ബെംഗളൂരു: റവന്യു ഇന്റലിജന്‍സ് കസ്റ്റഡിയില്‍ തനിക്ക് നേരിടുന്ന അധിക്ഷേപങ്ങളും ഭീഷണിയും കടുത്ത മാനസിക ആഘാതം സൃഷ്ടിക്കുന്നുവെന്നും മാനസികമായി തളര്‍ന്നിരിക്കുകയാണെന്നും സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായ കന്നഡ നടിയും മുതിര്‍ന്ന ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ വളര്‍ത്തുമകളുമായ റന്യ റാവു. കസ്റ്റഡിയില്‍ ശാരീരിക പീഡനമുണ്ടായിട്ടുണ്ടോയെന്ന കോടതിയുടെ അന്വേഷണത്തിലാണ് നടിയുടെ വെളിപ്പെടുത്തൽ.
ശാരീരികമായി യാതൊരു ബുദ്ധിമുട്ടുകളുമുണ്ടായിട്ടില്ല. എന്നാല്‍, തനിക്കെതിരേ ഉയരുന്ന ഭീഷണികളും അധിക്ഷേപങ്ങളും വലിയ മാനസിക ആഘാതമാണ് ഉണ്ടാക്കുന്നതെന്നാണ് റന്യ കോടതിയില്‍ അറിയിച്ചത്. എന്നാല്‍, റന്യയുടെ ആരോപണം റവന്യു ഇന്റലിജെന്‍സ് നിഷേധിച്ചു. അറസ്റ്റ് മുതല്‍ ചോദ്യം ചെയ്യല്‍ വരെയുള്ള എല്ലാ നടപടി ക്രമങ്ങളുടെയും കൃത്യമായ സി.സി.ടി.വി. ദൃശങ്ങള്‍ ഉണ്ടെന്നാണ് അന്വേഷണസംഘം കോടതിയില്‍ അറിയിച്ചിരിക്കുന്നത്.
മുഖത്തും കണ്ണുകള്‍ക്ക് ചുറ്റിലും ചതവ് സംഭവിച്ചത് പോലെ തോന്നിക്കുന്ന ചിത്രങ്ങള്‍ പ്രചരിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഈ കേസില്‍ കോടതി ഇടപെട്ടത്. റന്യ റാവുവിനെ അറസ്റ്റ് ചെയ്തപ്പോഴോ അതിനുശേഷമോ ശരീരിക പീഡനം നേരിട്ടിട്ടുണ്ടോ എന്നായിരുന്നു കോടതിയുടെ ചോദ്യം. കര്‍ണാടക വനിതാ കമ്മീഷന്‍ അധ്യക്ഷ നാഗലക്ഷ്മി ചൗധരിയും ഇക്കാര്യത്തില്‍ വിശദീകരണം തേടിയിരുന്നു.
റന്യ റാവുവിനെ മാര്‍ച്ച് 24-വരെ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണെങ്കിലും മാര്‍ച്ച് 11-ന് ഇവരുടെ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നുണ്ട്. 14.56 കോടി രൂപ മൂല്യമുള്ള 14.2 കിലോഗ്രാം സ്വര്‍ണവുമായി മാര്‍ച്ച് മൂന്നിനാണ് നടി ബെംഗളൂരു വിമാനത്താവളത്തില്‍ പിടിയിലാകുന്നത്. ബെംഗളൂരു വിമാനത്താവളത്തില്‍ അടുത്തിടെയുണ്ടായ ഏറ്റവുംവലിയ സ്വര്‍ണവേട്ടയാണെന്ന് ഡി.ആര്‍.ഐ. വ്യക്തമാക്കിയിരുന്നു. ദുബായില്‍നിന്ന് എമിറേറ്റ്സ് വിമാനത്തിലാണ് നടി ബെംഗളൂരു വിമാനത്താവളത്തില്‍ എത്തിയത്.
അറസ്റ്റിന് പിന്നാലെ നടിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 2.06 കോടി രൂപ വിലവരുന്ന സ്വര്‍ണാഭരണങ്ങളും 2.67 കോടി ഇന്ത്യന്‍ രൂപയുടെ കറന്‍സിയും കണ്ടെത്തി. കേസുമായി ബന്ധപ്പെട്ട് ആകെ 17.29 കോടിയുടെ തൊണ്ടിമുതലുകള്‍ കണ്ടെടുത്തതായി ഡി.ആര്‍.ഐ. അധികൃതര്‍ വ്യക്തമാക്കുന്നു. യാത്രയുടെ വിശദാംശങ്ങള്‍ അനുസരിച്ച് കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 27 തവണയാണ് റന്യ ദുബായ് സന്ദര്‍ശിച്ചത്. ഇതില്‍ തന്നെ കഴിഞ്ഞ 15 ദിവസത്തിനിടെ നടി നാല് തവണ ദുബായ് യാത്ര നടത്തിയിട്ടുണ്ട്.
Content Highlights: Kannada actress Ranya Rao arrested for gold smuggling alleges mental harassment in DRI custody
Published: 10 Mar 2025, 05:42 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented