മൂന്നാർ(ഇടുക്കി): 1997 ഏപ്രിലിലായിരുന്നു അത്. അന്ന് മൂന്നാറിന് ആഘോഷമായിരുന്നു. ചിത്രങ്ങളിലും ടി.വി.യിലുമൊക്കെ മാത്രം കണ്ടുപരിചയിച്ച രത്തൻ ടാറ്റ മൂന്നാറിലേക്ക് വന്നു. കോട്ടും സ്യൂട്ടുമിട്ടെത്തുന്ന തൊഴിലുടമയെ കാണാൻ കാത്തുനിന്ന തൊഴിലാളികൾക്ക് ഇടയിലേക്ക് ഒരു നീല സ്വെറ്ററും പാന്റ്സുമിട്ട് സാധാരണക്കാരനെപ്പോലെ അദ്ദേഹം ഇറങ്ങിവന്നു. അവരിലൊരാളായി.
അതായിരുന്നു രത്തൻ ടാറ്റ. തന്റെ സ്ഥാപനത്തിൽ ജോലിചെയ്യുന്ന ഓരോ തൊഴിലാളികളേയും കരുതലോടെ ചേർത്തുപിടിച്ച തൊഴിൽ ഉടമ.
കൊച്ചിയിൽനിന്ന് റോഡുമാർഗം കാറിലാണ് അദ്ദേഹം ആദ്യമായി മൂന്നാറിൽ വന്നത്. ജനങ്ങൾ ആഘോഷപൂർവം സ്വീകരിച്ചു. ദേവികുളം റോഡിലെ ടാറ്റയുടെ ഉടമസ്ഥതയിലുള്ള ലാഡ്ബ്രൂക്ക് ബംഗ്ലാവിലായിരുന്നു താമസം. രണ്ടുദിവസത്തെ സന്ദർശനത്തിനിടയിൽ നല്ലതണ്ണിയിലുള്ള ഐ.ടി.ഡി.ഫാക്ടറി, തൊഴിലാളി ലയങ്ങൾ, ഭിന്നശേഷിക്കാർക്കായുള്ള ഡെയർ സ്കൂൾ എന്നിവ സന്ദർശിച്ചു.
തൊഴിലാളികളോട് നേരിട്ട് സംസാരിച്ചു. ലയങ്ങൾ സന്ദർശിച്ച് കുശലാന്വേഷണം നടത്തി. മൂന്നാറിനോടുള്ള കരുതലുംസ്നേഹവും എന്നും അദ്ദേഹം ഹൃദയത്തിൽ സൂക്ഷിച്ചു. തോട്ടംമേഖലയിലെ ജനങ്ങൾ അദ്ദേഹത്തെ ദൈവതുല്യനായി കണ്ടു.
പിന്നീട് കെ.ഡി.എച്ച്.പി. കമ്പനി രൂപവത്കരണത്തിനുശേഷം 2009-ൽ അദ്ദേഹം വീണ്ടും മൂന്നാറിലെത്തി. 12 വർഷത്തിനുശേഷം ആയിരുന്നു രണ്ടാംസന്ദർശനം. അന്ന് കൊച്ചിയിൽ വിമാനമിറങ്ങി ഹെലിക്കോപ്‌റ്ററിൽ മൂന്നാറിൽ വന്നു. അദ്ദേഹത്തെ കാണുന്നതിനായി ആയിരക്കണക്കിന് ആളുകളാണ് മൂന്നാറിൽ കൂടിയത്. ടാറ്റയുടെ ഉടമസ്ഥതയിലുള്ള മാട്ടുപ്പട്ടി ഹൈറേഞ്ച് സ്കൂളിന്റെ രജതജൂബിലി ആഘോഷങ്ങളിൽ പങ്കെടുത്തു. പിന്നീട് ഹൈറേഞ്ച് ആശുപത്രിയും ഡെയർസ്കൂളും സന്ദർശിച്ചു. മൂന്ന് ദിവസത്തിനുശേഷമാണ് മടങ്ങിയത്.
അനുഗ്രഹിച്ചതിന്റെ ഓർമയിൽ ഭാനുമതി
രത്തൻ ടാറ്റ മൂന്നാറിൽ എത്തിയ രണ്ടുപ്രാവശ്യവും അദ്ദേഹത്തെ ബൊക്ക നൽകി സ്വീകരിച്ചത് ഭാനുമതിയാണ്. സൃഷ്ടി വെൽഫെയർ സെന്ററിലെ ആരണ്യ ഡൈയിങ് യൂണിറ്റിൽ 30 വർഷമായി തുണികൾക്ക് പ്രകൃതിദത്ത നിറം നൽകുന്ന ജോലിചെയ്യുന്ന ഭാനുമതി ആനിമിഷങ്ങൾ ഇപ്പോഴും ഓർക്കുന്നു.
‘ഇത്ര വലിയൊരാളെ നേരിട്ട് കാണാനാകുമെന്ന് സ്വപ്നത്തിൽപോലും വിചാരിച്ചിരുന്നില്ല. എന്നാൽ അദ്ദേഹം ഞങ്ങളോട് ഒരു സാധാരണക്കാരനെപ്പോലെ സംസാരിച്ചു. വിശേഷങ്ങൾ ചോദിച്ചു. കാല് തൊട്ടുതൊഴുത എന്നെ തലയിൽ കൈവച്ച് അനുഗ്രഹിച്ചു. എല്ലാം ഒരു സ്വപ്നംപോലെ തോന്നി. അദ്ദേഹം അസുഖബാധിതനാണെന്ന് അറിഞ്ഞിരുന്നു. മരണവാർത്ത വളരെ വേദനയോടെയാണ് കേട്ടത്. അടുത്തബന്ധത്തിലുള്ള ഒരാൾ നഷ്ടപ്പെട്ടതുപോലെ തോന്നി’- ഭാനുമതി പറഞ്ഞു.
Content Highlights: Ratan Tata, Munnar Visist, Tea Plantation
Published: 11 Oct 2024, 07:34 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented