ന്യൂഡൽഹി: രാഷ്ട്രീയമായി ഏറെ പ്രാധാന്യമുള്ള ശബരിമല യുവതി പ്രവേശന വിഷയത്തിൽ സുപ്രീം കോടതിയിൽ 'മൗനം' പാലിക്കാനായിരുന്നു സംസ്ഥാന സർക്കാരിന്റെ തീരുമാനം. എന്നാൽ നോഡൽ ഓഫീസർ നിയമനവുമായി ബന്ധപ്പെട്ട് നടന്ന വാദത്തിനിടെ ചരിത്രം ഓർമ്മിച്ച സീനിയർ അഭിഭാഷകന്റെ നടപടി സർക്കാരിനെ അമ്പരിപ്പിച്ചു. അതേസമയം ആറ് വർഷങ്ങൾക്ക് മുമ്പ് എഴുതി തയ്യാറാക്കി കൊണ്ടുവന്ന നിലപാട് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഇന്ന് കോടതിയിൽ വ്യക്തമാക്കി.

To advertise here,

നോഡൽ ഓഫീസർ നിയമനവുമായി ബന്ധപ്പെട്ട വാദത്തിനിടെ നിഷ്പക്ഷത ഉറപ്പിക്കാനായി സീനിയർ അഭിഭാഷകൻ പറഞ്ഞ കാര്യങ്ങളാണ് കേരളത്തിന്റെ ഗെയിം പ്ലാനിന് വിരുദ്ധമായത്. ഒമ്പത് അംഗ ഭരണഘടനാ ബെഞ്ചിന് മുമ്പാകെയുള്ള നടപടികൾ സുഗമമായി കൊണ്ടുപോകുന്നതിന് രണ്ട് അഭിഭാഷകരെ നോഡൽ ഓഫീസർമാരെ നിയമിക്കാൻ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നിർദേശിച്ചു. ഇരുവിഭാഗങ്ങളിൽ നിന്ന് ഓരോ പേരുകൾ മുന്നോട്ട് വയ്ക്കാനാണ് ചീഫ് ജസ്റ്റിസ് നിർദേശിച്ചത്. ഇതേ തുടർന്ന് സീനിയർ അഭിഭാഷകരിൽ ഒരാൾ സംസ്ഥാന സർക്കാരിന്റെ സ്റ്റാന്റിങ് കോൺസൽ നിഷേ രാജൻ ഷൊങ്കറിന്റെ പേര് നിർദേശിച്ചു.

തുടർന്നാണ് സർക്കാരിന്റെ സീനിയർ അഭിഭാഷകൻ ജയ്ദീപ് ഗുപ്ത കേരളം ഇത് വരെ യുവതി പ്രവേശന വിധിക്ക് എതിരായ പുനഃപരിശോധന ഹർജിയെ എതിർത്തിരുന്നുവെന്ന് കോടതിയിൽ വ്യക്തമാക്കിയത്. നിലപാട് മാറാൻ സാധ്യത ഉള്ളതിനാൽ നിഷേ രാജൻ ഷൊങ്കറിനെ പുനഃപരിശോധനയെ എതിർക്കുന്നവരുടെ നോഡൽ ഓഫീസർ ആക്കരുത് എന്നായിരുന്നു ജയ്ദീപ് ഗുപ്ത സുപ്രീം കോടതിയിൽ പറഞ്ഞത്. നിലപാട് മാറ്റത്തിന് ജയ്ദീപ് ഗുപ്ത മുൻ ചരിത്രം ഓർമിപ്പിക്കേണ്ടത് ഇല്ലായിരുന്നുവെന്നാണ് സർക്കാരിലെ ഉന്നതർ പറയുന്നത്.

2020 ൽ പറയാൻ ബാക്കിവച്ചത് കോടതിയെ അറിയിച്ച് തുഷാർ മേത്ത

ആറ് വർഷങ്ങൾക്ക് മുമ്പ് കോടതിയിൽ പറയാൻ വന്ന കാര്യം ഇന്ന് കോടതിയെ അറിയിച്ച് സോളിസിറ്റർ ജനറൽ തുഷാർ മേത്ത. 2020 ഫെബ്രുവരിയിൽ ആണ് ശബരിമല യുവതീ പ്രവേശന വിധിക്ക് എതിരായ പുനഃപരിശോധന ഹർജികൾ സുപ്രീം കോടതിയുടെ ഒമ്പതംഗ ഭരണഘടന ബെഞ്ച് വാദം കേൾക്കലിന് എടുത്തത്. പുനഃപരിശോധന ഹർജികൾ നിയമപരമായി നിലനിൽക്കില്ലെന്ന് അന്ന് സീനിയർ അഭിഭാഷകരിൽ ചിലർ കോടതിയിൽ വാദിച്ചു. എന്നാൽ കോടതി വാദം കേൾക്കലിലേക്ക് കടന്നു. കേന്ദ്ര സർക്കാരിന് വേണ്ടി തുഷാർ മേത്ത കോടതിയിൽ വാദം തുടങ്ങി.

ഇതിനിടെ ബെഞ്ചിലെ അംഗമായ ജസ്റ്റിസ് ഭാനുമതിക്ക് പനി മൂർച്ഛിച്ചു. കേസ് പരിഗണിക്കുന്നത് കോടതി തൊട്ടടുത്ത ദിവസത്തേക്ക് മാറ്റി. ഇതിനിടയിൽ കോവിഡ് നിയന്ത്രണങ്ങൾ എത്തി. വാദം കേൾക്കൽ പിന്നീട് നടന്നില്ല. 2020 ഫെബ്രുവരി 17 ന് സുപ്രീം കോടതിയിൽ വാദത്തിന് എത്തിയ തുഷാർ മേത്തയുടെ കൈയിൽ ശബരിമലയിലെ യുവതീ പ്രവേശനത്തെ എതിർക്കുന്ന കുറിപ്പുകൾ ഉണ്ടായിരുന്നു. എന്നാൽ വാദം അപൂർവ്വമായതിനെ തുടർന്ന് അന്ന് തുഷാർ മേത്തയ്ക്ക് അക്കാര്യം സുപ്രീം കോടതിയെ അറിയിക്കാൻ ആയില്ല.

ആറ് വർഷങ്ങൾക്ക് ഇപ്പുറം മറ്റൊരു ഫെബ്രുവരിയിൽ ശബരിമല യുവതീ പ്രവേശനത്തെ സംബന്ധിച്ച നിലപാട് കേന്ദ്ര സർക്കാർ നിലപാട് തുഷാർ മേത്ത സുപ്രീം കോടതിയിൽ ഇന്ന് വ്യക്തമാക്കി. അതും കേസിന്റെ വാദം മെറിറ്റിലേക്ക് കടക്കുന്നതിനു മുമ്പ് തന്നെ. ശബരിമല യുവതി പ്രവേശനം അനുവദിക്കുന്ന വിധി പുനഃപരിശോധിക്കണം എന്നാണ് നിലപാട് നിലപാടാണ് തുഷാർ മേത്ത കോടതിയെ അറിയിച്ചത്.

കണ്ഠരര് രാജീവരരുടെ ആവശ്യം തള്ളി

ശബരിമല യുവതീ പ്രവേശന വിഷയത്തിൽ വാദം എഴുതി നൽകാൻ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് കക്ഷികൾക്ക് അനുവദിച്ചിരിക്കുന്ന സമയം മാർച്ച് 14 ആണ്. എന്നാൽ ഇത് നീട്ടണമെന്ന് സീനിയർ അഭിഭാഷകൻ വി ഗിരി കോടതിയിൽ ആവശ്യപ്പെട്ടു. തന്ത്രി കണ്ഠരര് രാജീവരര്, ആചാര സംരക്ഷണ സമിതി എന്നിവർക്ക് വേണ്ടിയാണ് സീനിയർ അഭിഭാഷകൻ വി ഗിരി ഹാജരാകുന്നത്. എന്നാൽ ഈ ആവശ്യം അംഗീകരിക്കാൻ സുപ്രീം കോടതി തയ്യാറായില്ല. കേസിൽ ഏപ്രിൽ ഏഴിന് വാദം കേൾക്കൽ ആരംഭിച്ച് 22 ന് പൂർത്തിയാക്കാൻ ആണ് ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ തീരുമാനം.