ന്യൂഡല്‍ഹി: ഡല്‍ഹിയിലുണ്ടായ സ്‌ഫോടനത്തില്‍ ഉത്തരവാദികളായവരെ ഏത് പാതാളത്തില്‍ ഒളിച്ചാലും കണ്ടെത്തുമെന്നും സാധ്യമായ ഏറ്റവും കര്‍ശനമായ ശിക്ഷ നല്‍കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തിങ്കളാഴ്ച നോര്‍ത്തേണ്‍ സോണല്‍ കൗണ്‍സിലിന്റെ (NZC) 32-ാമത് യോഗത്തില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹം വിഷയത്തില്‍ രൂക്ഷമായ പ്രതികരണം നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഭീകരവാദത്തെ വേരോടെ പിഴുതെറിയാന്‍ പൂര്‍ണ്ണമായും പ്രതിജ്ഞാബദ്ധമാണെന്നും ഷാ വ്യക്തമാക്കി.

To advertise here,

അന്വേഷണ സംഘം ഒരു സ്ഥലവും വിട്ടുപോകാതെ പരിശോധിക്കുമെന്ന് ഷാ ഉറപ്പുനല്‍കി. ചെങ്കോട്ടയിലെ കാര്‍ സ്‌ഫോടനത്തിലും ജമ്മു കശ്മീരിലെ നൗഗാം പോലീസ് സ്റ്റേഷനിലുണ്ടായ സ്‌ഫോടനത്തിലും ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചും രണ്ട് മിനിറ്റ് മൗനം ആചരിച്ചുമാണ് യോഗം ആരംഭിച്ചത്.

'ശക്തമായ സംസ്ഥാനങ്ങള്‍ ശക്തമായ ഒരു രാഷ്ട്രം കെട്ടിപ്പടുക്കുന്നു' എന്ന മോദിയുടെ വിശ്വാസം ഷാ തന്റെ പ്രസംഗത്തില്‍ എടുത്തുപറഞ്ഞു. സംസ്ഥാനങ്ങള്‍ക്കിടയില്‍ സഹകരണവും ആശയവിനിമയവും നയപരമായ ഏകോപനവും മെച്ചപ്പെടുത്തുന്നതിലൂടെ ഈ ആശയം യാഥാര്‍ത്ഥ്യമാക്കാന്‍ സോണല്‍ കൗണ്‍സിലുകള്‍ സഹായിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ കൗണ്‍സിലുകളിലൂടെ കാലങ്ങളായി നിലനിന്നിരുന്ന പല പ്രശ്‌നങ്ങളും പരിഹരിക്കപ്പെട്ടുവെങ്കിലും വെല്ലുവിളികള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങളില്‍ നീതി നടപ്പാക്കുന്നതിലെ കാലതാമസം, പോഷകാഹാരക്കുറവ്, വളര്‍ച്ചാ മുരടിപ്പ് തുടങ്ങിയ പ്രശ്‌നങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു.

ലൈംഗികാതിക്രമങ്ങളിലും പോക്‌സോ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസുകളിലും അന്വേഷണം വേഗത്തിലാക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ ഷാ, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങള്‍ ഒരു പരിഷ്‌കൃത സമൂഹത്തിനും അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞു. അവരുടെ സുരക്ഷ സര്‍ക്കാരിന്റെ ഏറ്റവും വലിയ മുന്‍ഗണനയായി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ പ്രതിബദ്ധത ശക്തിപ്പെടുത്തുന്നതിനായി, അതിജീവിതയ്ക്ക് കാലതാമസമില്ലാതെ നീതി ലഭിക്കുന്നതിന് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതികളുടെ എണ്ണം വര്‍ദ്ധിപ്പിക്കണമെന്നും ഷാ ആവശ്യപ്പെട്ടു.

വടക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുമുള്ള ഉന്നത നേതാക്കളും ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. ഹരിയാണ, ഹിമാചല്‍ പ്രദേശ്, പഞ്ചാബ്, രാജസ്ഥാന്‍, ഡല്‍ഹി, ജമ്മു കശ്മീര്‍, ലഡാക്ക്, ചണ്ഡീഗഡ് എന്നിവയാണ് നോര്‍ത്തേണ്‍ സോണല്‍ കൗണ്‍സിലില്‍ ഉള്‍പ്പെടുന്നവ. മുഖ്യമന്ത്രിമാരായ നയാബ് സിംഗ് സൈനി (ഹരിയാണ), സുഖ്വീന്ദര്‍ സിങ് സുഖു (ഹിമാചല്‍ പ്രദേശ്), ഭഗവന്ത് മന്‍ (പഞ്ചാബ്), ഭജന്‍ ലാല്‍ ശര്‍മ്മ (രാജസ്ഥാന്‍), രേഖ ഗുപ്ത (ഡല്‍ഹി), ഒമര്‍ അബ്ദുള്ള (ജമ്മു കശ്മീര്‍) എന്നിവര്‍ പങ്കെടുത്തു.

ലഫ്റ്റനന്റ് ഗവര്‍ണര്‍മാരായ മനോജ് സിന്‍ഹ (ജമ്മു കശ്മീര്‍), വി.കെ. സക്‌സേന (ഡല്‍ഹി), ചണ്ഡീഗഡ് അഡ്മിനിസ്‌ട്രേറ്റര്‍ കൂടിയായ പഞ്ചാബ് ഗവര്‍ണര്‍ ഗുലാബ് ചന്ദ് കതാരിയ എന്നിവരും സന്നിഹിതരായിരുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളില്‍ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുമുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരും ചര്‍ച്ചകളില്‍ പങ്കെടുത്തു.