മുംബൈ: ഡൽഹിയിലെ സിജെപി പ്രതിഷേധത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് മുംബൈയിൽ നടന്ന പ്രതിഷേധങ്ങളിലെ ഏറ്റവും ശ്രദ്ധേയമായ ചിത്രങ്ങളിലൊന്നായി മാറിയിരിക്കുകയാണ് മഴയത്ത് പോലീസ് വാൻ തടയുന്ന ഒരു യുവതിയുടേത്. പരീക്ഷാ ക്രമക്കേടുകളെത്തുടർന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് നടന്ന പ്രതിഷേധങ്ങൾക്കിടയിൽ കസ്റ്റഡിയിലെടുത്ത സമരക്കാരുമായി പോയ പോലീസ് വാനാണ് യുവതി തടഞ്ഞത്.

To advertise here,

കഴിഞ്ഞ ബുധനാഴ്ച ദാദറിലെ ശിവാജി പാർക്കിന് സമീപം നടന്ന വിദ്യാർത്ഥി പ്രതിഷേധത്തിനിടെയാണ് യുവതി അറസ്റ്റിലായവരുമായി പോയ പോലീസ് വാൻ തടഞ്ഞുനിർത്തിയത്. നടിയും മോഡലും സംരംഭകയുമായ റിയ യാദവ് എന്ന യുവതിയാണ് ഈ ഒരൊറ്റ പ്രവർത്തിയിലൂടെ പ്രതിഷേധക്കാരുടെ പ്രിയപ്പെട്ടവളായി മാറിയത്. ഹുഡിയും തൊപ്പിയും ധരിച്ച് മഴയത്ത് വാൻ തടഞ്ഞുനിൽക്കുന്ന റിയയുടെ വീഡിയോ ഇതിനകം വൈറലായിക്കഴിഞ്ഞു.

മഴയെ അവഗണിച്ച് നടുറോഡിലിറങ്ങി പോലീസ് വാഹനത്തിന് മുന്നിൽക്കയറി നിന്ന് തടയുന്ന റിയയെയാണ് വീഡിയോയിൽ കാണാനാവുക. വാഹനത്തിൽ കൈയുംകുത്തി നിന്ന് റിയ 'ആസാദി' മുദ്രാവാക്യം കൂടി മുഴക്കിയതോടെ അവിടെ നിന്നവർ ആവേശത്തോടെ മുദ്രാവാക്യം ഏറ്റുവിളിക്കുകയും അവളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

താനൊരു വിദ്യാർത്ഥിയല്ലെങ്കിലും നിലവിലെ പോരാട്ടത്തിൽ അവർക്കൊപ്പം നിൽക്കാനാണ് ആഗ്രഹിക്കുന്നത് എന്ന് റിയ വ്യക്തമാക്കുന്നു. 'പോലീസ് അവരുടെ ജോലി ഉത്തരവാദിത്വത്തോടെയല്ല ചെയ്യുന്നത്. അവർ ഉത്തരവാദിത്വം കാണിക്കുന്നില്ലെങ്കിൽ നമ്മുടെ പൗരന്മാർക്ക് വേണ്ടി ആ ഉത്തരവാദിത്വം ഞങ്ങൾ ഏറ്റെടുക്കും.' റിയ പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. 

റിയയുടെ ഈ ധീരമായ നടപടി വാനിൽ പോലീസ് കസ്റ്റഡിയിലുണ്ടായിരുന്ന സമരക്കാരെ മോചിപ്പിക്കാൻ സഹായിച്ചുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 'ഡൽഹി പോലീസ് വിദ്യാർത്ഥികളോട് ചെയ്തത് തെറ്റാണ്' പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ഡൽഹിയിൽ പാർലമെന്റിലേക്ക് മാർച്ച് നടത്തിയ കോക്രോച്ച് ജനതാ പാർട്ടി (CJP) പ്രവർത്തകർക്കെതിരെ പോലീസ് കണ്ണീർവാതകവും ലാത്തിയും പ്രയോഗിച്ചതിനെ പരാമർശിച്ച് അവർ പറഞ്ഞു.

സമൂഹമാധ്യമങ്ങളിൽ റിയയ്ക്ക് വലിയ കൈയടിയാണ് ലഭിക്കുന്നത്. പലരും അവളെ തങ്ങളുടെ 'ഹീറോ' എന്ന് വിശേഷിപ്പിച്ചു. ഇൻസ്റ്റാഗ്രാമിൽ ഏകദേശം ഒരു ലക്ഷത്തോളം ഫോളോവേഴ്‌സുള്ള റിയ ചില സംഗീത വീഡിയോകളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 'ദിൽബര' എന്ന സംഗീത വീഡിയോയിലാണ് അവർ അവസാനമായി അഭിനയിച്ചത്. 'റിയാസത്ത്' (Rhiyasat) എന്ന ഒരു ബ്രാൻഡും അവർക്ക് സ്വന്തമായുണ്ട്.

അതേസമയം, മുംബൈയിലെ പ്രതിഷേധക്കാരെ പിന്തുണച്ച് കൂടുതൽ സെലബ്രിറ്റികൾ രംഗത്ത് വന്നിട്ടുണ്ട്. 'മുംബൈയിലെ യുവാക്കൾ ഇന്ന് ഹൃദയത്തിൽ രോഷവും എന്നാൽ ഓരോ ചലനത്തിലും സമാധാനവും കരുതിയാണ് എത്തിയത്. അവർ കൈയേറ്റം ചെയ്യപ്പെട്ടു, തടങ്കലിലാക്കപ്പെട്ടു, എങ്കിലും തങ്ങളുടെ അവകാശത്തിന് വേണ്ടി അവർ അന്തസ്സോടും ഉശിരോടുംകൂടി പ്രതിഷേധിച്ചു.' മുംബൈ ആസ്ഥാനമായുള്ള കൊമേഡിയൻ രോഹൻ ജോഷി ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

ഡൽഹിയിൽ കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ നടക്കുന്ന വിദ്യാർത്ഥി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് മുംബൈയിൽ പ്രതിഷേധം നടക്കുന്നത്. പരീക്ഷാ ക്രമക്കേടുകളിലും ഡൽഹിയിലെ പ്രതിഷേധക്കാർക്ക് നേരെയുണ്ടായ പോലീസ് നടപടിയിലും പ്രതിഷേധിച്ച് രാഷ്ട്രീയ പാർട്ടികളും പ്രവർത്തകരും വിദ്യാർത്ഥികളും തുടർച്ചയായ മൂന്നാം ദിവസവും ബുധനാഴ്ച മുംബൈയിൽ സമരങ്ങൾ നടത്തി.

ശിവാജി പാർക്ക്, ചൈത്യഭൂമി, ചെമ്പൂർ, ശിവസേന ഭവൻ എന്നിവിടങ്ങളിലാണ് പ്രതിഷേധം നടന്നത്. പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് ജൂലൈ 18-നും 22-നും ഇടയിൽ മുംബൈ പോലീസ് 13 എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തു. നിയമവിരുദ്ധമായി സംഘം ചേരുക, നിരോധനാജ്ഞ ലംഘിക്കുക തുടങ്ങിയ കുറ്റങ്ങൾ ചുമത്തി 400 പേർക്കെതിരെ കേസ് എടുത്തിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.