ന്യൂഡൽഹി: ആലപ്പുഴ കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട്  യുക്തിവാദി നേതാവും 'റാഷണലിസ്റ്റ് ഇന്റര്‍നാഷണല്‍' സ്ഥാപകനുമായ സനല്‍ ഇടമറുക് നൽകിയ ഹർജി സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ ജെ.കെ. മഹേശ്വരി, അരവിന്ദ് കുമാർ എന്നിവർ അടങ്ങിയ സുപ്രീം കോടതി ബെഞ്ചാണ് ഹർജി തള്ളിയത്. ഇതേ വഞ്ചനാകേസിൽ ഫിൻലാൻഡിലെ ഹെൽസിങ്കി ജില്ലാ കോടതി തന്നെ ശിക്ഷിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സനൽ ഇടമറുക് സുപ്രീം കോടതിയെ സമീപിച്ചത്.

To advertise here,

ഒരേ കുറ്റത്തിന് രണ്ട് കോടതികളിൽ വിചാരണ നേരിടേണ്ടതില്ലെന്ന വാദമാണ് സനൽ ഇടമറുകിന് വേണ്ടി ഹാജരായ അഭിഭാഷകർ കോടതിയിൽ ഉന്നയിച്ചത്. എന്നാൽ ഈ വാദം അംഗീകരിക്കാൻ സുപ്രീം കോടതി തയ്യാറായില്ല. ഹെൽസിങ്കി ജില്ലാ കോടതിയുടെ വിധിക്കെതിരേ സനൽ അപ്പീൽ നൽകിയിട്ടുണ്ടെന്നും അതിനാൽ അവിടുത്തെ കോടതി നടപടികൾ കഴിഞ്ഞിട്ടില്ലന്നും കേസിലെ എതിർ കക്ഷിയായ പ്രമീളാ ദേവിയുടെ അഭിഭാഷകർ സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടി. സനൽ ഇടമറുകിന് വേണ്ടി സീനിയർ അഭിഭാഷക ശോഭ ഗുപ്ത, അഭിഭാഷകൻ പ്രശാന്ത് പദ്മനാഭൻ എന്നിവർ ഹാജരായി. പ്രമീള ദേവിക്ക് വേണ്ടി അഭിഭാഷകൻ മുകുന്ദ് പി. ഉണ്ണി ഹാജരായി. 

ആലപ്പുഴ സ്വദേശിനിയായ പ്രമീളാ ദേവി നൽകിയ വിസാ തട്ടിപ്പ് പരാതിയിലാണ് സനൽ ഇടമറുകിനെതിരേ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഈ കേസ് നിലവിൽ ആലപ്പുഴ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടെ പരിഗണനയിലാണ്. എന്നാൽ ഇതേ കേസിൽ ഹെൽസിങ്കി ജില്ലാ കോടതി ഫെബ്രുവരി 25-ന് പുറപ്പെടുവിച്ച ഉത്തരവിൽ സനൽ ഇടമറുക് കുറ്റകാരനാണെന്ന് വിധിച്ചിരുന്നു. സനലിന് ഹെൽസിങ്കി കോടതി ശിക്ഷയും വിധിച്ചിരുന്നു.

ഫിന്‍ലന്‍ഡില്‍ സ്ഥിരതാമസക്കാരനായ സനല്‍ ഇടമറുകിനെ പോളണ്ടിലെ വാര്‍സോ മോഡ്‌ലിന്‍ വിമാനത്താവളത്തില്‍വെച്ച് മാര്‍ച്ച് 28-ാം തീയതി പോളണ്ട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇന്റർപോൾ പുറപ്പടിവിച്ച റെഡ് കോർണർ നോട്ടീസിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു നോട്ടീസ്. ആലപ്പുഴയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ഇന്റർപോളിന്റെ റെഡ് കോർണർ നോട്ടീസ് എന്നും അതിനാൽ പോളണ്ടിൽനിന്ന് സനൽ ഇടമറുകിനെ ഇന്ത്യയിലേക്ക് മടക്കി കൊണ്ട് വരുന്ന നടപടികൾ ഉടൻ ആരംഭിക്കുമെന്നും പ്രമീള ദേവിയുടെ അഭിഭാഷകർ അറിയിച്ചു.