ന്യൂഡല്‍ഹി: യെമെനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിനായി നടക്കുന്ന ചര്‍ച്ചകള്‍ക്കായി നയതന്ത്ര-മധ്യസ്ഥ സംഘത്തെ നിയോഗിക്കണമെന്ന് സേവ് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍. ഈ ആവശ്യം ഇന്ന് (വെള്ളിയാഴ്ച) സുപ്രീം കോടതിയില്‍ ഉന്നയിക്കാന്‍ കൗണ്‍സില്‍ തീരുമാനിച്ചു. ആറംഗ നയതന്ത്ര-മധ്യസ്ഥ സംഘത്തെ നിയോഗിക്കണമെന്നാണ് കൗണ്‍സിലിന്റെ ആവശ്യം.
കൊല്ലപ്പെട്ട യെമെന്‍ പൗരന് തലാലിന്റെ കുടുംബവുമായി ചര്‍ച്ച നടത്തുന്നതിനാണ് നയതന്ത്ര-മധ്യസ്ഥ സംഘത്തെ നിയോഗിക്കണമെന്ന് ആവശ്യപ്പെടുന്നത്. സംഘത്തിലെ രണ്ടുപേര്‍ ആക്ഷന്‍ കൗണ്‍സില്‍ പ്രതിനിധികളും രണ്ടുപേര്‍ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ല്യാരുടെ സംഘത്തില്‍പെട്ടവരും ആയിരിക്കണമെന്നാണ് സമിതിയുടെ ആവശ്യം. കേസ് പരിഗണിക്കുമ്പോള്‍ തലാലിന്റെ കുടുംബത്തെ കണ്ട് മാപ്പപേക്ഷിക്കുന്നതിനും ദിയാധന ചര്‍ച്ചകള്‍ നടത്തുന്നതിനുമാണ് സംഘത്തെ രൂപീകരിക്കണമെന്ന് ആവശ്യപ്പെടുന്നത്.
ആക്ഷന്‍ കൗണ്‍സില്‍ പ്രതിനിധികളായി അഭിഭാഷകന് സുഭാഷ് ചന്ദ്രന് കെ.ആര്., ട്രഷറര്‍ കുഞ്ഞമ്മദ് കൂരാച്ചുണ്ട് എന്നിവരെ സംഘത്തില്‍ ഉള്‍പെടുത്തണമെന്നാണ് കൗണ്‍സില്‍ ആവശ്യപ്പെടുന്നത്. മര്‍കസ് പ്രതിനിധികളായി ഡോ. ഹുസൈന് സഖാഫി, ഹാമിദ് എന്നിവരെയാണ് കൗണ്‍സില്‍ നിര്‍ദേശിക്കുന്നത്. ഇതിന് പുറമെ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിക്കുന്ന രണ്ട് ഉദ്യോഗസ്ഥരും സംഘത്തില്‍ ഉണ്ടാകണമെന്ന് ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെടുന്നുണ്ട്. സേവ് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സിലിന് വേണ്ടി ഹാജരാകുന്ന സീനിയര്‍ അഭിഭാഷകന് രാകേന്ദ് ബസന്ത്, അഭിഭാഷകന് സുഭാഷ് ചന്ദ്രന് കെ.ആര്. എന്നിവര്‍ ഇന്ന് സുപ്രീം കോടതിയില്‍ ഈ ആവശ്യം ഉന്നയിക്കുമെന്നാണ് സൂചന.
അതേസമയം നിമിഷപ്രിയയുടെ മോചനത്തിനായി നടക്കുന്ന ചര്‍ച്ചകളുടെ പുരോഗതി കേന്ദ്ര സര്‍ക്കാര്‍ ഇന്ന് സുപ്രീം കോടതിയെ ധരിപ്പിക്കും. കേന്ദ്ര സര്‍ക്കാരിന് വേണ്ടി അറ്റോര്‍ണി ജനറല്‍ ആര്. വെങ്കിട്ടരമണിയാണ് സുപ്രീം കോടതിയെ ചര്‍ച്ചകളുടെ പുരോഗതി അറിയിക്കുക. വിദേശകാര്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഇന്നലെ അറ്റോര്‍ണി ജനറലുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ചില സുഹൃത്രാജ്യങ്ങളുടെയും യെമെനിലെ പ്രാദേശിക അധികൃതരില്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്ന പ്രമുഖനായ ഒരു ഷേഖിന്റെയും സഹായത്തോടെയാണ് കേന്ദ്ര സര്‍ക്കാര്‍ മോചന ചര്‍ച്ചകള്‍ നടത്തുന്നത്.
നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കണം എന്ന കടുത്ത നിലപാടിലാണ് കൊല്ലപ്പെട്ട തലാലിന്റെ സഹോദരന് അബ്ദു ഫത്താഹ് മഹ്ദി. നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ല്യാര്‍ നടത്തിയ ഇടപെലുകളെ കുറിച്ച് അറിയില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയ വക്താവ് ഇന്നലെ വ്യക്തമാക്കിയിരുന്നു.
Content Highlights: save nimishapriya action council demands diplomatic mediation team for discussions
Published: 18 Jul 2025, 07:48 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented