികൾക്ക് എതിരായ ക്രിമിനൽ കേസുകൾ പിൻവലിക്കരുത് എന്ന് സുപ്രീം കോടതി നിർദേശിച്ചത്. മുസഫർനഗർ കലാപത്തിൽ എം എൽ എമാരായ സംഗീത് സോം, സുരേഷ് റാണ, കപിൽ ദേവ്, ബി ജെ പി നേതാവ് സാദ് വി  പ്രാചി  എന്നിവർക്ക് എതിരായ കേസുകളാണ് കഴിഞ്ഞ വർഷം ക്രിമിനൽ നടപടി ചട്ടത്തിലെ 321 വകുപ്പ് പ്രകാരം ഉത്തർപ്രദേശ് സർക്കാർ പിൻവലിച്ചത്. 

കോവിഡ് വ്യാപനം കാരണം കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ജനപ്രതിനിധികൾ പ്രതികളായ കേസുകളുടെ വിചാരണ മന്ദഗതിയിലാണ് പുരോഗമിക്കുന്നത് എന്നും കോടതി വ്യക്തമാക്കി. കേസുകൾ വാദം കേൾക്കുന്ന ജഡ്ജിമാർ വിരമിക്കുകയോ, മരിക്കുകയോ ചെയ്താൽ അല്ലാതെ കോടതി മാറ്റരുത് എന്നും സുപ്രീം കോടതി നിർദേശിച്ചു.