ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ അവശ്യവസ്തുക്കളുടെയും ഊർജത്തിന്റെയും വിതരണം കേന്ദ്രസർക്കാർ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്.

To advertise here,

ജനങ്ങൾ ഭയപ്പെടേണ്ട കാര്യമില്ലെന്നും വിതരണശൃംഖലയിൽ തടസ്സങ്ങളുണ്ടാകുന്നത് തടയാനാവശ്യമായ നടപടികൾ കൈക്കൊണ്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പശ്ചിമേഷ്യയിലെ സാഹചര്യം വിലയിരുത്തുന്നതിനായി രൂപവത്കരിച്ച ഇൻഫോർമൽ എംപവേഡ് ഗ്രൂപ്പ് ഓഫ് മിനിസ്റ്റേഴ്‌സ് (ഐജിഒഎം) യോഗത്തിന് പിന്നാലെയാണ് രാജ്‌നാഥിന്റെ പ്രതികരണം.

പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഊർജവിതരണശൃംഖല നേരിടുന്ന പ്രതിസന്ധിയെക്കുറിച്ചും അവശ്യവസ്തുക്കളുടെ ആഭ്യന്തരലഭ്യതയെക്കുറിച്ചും ചർച്ച ചെയ്യുന്നതിനായി ഐജിഒഎമ്മിന്റെ അഞ്ചാമത്തെ യോഗം ഇന്ന് ചേർന്നുവെന്ന് സാമൂഹികമാധ്യമമായ എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ രാജ്‌നാഥ് സിങ് അറിയിച്ചു.

‘എല്ലാ അവശ്യവസ്തുക്കളുടെയും ലഭ്യത ഉറപ്പാക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നടത്തിവരുന്നത് ശ്ലാഘനീയമായ പ്രവർത്തനങ്ങളാണ്. വിതരണശൃംഖലയിൽ ക്ഷാമമോ തടസ്സങ്ങളോ ഉണ്ടാകുന്നത് തടയാൻ സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കുന്നതിനാൽ ജനങ്ങളോട് ശാന്തരായിരിക്കാനും പരിഭ്രാന്തരാകാതിരിക്കാനും അഭ്യർഥിക്കുകയാണെന്നും, അദ്ദേഹം കുറിപ്പിൽ വ്യക്തമാക്കി.