മുംബൈ: വായ്പത്തുക തിരിച്ചുപിടിക്കുമ്പോൾ ഉപഭോക്താക്കളോട് സ്ഥാപനങ്ങളുടെ പെരുമാറ്റം മാന്യമായിരിക്കണമെന്ന് റിസർവ് ബാങ്ക്. ഇതിനായി വായ്പാ സ്ഥാപനങ്ങൾക്കുള്ള പെരുമാറ്റച്ചട്ടം കർക്കശമാക്കി. വായ്പാകുടിശ്ശികയുടെ പേരിൽ മൊബൈൽ ഫോണുകൾ, ലാപ് ടോപ്പുകൾ, ടാബ്‌ലറ്റ് എന്നിവയുടെ പ്രവർത്തനം സാങ്കേതികവിദ്യ ഉപയോഗിച്ച് നിയന്ത്രിക്കാൻ പാടില്ല. സ്ഥാപനത്തിന്റെ വായ്പയിൽ വാങ്ങിയ ഉപകരണങ്ങളാണെങ്കിൽ നിയന്ത്രണങ്ങളാകാമെങ്കിലും കൃത്യമായ മാർഗനിർദേശങ്ങൾ മുന്നോട്ടുവെച്ചിട്ടുണ്ട്.

To advertise here,

മൊബൈൽ ഫോൺ, ലാപ്ടോപ്പ്‌, ടാബ്‌ലറ്റ് പോലുള്ള ഉപകരണങ്ങൾ വാങ്ങിയ വായ്പകൾ തിരിച്ചുപിടിക്കുമ്പോൾ വായ്പക്കരാറിൽ പറഞ്ഞിട്ടുള്ള കാലയളവനുസരിച്ചേ നടപടികളെടുക്കാവൂ. ഇക്കാര്യം ഉപഭോക്താക്കളെ മുൻകൂറായി അറിയിക്കണം. ഉപകരണത്തിൽ ഘട്ടംഘട്ടമായേ നിയന്ത്രണം ഏർപ്പെടുത്താവൂ. ഇത്തരം വായ്പകൾ കുടിശ്ശികയായി 30 ദിവസം കഴിഞ്ഞേ നടപടി പാടുള്ളൂ. കുടിശ്ശിക തിരിച്ചടയ്ക്കാൻ നോട്ടീസ് നൽകി സമയം അനുവദിച്ചശേഷമേ ഇതു തുടങ്ങാവൂ.

ഈ കാലാവധി കഴിഞ്ഞാൽ ഘട്ടംഘട്ടമായി നിയന്ത്രണം കൊണ്ടുവരാം. എന്നാൽ, ഇൻകമിങ് കോളുകൾ, എസ്.എം.എസ്., എമർജൻസി കോളുകൾ എന്നിവയ്ക്കു വിലക്കു പാടില്ല. തിരിച്ചടവ് 60 ദിവസത്തിനപ്പുറം മുടങ്ങിയാൽ വായ്പക്കരാറിൽ പറയുന്ന പ്രകാരം ഉപകരണത്തിന്റെ പ്രവർത്തനം തടയാം. എങ്കിലും കോളുകൾ തടയരുത്. തെറ്റായി ഉപകരണത്തിന് നിയന്ത്രണം ഏർപ്പെടുത്തുകയോ കുടിശ്ശിക തീർത്തശഷം പുനഃസ്ഥാപിക്കാൻ വൈകുകയോ ചെയ്താൽ മണിക്കൂറിന് 250 രൂപ വീതം ഉപഭോക്താവിന് സ്ഥാപനം നഷ്ടപരിഹാരം നൽകണം. അതേസമയം, വായ്പത്തുകയ്ക്ക് ആനുപാതികമായി പിഴയ്ക്ക് പരിധി നിശ്ചയിച്ചിട്ടുണ്ട്.

ഫോൺവിളിക്ക് സമയമുണ്ട്

വായ്പ തിരിച്ചുപിടിക്കുന്നതിനായി ഉപഭോക്താക്കളെ അല്ലെങ്കിൽ ജാമ്യക്കാരനെ വിളിക്കുന്നതും അവരുടെ വീടു സന്ദർശിക്കുന്നതും രാവിലെ എട്ടു മുതൽ വൈകീട്ട് ഏഴു വരെയായി നിജപ്പെടുത്തി. കുടുംബചടങ്ങുകൾ, അടിയന്തര രോഗാവസ്ഥ തുടങ്ങിയ പ്രത്യേക സമയങ്ങളിൽ വായ്പ തിരിച്ചുപിടിക്കുന്നതിന്റെ പേരിൽ ഉപഭോക്താക്കളെ ബന്ധപ്പെടാൻ പാടില്ല. 2027 ജനുവരി ഒന്നുമുതൽ ഇതു പ്രാബല്യത്തിലാകുമെന്നും ആർ.ബി.ഐ. വ്യക്തമാക്കി. വാണിജ്യ ബാങ്കുകൾ, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള വായ്പാ സ്ഥാപനങ്ങൾക്ക് നിർദേശം ബാധകമായിരിക്കും.

വായ്പ തിരിച്ചുപിടിക്കുന്നതിന് ഉപഭോക്താക്കളെ വിളിച്ചാൽ ഉള്ളടക്കം റെക്കോഡുചെയ്ത് സൂക്ഷിക്കണം. കോളുകളുടെ സമയവും നമ്പറുകളും കൃത്യമായി രേഖപ്പെടുത്തുകയും വേണം. ജീവനക്കാരും റിക്കവറി ഏജന്റുമാരും വായ്പ തിരിച്ചുപിടിക്കുന്നതിനായി മോശം ഭാഷ ഉപയോഗിക്കരുത്. സ്ഥാപനങ്ങൾ ഇക്കാര്യം ഉറപ്പാക്കണം. സാമൂഹികമാധ്യമങ്ങളിൽ വായ്പയെടുത്തവരുടെ അല്ലെങ്കിൽ ജാമ്യക്കാരുടെ വീഡിയോദൃശ്യങ്ങളോ ശബ്ദ റെക്കോഡിങ്ങുകളോ മറ്റു വ്യക്തിവിവരങ്ങളോ പ്രദർശിപ്പിച്ച് ഭീഷണിപ്പെടുത്താൻ പാടില്ല. വ്യക്തിവിവരങ്ങൾ ഒരു കാരണവശാലും ദുരുപയോഗം ചെയ്യാനിടയാകരുത്. ജീവനക്കാരോ റിക്കവറി ഏജന്റുമാരോ ഉപഭോക്താക്കളുടെ വിവരങ്ങൾ ദുരുപയോഗം ചെയ്താൽ പിഴയീടാക്കാൻ നടപടിയെടുക്കണം. വായ്പ തിരിച്ചുപിടിക്കൽ, കുടിശ്ശിക വീണ്ടെടുക്കൽ നടപടികൾക്കായി ബാങ്ക് കൃത്യമായ നയം നടപ്പാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.