മുംബൈ: ഡൽഹിയിലെ സി.ജെ.പി. പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുംബൈയിൽ നടന്ന പ്രതിഷേധത്തിൽ പോലീസ് വാൻ തടഞ്ഞ റിയ ആഹിർ എന്ന ഇരുപത്തിയേഴുകാരിയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിലെ ഹീറോ. ബുധനാഴ്ച ദാദറിലെ ശിവജി പാർക്കിന് സമീപത്തുനിന്ന് കസ്റ്റഡിയിലെടുത്ത വിദ്യാർഥികളുമായി പോയ പോലീസ് വാൻ ഒറ്റയ്ക്ക് തടഞ്ഞുനിർത്തി പ്രതിഷേധിച്ച റിയയുടെ വീഡിയോ വൈറലായതോടെ ഈ ധൈര്യശാലിയെ നിരവധി പേരാണ് സാമൂഹിക മാധ്യമങ്ങളിൽ പരതിയത്.

To advertise here,

ഹുഡിയും തൊപ്പിയും ധരിച്ച് മഴയത്ത് വാൻ തടഞ്ഞുനിൽക്കുന്ന റിയയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വലിയതോതിൽ പ്രചരിച്ചിരുന്നു. മഴയെ അവഗണിച്ച് നടുറോഡിലിറങ്ങി പോലീസ് വാഹനത്തിന് മുന്നിൽക്കയറിനിന്ന് തടയുന്ന റിയയെയാണ് കണ്ടത്. എൻജിൻ ഇരപ്പിച്ച് പോലീസ് ഭയപ്പെടുത്താൻ നോക്കിയിട്ടും റിയ പിന്മാറാൻ തയ്യാറായിരുന്നില്ല. വാഹനത്തിൽ കൈയുംകുത്തിനിന്ന് റിയ ആസാദി മുദ്രാവാക്യം മുഴക്കിയതോടെ അവിടെനിന്നവർ ആവേശത്തോടെ മുദ്രാവാക്യം ഏറ്റുവിളിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

പോലീസ് വാനിൽ വിദ്യാർഥികളെ കുത്തിനിറച്ച് കൊണ്ടുപോകുന്നത് കണ്ടപ്പോൾ ഒരു പൗരയെന്ന നിലയിൽ സ്വയം തോന്നിയാണ് വാനിനു മുന്നിൽ കയറിനിന്നതെന്ന് റിയ പിന്നീട് പ്രതികരിച്ചു. വണ്ടിയിൽ വിദ്യാർഥികളെ കുത്തിനിറച്ചത് പുറത്തുനിന്ന് കാണാമായിരുന്നു. അവർ അലറി വിളിക്കുകയായിരുന്നു. പോലീസുകാർവരെ പടികളിൽ തൂങ്ങിക്കിടക്കുകയായിരുന്നു. അറസ്റ്റ് മെമോ ഉണ്ടോ എന്ന് ചോദിച്ചു. മറുപടിയില്ലാതായതോടെ വിദ്യാർഥികളെ കൊണ്ടുപോകാൻ അനുവദിക്കില്ലെന്ന് റിയ ശാഠ്യംപിടിച്ചു.

സ്വയം ബോധത്തിലാണ് അത് ചെയ്തതെന്നും പ്രതിഷേധിക്കാനുള്ള അവകാശം വിനിയോഗിക്കുകയായിരുന്നുവെന്നും അവർ പറഞ്ഞു. അവരെ കൊണ്ടുപോകാൻ അനുവദിച്ചാൽ ബോധമുള്ള ഒരു പൗരൻ എന്ന നിലയിൽ തന്റെ ഉത്തരവാദിത്വം നിർവഹിക്കുന്നതിൽ പരാജയപ്പെടും. അതിനാലാണ് അങ്ങനെ ചെയ്തതെന്നും റിയ പറയുന്നു. ധർമേന്ദ്ര പ്രധാൻ തെറ്റ് ഏറ്റുപറഞ്ഞ് സ്ഥാനമൊഴിയണമെന്നും റിയ ആവശ്യപ്പെട്ടു.

ആരാണ് റിയ?

മോഡലിങ്, അഭിനയം, സംരംഭകത്വം എന്നീ മേഖലകളിൽ സജീവമാണ് റിയ. ഇൻഡോ-തിബറ്റൻ ബോർഡർ പോലീസിൽ (ഐ.ടി.ബി.പി.) സേവനമനുഷ്ഠിച്ച വ്യക്തിയാണ് റിയയുടെ പിതാവ്. കുടുംബത്തിൽ മറ്റു ചിലരും സായുധസേനാ വിഭാഗത്തിൽ സേവനമനുഷ്ഠിക്കുന്നുമുണ്ട്. ഈ പശ്ചാത്തലമാകാം തനിക്ക് അനീതിക്കെതിരേ ഭയമില്ലാതെ നിലകൊള്ളാനുള്ള ധൈര്യം നൽകിയതെന്ന് റിയ പറയുന്നു. മകളുടെ ധീരമായ ഇടപെടലിന് കുടുംബം പൂർണ പിന്തുണ നൽകിയിട്ടുണ്ട്.

കഴിഞ്ഞ 13 വർഷമായി ഹിന്ദി നാടകരംഗത്ത് സജീവമായ റിയ നിരവധി മ്യൂസിക് വീഡിയോകളിലും അഭിനയിച്ചിട്ടുണ്ട്. പ്രാദേശിക കരകൗശല വിദഗ്ധരേയും നെയ്ത്തുകാരേയും പിന്തുണയ്ക്കുന്നതിനായി 'റിയാസത്ത്' എന്ന സ്വന്തം വസ്ത്ര ബ്രാൻഡും നടത്തുന്നു. നിലവിൽ മുംബൈ യൂണിവേഴ്‌സിറ്റിയിൽ വിദൂരവിദ്യാഭ്യാസംവഴി ബി.എ. ഇംഗ്ലീഷ് പഠിക്കുകയാണ് റിയ.