രിക്കല്‍ സാമൂഹ്യമാധ്യമങ്ങളില്‍ ഒരു കാമ്പയിന്‍ നടന്നു. ഭാരത്​രത്‌ന നല്‍കുന്നതിന് രത്തന്‍ ടാറ്റയെ സര്‍ക്കാര്‍ പരിഗണിക്കണം എന്നതായിരുന്നു ആവശ്യം. ഇത് ശക്തമായതോടെ രത്തന്‍ ടാറ്റ തന്നെ വിശദീകരണവുമായി രംഗത്ത് വന്നു. 'ദയവ് ചെയ്ത് പ്രചരണം അവസാനിപ്പിക്കണം. ഇന്ത്യന്‍ പൗരനായത് ഭാഗ്യമായി ഞാൻ കരുതുന്നു. രാജ്യത്തിന്റെ വളര്‍ച്ചയ്ക്കും ഉന്നമനത്തിനും എന്നാൽ കഴിയുന്നത് ചെയ്യാനാണ് ശ്രമം. അത്രമാത്രം'-രത്തന്റെ ഒറ്റക്കുറിപ്പിൽ അവസാനിച്ചു, സോഷ്യൽ മീഡിയയിലെ പടപ്പുറപ്പാട്. ഈ സംഭവത്തിലുണ്ട് രത്തൻ ടാറ്റയെന്ന മഹാമനുഷ്യന്റെ മുഖമുദ്ര. എന്തുകൊണ്ട് രത്തൻ മറ്റുള്ള വ്യവസായികളിൽ നിന്നും ബിസിനസ് ഭീമന്മാരിൽ നിന്നും വേറിട്ടുനിൽക്കുന്നുവെന്നും ഈയൊരൊറ്റ കുറിപ്പ് തെളിയിക്കുന്നു.

To advertise here,

സമ്പത്തിന്റെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴും രത്തന്‍ ടാറ്റ ആഡംബരങ്ങളിലും അംഗീകാരങ്ങളിലും അഭിരമിച്ചിരുന്നില്ല. ടാറ്റാ ട്രസ്റ്റിലൂടെ സമ്പത്തിന്റെ പകുതിയിലേറെ അദ്ദേഹം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവച്ചു. രാജ്യത്തെ ഏറ്റവും പ്രിയങ്കരനായ വ്യവസായിയായി രത്തന്‍ ടാറ്റ മാറി. അതുകൊണ്ടുതന്നെയാണ് രത്തന്‍ ടാറ്റ എന്ന വ്യക്തി ഒരു സവിശേഷ വികാരമായി ജനകോടികളുടെ മനസ്സിൽ കുടിയേറി ദശാബ്ദങ്ങളോളം നിലനിന്നത്. രാജ്യം ഒന്നടങ്കം ഒരേ വികാരത്തോടെ ആ വിയോഗത്തിൽ നൊന്ത് കണ്ണീർവാർത്തത്.

തന്റെ സമ്പത്തിന്റെ 65 ശതമാനവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കാണ് അദ്ദേഹം മാറ്റിവെച്ചത്. മനുഷ്യത്വവും ബിസിനസും ഒരേയളവിൽ വിളിക്കച്ചേർത്ത് പുതിയ ലോകത്തിന് മുന്നിൽ ഒരു വേറിട്ട മാതൃക വച്ചുനീട്ടുകയായിരുന്നു രത്തൻ ടാറ്റ. ഇക്കാര്യത്തിൽ നിസീമമാണ് രാജ്യത്തിന് അദ്ദേഹത്തോടുള്ള കടപ്പാട്. ആരോഗ്യം, വിദ്യാഭ്യാസം, കുടിവെള്ളം തുടങ്ങിയ മേഖലകളിലെ ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തിലാണ് രത്തന്‍ ടാറ്റ താങ്ങും തണലും വെളിച്ചവുമായത്. രാജ്യത്തെ വ്യത്യസ്ത തട്ടുകളിലുള്ള ജനവിഭാഗങ്ങളുടെ ജീവിതത്തില്‍ ഇദ്ദേഹം ചെലുത്തിയ സ്വാധീനം വിവരണാതീതമാണ്.

സാധാരണക്കാരായ ജനങ്ങൾക്കായി ആരോഗ്യരംഗത്തും ആശ്വാസത്തിന്റെ കുടനിവർത്തിയ പാരമ്പര്യമാണ് രത്തൻ  ടാറ്റയുടെ നേതൃത്വത്തിലുള്ള ടാറ്റ ഗ്രൂപ്പിന്റേത്. 1941-ൽ തന്നെ മുംബൈയിലെ ടാറ്റ മെമ്മോറിയല്‍ ആശുപത്രിയിലൂടെ ചികിത്സാരംഗത്ത് ചുവടുവെച്ചിരുന്നു ടാറ്റ ഗ്രൂപ്പ്. കാൻസർ ചികിത്സയുടെയും ഗവേഷണത്തിന്റെയും കാര്യത്തിൽ ഈ സ്ഥാപനം നൽകുന്ന സംഭാവനകൾ ഇന്ന്  ചെറുതല്ല. 1962-ല്‍ ആ ആശുപത്രി സർക്കാരിന് കൈമാറിയെങ്കിലും ടാറ്റ മറ്റ് പ്രദേശങ്ങളിലേയ്ക്കും സമാനമായ പ്രവർത്തനങ്ങൾ വ്യാപിപ്പിച്ചു. വടക്ക്-കിഴക്കന്‍ മേഖലകളിലെ ഉയര്‍ന്ന അര്‍ബുദനിരക്കും ആവിടങ്ങളിലെ ചികിത്സാസൗകര്യങ്ങളുടെ അപര്യാപ്തതയും പരിഹരിക്കുന്നതിന് ടാറ്റ മെമ്മോറിയില്‍ ആശുപത്രി നല്‍കിയ സംഭാവനകള്‍ വളരെ വലുതാണ്. ഇന്ത്യയിലെ കാന്‍സര്‍ പരിചരണത്തെ അടിമുടി മാറ്റിമറിക്കുക എന്ന കാഴ്ചപ്പാടോടെ, ട്രസ്റ്റുകള്‍ കാന്‍സര്‍ കെയര്‍ പ്രോഗ്രാമുകൾ എന്നിവ ആരംഭിച്ചു. രോഗികള്‍ക്ക് അവരുടെ വീടുകള്‍ക്ക് അടുത്തുള്ള, താങ്ങാനാവുന്നതും ഉയര്‍ന്ന നിലവാരമുള്ളതുമായ പരിചരണം ഉറപ്പാക്കുക എന്നതായിരുന്നു പദ്ധതിയുടെ പ്രാഥമിക ലക്ഷ്യം. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ചികിത്സ ഉറപ്പാക്കാന്‍ ഈ പദ്ധതി വലിയ പങ്കുവഹിച്ചു.

വിദ്യാഭ്യാസരംഗത്തും ടാറ്റ ഗ്രൂപ്പ് നല്‍കിയ സംഭാവകള്‍ വിസ്മരിക്കാവുന്നതല്ല. പുണെയിലെ ടാറ്റ മാനേജ്മെന്റ് ട്രെയിനിങ് സെന്റര്‍ ഇന്ന് രാജ്യത്തെ പ്രമുഖ മാനേജ്മെന്റ് പരിശീലന കേന്ദ്രങ്ങളിൽ ഒന്നാണ്. ഉന്നത വിദ്യാഭ്യാസരംഗത്തെ ടാറ്റയുടെ മറ്റു സംഭാവനകളാണ് ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, മുംബൈയിലെ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ്, ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ റിസര്‍ച്ച് എന്നീ സ്ഥാപനങ്ങൾ.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് വര്‍ഷാവര്‍ഷം രത്തന്‍ ടാറ്റ പംഖ് സ്‌കോളര്‍ഷിപ്പ് നല്‍കി വരുന്നുണ്ട്. സാധാരണക്കാർക്കായി അദ്ദേഹം കൊണ്ടുവന്ന 'സ്വച്ഛ്' വാട്ടര്‍ പ്യൂരിഫയറിന് തന്നെ ഗ്രാമീണ ജനതയെ സംബന്ധിച്ചിടത്തോളം ജീവന്റെ വിലയാണ്. സുനാമിക്കുശേഷം പാവപ്പെട്ടവർക്ക് കുറഞ്ഞ ചെലവിൽ കുടിവെള്ള ഫിൽറ്ററുകൾ നൽകുന്ന പദ്ധതിയായിരുന്നു ഇത്.

2012-ല്‍ ടാറ്റ സണ്‍സിന്റെ ചെയര്‍മാന്‍ സ്ഥാനമൊഴിഞ്ഞശേഷം അദ്ദേഹം വ്യക്തിപരമായി യുവസംരംഭകര്‍ക്ക് പിന്തുണയേകി സ്റ്റാര്‍ട്ടപ്പുകളിലും മറ്റും വലിയ നിക്ഷേപം നടത്തി. ഇത് ഒട്ടേറെ ചെറുപ്പക്കാരുടെ സ്വപ്‌നങ്ങള്‍ക്കാണ് ചിറകു നല്‍കിയത്. 

കടുത്ത മൃഗസ്‌നേഹിയായിരുന്നു രത്തന്‍ ടാറ്റ. പ്രത്യേകിച്ച് നായകളുടെ. മുംബൈയിലെ താമസ്ഥലമായ മഹാലക്ഷ്മിയില്‍ 2.2 ഏക്കറില്‍ 165 കോടി മുടക്കി വളര്‍ത്തുമൃഗങ്ങളുടെ ചികിത്സയ്ക്കായി ലോകോത്തര നിലവാരമുള്ള ആശുപത്രി അദ്ദേഹത്തിന്റെ സ്വപ്‌നപദ്ധതിയായിരുന്നു. 200 വളര്‍ത്തുമൃഗങ്ങളെ പരിചരിക്കാനുള്ള സൗകര്യം ഇവിടെയുണ്ട്. ബ്രിട്ടീഷുകാരനായ തോമസ് ഹീത്കോട്ടാണ് ഡോക്ടര്‍മാരുടെ സംഘത്തെ നയിക്കുന്നത്.

നവല്‍ ടാറ്റയുടെയും സൂനൂ ടാറ്റയുടെയും മകനായി 1937 ഡിസംബര്‍ 28-നാണ് രത്തന്റെ ജനനം. മുംബൈയിലെ കാംപിയന്‍, കത്തീഡ്രല്‍ ആന്‍ഡ് ജോണ്‍ കോനന്‍ സ്‌കൂളുകളില്‍ പഠനം. ന്യൂയോര്‍ക്കിലെ ഇത്താക്കയിലുള്ള കോര്‍ണല്‍ സര്‍വകലാശാലയില്‍നിന്ന് ബിരുദം. ഇന്ത്യയില്‍ മടങ്ങിയെത്തി 1962-ല്‍ ടാറ്റ മോട്ടോഴ്സിന്റെ പഴയരൂപമായ ടെല്‍കോയില്‍ ട്രെയിനിയായി. 1991-ല്‍ ജെ.ആര്‍.ഡി. ടാറ്റയില്‍നിന്ന് ടാറ്റ ഗ്രൂപ്പിന്റെ ചെയര്‍മാന്‍സ്ഥാനം ഏറ്റെടുത്തു. 2012 വരെ 21 വര്‍ഷം ഈ സ്ഥാനത്ത് തുടര്‍ന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ കമ്പനിയുടെ വരുമാനം 5.7 ബില്ല്യണ്‍ ഡോളറില്‍ നിന്ന് 100 ബില്ല്യണ്‍ ഡോളറിലേക്കാണ് വര്‍ദ്ധിച്ചത്.  2016-ല്‍ ടാറ്റ ഗ്രൂപ്പിന്റെ ചെയര്‍മാന്‍സ്ഥാനത്തുനിന്ന് സൈറസ് മിസ്ത്രിയെ പുറത്താക്കിയതിനെത്തുടര്‍ന്ന് ഇടക്കാല ചെയര്‍മാനായി വീണ്ടുമെത്തി. 2017-ല്‍ എന്‍. ചന്ദ്രശേഖരനെ ചെയര്‍മാനാക്കുന്നതുവരെ ആ സ്ഥാനത്തുതുടര്‍ന്നു. 

വിദേശകമ്പനികള്‍ ഏറ്റെടുത്ത് ടാറ്റയെ ആഗോളതലത്തില്‍ വളര്‍ത്തുന്നതില്‍ രത്തന്‍ ടാറ്റയുടെ പങ്ക് നിര്‍ണായകമായിരുന്നു. ബ്രിട്ടനിലെ ടെറ്റ്ലി ടീയെ 2000-ത്തില്‍ ഏറ്റെടുത്ത് 'ടാറ്റ ഗ്ലോബല്‍ ബെവ്റജസ്' ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ തേയിലക്കമ്പനിയായി. ബ്രിട്ടീഷ് ബ്രാന്‍ഡായിരുന്ന ജഗ്വാര്‍ ആന്‍ഡ് ലാന്‍ഡ് റോവര്‍, ബ്രിട്ടനിലെ കോറസ് ഉരുക്കുകമ്പനി എന്നീ വലിയ ബ്രാന്‍ഡുകള്‍ ടാറ്റ ഏറ്റെടുക്കുന്നതിന് നേതൃത്വം നല്‍കിയതും രത്തന്‍ ടാറ്റയായിരുന്നു.. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ (TCS) ആഗോള വളര്‍ച്ചയ്ക്കും പ്രധാന പങ്കുവഹിച്ചു.