
കൊല്‍ക്കത്ത: സുരക്ഷിതവും സമാധാനപൂര്‍ണവുമായ പഠന-ജോലി സൗകര്യങ്ങള്‍ ഒരുക്കിത്തരണം എന്നാവശ്യപ്പെട്ട് കൊല്‍ക്കത്തയിലെ ആര്‍ജി കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി സീനിയര്‍ ഡോക്ടര്‍മാരും രംഗത്തെത്തി. അഞ്ചുദിവസമായി നിരാഹാര സമരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ആശുപത്രിയിലെ 50 സീനിയര്‍ ഡോക്ടര്‍മാര്‍ ആശുപത്രി അധികൃതര്‍ക്ക് രാജിക്കത്ത് നല്‍കി. ശനിയാഴ്ചയാണ് ഡോക്ടര്‍മാര്‍ രാജി സമര്‍പ്പിച്ചത്.
ഓഗസ്റ്റില്‍ വനിതാ ഡോക്ടര്‍ ക്രൂരമായി ബലാത്സംഗംചെയ്യപ്പെട്ട് കൊല്ലപ്പെട്ട ആര്‍ജി കര്‍ മെഡിക്കല്‍ കോളേജില്‍ പിന്നീട് സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാവുകയായിരുന്നു. കൊല്ലപ്പെട്ട ഡോക്ടര്‍ക്ക് നീതി ലഭിക്കണം, ആശുപത്രിയിലെ അഴിമതിയും ഭീഷണിയും തുടരുന്ന സംഘത്തെ ഇല്ലായ്മ ചെയ്യണം, ക്യാമ്പസില്‍ ജനാധിപത്യ സംവിധാനങ്ങള്‍ പുനഃസ്ഥാപിക്കണം, ആശുപത്രിയില്‍ എത്തുന്ന രോഗി-ഡോക്ടര്‍ ബന്ധം കുറച്ചുകൂടി ഊഷ്മളമാക്കുന്ന അന്തരീക്ഷം ഒരുക്കണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരം ചെയ്യുന്നത്.
ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നും ആവശ്യമായ ഇടപെടലൊന്നും ഉണ്ടാകാത്ത സാഹചര്യത്തിലാണ് ഇത്തരത്തിലൊരു തീരുമാനത്തിന് മുതിര്‍ന്നതെന്ന് സീനിയര്‍ ഡോക്ടര്‍മാര്‍ പറയുന്നു. രാജിക്ക് പിന്നാലെ 15 സീനിയര്‍ ഡോക്ടര്‍മാര്‍ ചൊവ്വാഴ്ച രാവിലെ സമരപ്പന്തലിലെത്തി നിരാഹാരത്തില്‍ പങ്കുചേര്‍ന്നു. നവരാത്രി ആഘോഷങ്ങളോട് അനുബന്ധിച്ച് കൊല്‍ക്കത്തില്‍ ദുര്‍ഗാ പൂജ നടക്കുന്ന സമയത്ത് ഡോക്ടര്‍മാര്‍ നിരാഹാരസമരം നടത്തുന്നതിനെ സംബന്ധിച്ച് സമ്മിശ്രപ്രതികരണമാണ് ഉണ്ടായിരിക്കുന്നത്.
Content Highlights: rg kar senior doctors mass resignation supporting junior doctors hunger strike
Published: 08 Oct 2024, 05:16 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented