മരിച്ചാലും പ്രിയപ്പെട്ടവരുടെ ഓര്‍മകളില്‍ നിറഞ്ഞുനില്‍ക്കാറുണ്ട് പലരും. ആഹ്‌ളാദത്തിന്റേയോ നൊമ്പരത്തിന്റേയോ നിമിഷങ്ങളാവാം അത്തരത്തിലുള്ള ഓര്‍മകളിലേറെയും. ഞായറാഴ്ച രാവിലെ അന്തരിച്ച വ്യവസായപ്രമുഖന്‍ രാകേഷ് ജുന്‍ജുന്‍വാലയുടെ വ്യത്യസ്തമായ ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപം. 

To advertise here,

ട്വിറ്ററില്‍ ഷെയര്‍ ചെയ്ത വീഡിയോയില്‍ കജ് രാരേ... എന്ന ബോളിവുഡ് ഹിറ്റ് ഗാനത്തിനൊപ്പം ചുവടുകള്‍ വെക്കുന്ന രാകേഷ് ജുന്‍ജുന്‍വാലയെ കാണാം. ചുവടുകള്‍ വെക്കുന്ന എന്ന് പറയുന്നത് ശരിയല്ല, കാരണം അദ്ദേഹം വീല്‍ചെയറിലാണ്. കാലുകളേക്കാള്‍ അദ്ദേഹത്തിന്റെ മനസും കൈകളുമാണ് നൃത്തം ചെയ്യുന്നത്. കുടുംബാംഗങ്ങളും സുഹൃത്തുക്കളും അദ്ദേഹത്തിന് ചുറ്റുമിരിക്കുന്ന് പ്രോത്സാഹിപ്പിക്കുന്നതും ഇടയ്ക്ക് അവരിലൊരാള്‍ അദ്ദേഹത്തിനൊപ്പം ചുവടുകളില്‍ ഒപ്പം കൂടുന്നതും കാണാം. 

'രാകേഷ് ജുന്‍ജുന്‍വാലയുടെ രണ്ട് വൃക്കകളും തകരാറിലായിരുന്നു. ഡയാലിസിലായിരുന്നു അദ്ദേഹത്തിന്റെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ജീവിതം എത്ര ഹ്രസ്വമാണെന്ന് അദ്ദേഹത്തിന്റെ ഈ വീഡിയോ വ്യക്തമാക്കുന്നു. ജീവിതം ജീവിക്കാനുള്ള ചങ്കുറപ്പ് മാത്രമേ ആവശ്യമുള്ളൂ'. വീഡിയോ ഷെയര്‍ ചെയ്ത് സഞ്ജയ് നിരുപം കുറിച്ചു. 

ഹൃദയസ്തംഭനത്തെ തുടര്‍ന്നായിരുന്നു ജുന്‍ജുന്‍വാലയുടെ അന്ത്യമുണ്ടായത്. ഏറെക്കാലമായി ചികിത്സയിലായിരുന്ന അദ്ദേഹം രാജ്യം കണ്ട ഏറ്റവും മികച്ച വ്യവസായികളിലൊന്നാണ്. വൃക്ക സംബന്ധമായ ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ജുന്‍ജുന്‍വാല ഏതാനും ആഴ്ച മുമ്പാണ് ഡിസ്ചാര്‍ജായത്.