ബെംഗളൂരു: പ്രമുഖ ഭക്ഷണശാലയായ രമേശ്വരം കഫേയുടെ ഉടമകൾക്കും  പ്രതിനിധിക്കുമെതിരെ മായം ചേർത്ത ഭക്ഷണം വിൽക്കൽ, ക്രിമിനൽ ഗൂഢാലോചന, വ്യാജ തെളിവുകൾ കെട്ടിച്ചമയ്ക്കൽ എന്നിവ ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി പോലീസ് കേസെടുത്തു.  നിഖിൽ എൻ എന്നയാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഭക്ഷ്യ സുരക്ഷാ ലംഘനം നടന്നുവെന്നും തുടർന്ന് വ്യാജമായ പരാതി നൽകി അപകീർത്തിപ്പെടുത്താൻ ശ്രമിച്ചുമെന്നുമാണ് ആരോപണം. കഫേ ഉടമകളായ രാഘവേന്ദ്ര റാവു, ഭാര്യ ദിവ്യ രാഘവേന്ദ്ര റാവു, സീനിയർ എക്സിക്യൂട്ടീവ് സുമന്ത് ലക്ഷ്മീനാരായണൻ എന്നിവർക്കെതിരെയാണ് നവംബർ 29-ന് ബിയാൽ പോലീസ് സ്റ്റേഷനിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.

To advertise here,

സംഭവത്തിന്റെ തുടക്കം

ഈ വർഷം ജൂലൈ 24-നാണ് കേസിനാസ്പദമായ സംഭവം കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 1-ൽ വെച്ച് നടന്നത്. ഗുവാഹാത്തിയിലേക്ക് വിമാനം കയറാനായി വിമാനത്താവളത്തിൽ എത്തിയതായിരുന്നു പരാതിക്കാരനായ നിഖിൽ.

രമേശ്വരം കഫേയുടെ ടെർമിനൽ 1 ഔട്ട്‌ലെറ്റിൽ നിന്ന് നിഖിൽ വെൺ പൊങ്കലും ഫിൽട്ടർ കോഫിയും ഓർഡർ ചെയ്തു. ഈ ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തുകയുണ്ടായി എന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്. നിഖിൽ ഉടൻ തന്നെ ജീവനക്കാരെ വിവരം അറിയിച്ചു. അവർ വിഭവം മാറ്റി നൽകാമെന്ന് പറഞ്ഞെങ്കിലും വിമാനം ബോർഡ് ചെയ്യേണ്ടതിനാൽ നിഖിൽ അത് നിരസിച്ചു. മറ്റ് ഉപഭോക്താക്കൾ പുഴുവിന്റെ ചിത്രം എടുത്തു, എന്നാൽ നിഖിൽ മറ്റ് പ്രശ്‌നങ്ങളുമുണ്ടാക്കാതെ യാത്ര തുടർന്നു.

വ്യാജ ആരോപണവും എതിർ കേസും

സംഭവത്തിന്റെ അടുത്ത ദിവസം, കഫേയുടെ ബ്രാൻഡിങ്ങിന് ഭീഷണി ഉയർത്തിക്കൊണ്ട് ഇയാൾ 25 ലക്ഷം രൂപ ആവശ്യപ്പെട്ടെന്ന് ആരോപിച്ച് തനിക്കെതിരെ ബെംഗളൂരുവിൽ കേസ് ഫയൽ ചെയ്തിട്ടുണ്ട് മാധ്യമ റിപ്പോർട്ടുകളിലൂടെ നിഖിൽ അറിഞ്ഞു. ഈ പരാതിയെക്കുറിച്ച് നടത്തിയ അന്വേഷണത്തിൽ നിഖിലിനെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യാൻ വിളിപ്പിക്കുകയും ചെയ്തിരുന്നു.

എന്നാൽ താൻ റീഫണ്ടിങ് ആവശ്യപ്പെട്ടിട്ടില്ലെന്ന് യുവാവ് പറയുന്നു. കഫേ നൽകിയ പരാതിയിൽ പറഞ്ഞിരിക്കുന്ന സമയത്ത് താൻ വിമാനത്തിലായിരുന്നെന്ന് ഫ്ലൈറ്റ് രേഖകൾ സമർപ്പിച്ചുകൊണ്ട് കഫേയുടെ ആരോപണങ്ങൾ വ്യാജമാണെന്ന് നിഖിൽ വാദിച്ചു. ബ്ലാക്ക്‌മെയിലിങ്ങിലോ പണം തട്ടിയെടുക്കുന്നതിലോ നിഖിലിനോ സുഹൃത്തുക്കൾക്കോ പങ്കുള്ളതിന് തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് പിന്നീട് വ്യക്തമാക്കുകയും ചെയ്തു.

പുതിയ എഫ്.ഐ.ആർ

തുടർന്ന് നിഖിൽ എതിർ പരാതി നൽകുകയായിരുന്നു. തന്നെ അപകീർത്തിപ്പെടുത്താനും ഉപദ്രവിക്കാനും ഉദ്ദേശിച്ചാണ് കഫേ ഉടമകളും പ്രതിനിധിയും തനിക്കെതിരെ കള്ളക്കേസ് നൽകിയതെന്നും പരാതിയിൽ പറയുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായ സംഹിതയിലെ 61 (ക്രിമിനൽ ഗൂഢാലോചന), 274 (ഭക്ഷണത്തിലോ പാനീയത്തിലോ മായം ചേർക്കൽ), 275 (വിഷാംശമുള്ള ഭക്ഷണം വിൽക്കൽ), 228 (വ്യാജ തെളിവുകൾ കെട്ടിച്ചമയ്ക്കൽ), 229 (വ്യാജ തെളിവുകൾക്കുള്ള ശിക്ഷ) ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നിലവിൽ കേസിൽ അന്വേഷണം നടന്നുവരികയാണ്.