ന്യൂഡൽഹി: പ്രതിപക്ഷ ബഹളത്തിൽ മുങ്ങി രാജ്യസഭ. പൊതുപരീക്ഷാ ഭേദഗതി ബിൽ ചർച്ചചെയ്യുന്ന സമയത്ത് സഭയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും പങ്കെടുക്കാതിരുന്നതിനേച്ചൊല്ലി പ്രതിപക്ഷം പ്രതിഷേധിച്ചു. ആഭ്യന്തരമന്ത്രി സഭയിലെത്തി മറുപടി പറയണമെന്ന മുദ്രാവാക്യം പ്രതിപക്ഷം ഉയർത്തി.
രാവിലെ പ്രതിപക്ഷ ബഹളത്തെത്തുടർന്ന് ഇരുസഭകളും 12 മണിവരെ നിർത്തിവെച്ചിരുന്നു. തുടർന്ന് വീണ്ടും ആരംഭിച്ചെങ്കിലും പ്രതിപക്ഷം പ്രതിഷേധം തുടർന്നു. സഭയിൽ പ്രധാനമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും അസാന്നിധ്യം പ്രതിപക്ഷം ശക്തമായി ഉന്നയിച്ചതോടെ രാജ്യസഭാ നടപടികൾ വീണ്ടും തടസ്സപ്പെട്ടു. തുടർന്ന് രണ്ടു മണിവരെ സഭ നിർത്തിവെച്ചു.
എസ്.എഫ്.ഐ. ഡൽഹി സംസ്ഥാന സെക്രട്ടറി ഐഷി ഘോഷിനെ കസ്റ്റഡിയിലെടുക്കാൻ ശ്രമം നടത്തിയ സംഭവം ജോൺ ബ്രിട്ടാസ് എം.പി. രാജ്യസഭയിൽ ഉന്നയിച്ചു. സി.പി.എമ്മിന്റെ കേന്ദ്ര ആസ്ഥാനമായ എ.കെ.ജി. ഭവനിൽ കടന്നുകയറി ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ ഡൽഹി പോലീസ് നടത്തിയ ശ്രമം അപലപനീയമാണെന്ന് ബ്രിട്ടാസ് പറഞ്ഞു.
ജന്തർ മന്തറിലെ പ്രക്ഷോഭത്തിൽ പങ്കെടുത്തുവെന്നതാണ് ഐഷി ചെയ്ത തെറ്റെന്നും ഈ സമയം താനും അവിടെ ഉണ്ടായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്തിനാണ് ഒരു ദേശീയ പാർട്ടിയുടെ ഓഫീസിലേക്ക് പോലീസ് ഇത്തരത്തിൽ ഇടിച്ചുകയറിവന്നതെന്നും അദ്ദേഹം ചോദിച്ചു. യൂണിഫോമോ ബാഡ്ജോ ധരിക്കാതെയാണ് പോലീസ് എത്തിയത്. ഇത് ഞെട്ടിക്കുന്ന കാര്യമാണെന്നും ഒരു പാർട്ടിയെ മാത്രം ബാധിക്കുന്ന വിഷയമല്ല ഇതെന്നും ബ്രിട്ടാസ് കൂട്ടിച്ചേർത്തു.
സഭയിൽ സംസാരിക്കുന്നതിനിടെ തന്റെ മുഖം സഭാക്യാമറയിൽ കാണിക്കാത്തതിനെയും അദ്ദേഹം ചോദ്യംചെയ്തു. എന്നാൽ, 'താങ്കൾ എന്നോടാണ് സംസാരിക്കുന്നത്' എന്നായിരുന്നു രാജ്യസഭാധ്യക്ഷൻ സി.പി. രാധാകൃഷ്ണന്റെ മറുപടി.
അതേസമയം, പോലീസ് നടപടിയെ സാധാരണ രീതിയിലുള്ള ക്രമസമാധാന നടപടിയെന്നാണ് കേന്ദ്രമന്ത്രി ജെ.പി. നദ്ദ വിശേഷിപ്പിച്ചത്. പോലീസ് നടപടിയെ പ്രതിപക്ഷം രാഷ്ട്രീയവത്കരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. "എല്ലാവർക്കും അറിയാം, ഇതൊരു സാധാരണ ക്രമസമാധാന സാഹചര്യമാണ്. ഉത്തരവ് പ്രകാരമാണ് പോലീസ് പ്രവർത്തിച്ചത്. ആക്ടിവിസത്തിൽ ഏർപ്പെട്ടിരിക്കുന്ന ഏത് വിദ്യാർഥിക്കും ഇത്തരമൊരു സാഹചര്യം നേരിടേണ്ടിവരും. അടിയന്തരാവസ്ഥക്കാലത്ത് ക്ലാസ് മുറിയിൽനിന്ന് എന്നെയും അറസ്റ്റ് ചെയ്തിട്ടുണ്ട്," നദ്ദ വ്യക്തമാക്കി.
Content Highlights: Rajya Sabha adjourned multiple times due to opposition protests., John Brittas raised the issue of Delhi Police entering AKG Bhavan to detain Aishhe Ghosh., Opposition questioned the absence of the PM and Home Minister during the public examination bill discussion., JP Nadda defended the police action as a routine law and order measure., Controversy regarding camera focus during John Brittas's speech in the house.
Published: 29 Jul 2026, 12:52 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented