രാഷ്ട്രീയത്തില്‍ രജനികാന്തിന്റെ തലതൊട്ടപ്പന്‍ ആരാണെന്ന് ചോദിച്ചാല്‍ ചോ രാമസ്വാമി എന്നായിരിക്കും ഉത്തരം. തുഗ്ലക്ക് പത്രാധിപരായിരുന്ന ചോ ചെന്നൈയില്‍ നടത്തിയിരുന്ന വാര്‍ഷിക പ്രഭാഷണം പ്രശസ്തമായിരുന്നു. തുഗ്ലക്കിന്റെ വാര്‍ഷികവേളയിലാണ് ചോയുടെ പ്രഭാഷണമുണ്ടാവുക. തമിഴകത്തെമ്പാടുനിന്നും ചോയുടെ ആരാധകര്‍ അന്നേ ദിവസം ചെന്നൈയിലെത്തും. 

To advertise here,

തുഗ്ലക്കിന്റെ വായനക്കാരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടി എന്ന രീതിയിലാണ് ചോയുടെ പ്രഭാഷണം മുന്നേറുക. ചോയെ കേള്‍ക്കാന്‍ എത്തിയിരുന്ന സദസ്സിന്റെ മുന്‍നിരയില്‍ രണ്ടു പേരുടെ സാന്നിദ്ധ്യം ശ്രദ്ധേയമായിരുന്നു. അവരിലൊരാള്‍ ഇന്നിപ്പോള്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്. മറ്റെയാള്‍ നീണ്ട കാത്തിരിപ്പിനു ശേഷം ഇതാ ഇപ്പോള്‍ തമിഴകത്തെ രാഷ്ട്രീയ ഗോദയിലേക്ക് രംഗപ്രവേശം നടത്തിയിരിക്കുന്നു.

നരേന്ദ്ര മോദിയും രജനികാന്തും ചോയ്ക്ക് പ്രിയപ്പെട്ടവരായിരുന്നു. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദിയുടെ വളര്‍ച്ച  മാനത്ത് കണ്ട കക്ഷിയാണ് ചോ. 2017-ല്‍ മരിക്കുന്നതിനു മുമ്പ് ചോയ്ക്ക് നിറവേറ്റാന്‍ കഴിയാതെ പോയ ഒരു ദൗത്യമുണ്ടെങ്കില്‍ അത് രജനിയുടെ രാഷ്ട്രീയ അരങ്ങേറ്റമായിരുന്നു. 

ചോയ്ക്ക് കഴിയാതെ പോയത്  ചോയുടെ ശിഷ്യനും തുഗ്ലക്കിന്റെ ഇപ്പോഴത്തെ പത്രാധിപരുമായ എസ്. ഗുരുമൂര്‍ത്തിക്ക് കഴിഞ്ഞിരിക്കുന്നു. രജനിയുടെ രാഷ്ട്രീയപ്രവേശത്തിന്റെ തിരക്കഥയ്ക്ക് ഒരു രചയിതാവിന്റെ പേര് നിര്‍ബ്ബന്ധമാണെങ്കില്‍ അത് ഗുരുമൂര്‍ത്തിയുടേതായിരിക്കും. വ്യാഴാഴ്ച രജനി ചെന്നൈയില്‍ തന്റെ രാഷ്ട്രീയ പാര്‍ട്ടിയെക്കുറിച്ച് പറയുമ്പോള്‍ ആ വാക്കുകള്‍ക്ക് മേലുള്ള ചോയുടെയും ഗുരുമൂര്‍ത്തിയുടെയും സ്പര്‍ശം കാണാതിരിക്കാനാവുമായിരുന്നില്ല.

തമിഴക രാഷ്ട്രീയത്തില്‍ രജനിയുടെ വരവ് വല്ലാതെ വൈകിപ്പോയി എന്നതില്‍ സംശയമില്ല. 1996-ലായിരുന്നു രജനി ശരിക്കും ഇറങ്ങേണ്ടിയിരുന്നത്. അന്ന് എ.ഐ.എ.ഡി.എം.കെ. നേതാവും മുഖ്യമന്ത്രിയുമായിരുന്ന ജയലളിതയ്ക്കെതിരെ തമിഴകത്തുയര്‍ന്ന ജനരോഷത്തിനൊപ്പം ഒന്ന് വെറുതെ നിന്നുകൊടുക്കേണ്ട ജോലിയേ രജനിക്കുണ്ടായിരുന്നുള്ളു. 

കോണ്‍ഗ്രസില്‍നിന്നു തെറ്റിപ്പിരിഞ്ഞ് തമിഴ് മാനില കോണ്‍ഗ്രസിന് രൂപം നല്‍കിയ ജി.കെ. മൂപ്പനാര്‍  കിണഞ്ഞു പരിശ്രമിച്ചെങ്കിലും രജനി വഴങ്ങിയില്ല. 46 വയസ്സായിരുന്നു അന്ന് രജനിക്ക് പ്രായം. ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുണ്ടാക്കി ഒരു വര്‍ഷത്തിനുള്ളില്‍ അധികാരം പിടിച്ച ഒരാളേ ഇന്ത്യന്‍ രാഷ്ട്രീയത്തിലുള്ളു. 1982 മാര്‍ച്ച് 29-ന് തെുലുഗുദേശം പാര്‍ട്ടിക്ക് രൂപം നല്‍കി 1983 ജനവരി ഒമ്പതിന് ആന്ധ്രയുടെ മുഖ്യമന്ത്രിയായ എന്‍.ടി. രാമറാവു (2012 നവംബറില്‍ എ.എ.പിക്ക് രൂപം നല്‍കിയ അരവിന്ദ് കെജ്രിവാള്‍ 2013 ഡിസംബറിലാണ് മുഖ്യമന്ത്രിയായത്. ഒന്നര മാസത്തിനപ്പുറം ഫെബ്രുവരിയില്‍ കെജ്രിവാളിന് ഈ പദവി നഷ്ടപ്പെടുകയും ചെയ്തു.)

placeholder
രജനികാന്ത് | Photo: PTI

രജനികാന്തിന് എന്‍.ടി. ആറാകാനാവില്ല

തെലുങ്കരുടെ ആത്മഗൗരവത്തില്‍ പിടിച്ചാണ് എന്‍.ടി.ആര്‍. അധികാരത്തിലെത്തിയത്. കോണ്‍ഗ്രസ് മുഖ്യമന്ത്രി ടി. അഞ്ജയ്യയെ കോണ്‍ഗ്രസ് നേതാവായിരുന്ന രാജീവ് ഗാന്ധി പരസ്യമായി കോമാളി എന്ന് വിളിച്ച് അവഹേളിച്ചത് തെലുങ്കരുടെ ആത്മവീര്യത്തിന് പൊറുക്കാനാവുമായിരുന്നില്ല. അഴിമതിയിലും കെടുകാര്യസ്ഥതയിലും  മുങ്ങിക്കുളിച്ചിരുന്ന കോണ്‍ഗ്രസിന് വ്യക്തമായൊരു ബദലായി എന്‍.ടി.ആര്‍. രംഗപ്രവേശം ചെയ്തപ്പോള്‍ തെലുങ്കര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. 

തമിഴകത്ത് 1996-ല്‍ ഈ സ്ഥിതിവിശേഷമുണ്ടായിരുന്നു. അഴിമതിയുടെ നിലയില്ലാക്കയത്തിലായിരുന്നു അന്ന് ജയലളിത. ''ജയലളിത വീണ്ടും മുഖ്യമന്ത്രിയായാല്‍ ദൈവത്തിന് പോലും തമിഴകത്തെ രക്ഷിക്കാനാവില്ല'' എന്ന സുപ്രസിദ്ധമായ ഡയലോഗിലൂടെ ഡി.എം.കെ. - ടി.എം.സി. സഖ്യത്തെ സഹായിക്കുക മാത്രമാണ് അന്ന് രജനി ചെയ്തത്. 1996-ലാണ് എന്‍.ടി.ആര്‍. മരിക്കുന്നതെന്നത് യാദൃശ്ചികമാാവാം. മൂപ്പനാരുടെ വാക്കുകള്‍ കേട്ടിരുന്നെങ്കില്‍ അതേ വര്‍ഷം മറ്റൊരു സൂപ്പര്‍സ്റ്റാര്‍ അധികാരമേറുന്നത് ദക്ഷിണേന്ത്യ കാണുമായിരുന്നു. പക്ഷേ, അതുണ്ടായില്ല.

25 വര്‍ഷങ്ങള്‍ക്കിപ്പുറത്ത് കബാലിയിലെ ഡയലോഗായിരിക്കാം രജനിയുടെ മനസ്സില്‍. ''നാന്‍ വന്തിട്ടേന്നു ശൊല്ല്. തിരുമ്പി വന്തിട്ടേന്ന്. 25 വര്‍ഷത്തിന് മുന്നാടി എപ്പടി പോണാരോ കബാലി അപ്പടിയേ തിരുമ്പി വന്തിട്ടേന്ന് ശൊല്ല്.''  

സിനിമയില്‍ 25 വര്‍ഷം ഒരു പ്രശ്നമായിരിക്കില്ല. പക്ഷേ, ജീവിതത്തിലും രാഷ്ട്രീയത്തിലും കാല്‍ നൂറ്റാണ്ട് വലിയൊരു കാലയളവാണ്. കാവേരിയിലൂടെ എത്രയോ വെള്ളം ഇതിനിടയില്‍ ഒഴുകിപ്പോയി. തമിഴക രാഷ്ട്രീയം എത്രയോ മാറിമറിഞ്ഞു. 25 കൊല്ലത്തിനപ്പുറത്തെ രജനികാന്ത് 25  കൊല്ലത്തിനിപ്പുറമില്ല. കാലത്തിന്റെ അടരുകള്‍ വകഞ്ഞുമാറ്റി 1996 പുനരുജ്ജീവിപ്പിക്കുക എന്നത് അസാദ്ധ്യമായ കര്‍മ്മമാണ്.

placeholder
രജനികാന്ത് | Photo: ANI

ബി.ജെ.പിയുടെ പദ്ധതികള്‍

രജനിയുടെ രംഗപ്രവേശം ആഹ്ളാദിപ്പിക്കുന്നത് ബി.ജെ.പിയെയാണ്. രണ്ടാഴ്ച മുമ്പാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ചെന്നൈയില്‍ വന്നത്. ഷാ അര്‍ജുനനും മോദി കൃഷ്ണനുമാണെന്നാണ് ജമ്മു കാശ്മീരില്‍ 370-ാം വകുപ്പ് കേന്ദ്ര സര്‍ക്കാര്‍ നിര്‍വ്വീര്യമാക്കിയപ്പോള്‍ രജനി പറഞ്ഞത്. ഷായും രജനിയുമായി കൂടിക്കാഴ്ചയുണ്ടാവുമെന്ന് കരുതിയെങ്കിലും ഉണ്ടായില്ല.  

പക്ഷേ, എ.ഐ.എ.ഡി.എം.കെ. സര്‍ക്കാര്‍ സംഘടിപ്പിച്ച ഔദ്യോഗിക ചടങ്ങില്‍ ശ്രദ്ധേയമായ ഒരു സംഭവമുണ്ടായി. ബി.ജെ.പിയുമായി എ.ഐ.എ.ഡി.എം.കെയുടെ സഖ്യം തുടരുമെന്ന് സര്‍ക്കാര്‍ ചടങ്ങിനിടയില്‍ തന്നെ മുഖ്യമന്ത്രി എടപ്പാടി പളനിസാമിയും ഉപമുഖ്യമന്ത്രി ഒ പനീര്‍ശെല്‍വവും പ്രഖ്യാപിച്ചു. ഈ പ്രഖ്യാപനം സുസ്മേരവദനനായി കേട്ടിരുന്ന ഷാ പക്ഷേ, ഇതേക്കുറിച്ച് ഒരക്ഷരവും പ്രതികരിച്ചില്ല. 

എ.ഐ.എ.ഡി.എം.കെ. സര്‍ക്കാരിനെ പുകഴ്ത്തി സംസാരിച്ചെങ്കിലും സഖ്യമുണ്ടെന്നോ ഇല്ലെന്നോ ഷാ പറഞ്ഞില്ല. എ.ഐ.എ.ഡി.എം.കെ. എന്ന രാഷ്ട്രീയപാര്‍ട്ടി എത്തിനില്‍ക്കുന്ന ദയനീയമായ അവസ്ഥാവിശേഷത്തിന്റെ നേര്‍ക്കാഴ്ചയായിരുന്നു ഈ സഖ്യ പ്രഖ്യാപനം.

കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുമായുള്ള സഖ്യത്തിലാണ് എ.ഐ.എ.ഡി.എം.കെ. മത്സരിച്ചത്. ഔപചാരികമായി ഈ സഖ്യം ഇപ്പോഴും നിലവിലുണ്ട്. ലോക്സഭ തിരഞ്ഞെടുപ്പില്‍ തമിഴകത്തെ 39 സീറ്റുകളില്‍ തേനിയില്‍ മാത്രമാണ് സഖ്യത്തിന് ജയിക്കാനായത്. ഉപമുഖ്യമന്ത്രി ഒ.പി.എസ്സിന്റെ മകന്‍ രവീന്ദ്രരാജയാണ് ഈ സീറ്റ് പിടിച്ചത്. 

2004-ലാണ് ഇതിനു മുമ്പ് എ.ഐ.എ.ഡി.എം.കെ. ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയത്. അന്ന് ഒരു സീറ്റില്‍ പോലും പച്ച തൊടാന്‍ സഖ്യത്തിനായില്ല. അതിനു ശേഷം മരിക്കുന്നതുവരെ ജയലളിത ബി.ജെ.പിയെ അടുപ്പിച്ചിരുന്നില്ല. 2016-ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ സഖ്യത്തിനായി ബി.ജെ.പി. കൊണ്ടുപിടിച്ചു ശ്രമിച്ചെങ്കിലും ജയ വഴങ്ങിയില്ല. 

പ്രധാനമന്ത്രി നരേന്ദ്രമോദി പോലും തന്നെ ഇങ്ങോട്ടു വന്നു കാണണം എന്നായിരുന്നു ജയയുടെ നിലപാട്. ആ ജയലളിതയുടെ പാര്‍ട്ടിയുടെ തലപ്പത്തുള്ള മുഖ്യമന്ത്രി എടപ്പാടി സഹമന്ത്രിമാര്‍ക്കൊപ്പം രണ്ടാഴ്ച മുമ്പ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായെ ചെന്നൈ വിമാനത്താവളത്തിലെത്തി വരവേല്‍ക്കുന്നത് തമിഴകം അതിശയത്തോടെയാണ് കണ്ടത്.

എ.ഐ.എ.ഡി.എം.കെയ്ക്ക് മേല്‍ ഇപ്പോള്‍ ബി.ജെ.പിക്ക് കാര്യമായ സ്വാധീനമുണ്ട്. ഇക്കുറി 50 സീറ്റെങ്കിലും എ.ഐ.എ.ഡി.എം.കെയില്‍നിന്ന് ചോദിച്ചു വാങ്ങാനാവുമെന്നാണ് ബി.ജെ.പിയുടെ കണക്ക് കൂട്ടല്‍. പക്ഷേ, രജനിയുടെ രംഗപ്രവേശത്തോടെ ഉയരുന്ന വലിയ ചോദ്യം ബി.ജെ.പി. ആരുടെ കൂടെ നില്‍ക്കുമെന്നാണ്.

placeholder
അര്‍ജുന രാമമൂര്‍ത്തിയും തമിള്‍ അരുവി മണിയനും രജനിയൊടൊപ്പം | Photo PTI

ബി.ജെ.പി. രജനിക്കൊപ്പം നീങ്ങുമോ?

എ.ഐ.എ.ഡി.എം.കെയെ കൈയ്യൊഴിഞ്ഞ് ബി.ജെ.പി. രജനിക്കൊപ്പം പോകുമോ എന്ന ചോദ്യത്തിനുള്ള ഉത്തരം അധികം വൈകാതെ അറിയാം. ദക്ഷിണേന്ത്യയില്‍ ബി.ജെ.പി. ഏറ്റവും ദുര്‍ബ്ബലമായ അവസ്ഥയിലുള്ള സംസ്ഥാനമാണ് തമിഴകം. തനിച്ചു നിന്നാല്‍ ഒരു നിയമസഭ സീറ്റില്‍ പോലും ബി.ജെ.പിക്ക് ജയിക്കാനാവില്ല. 

ജയലളിത ഇല്ലാത്ത എ.ഐ.എ.ഡി.എം.കെയെ വിഴുങ്ങാം എന്നതായിരുന്നു ബി.ജെ.പിയുടെ പദ്ധതി. പക്ഷേ, മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുടെ രൂപാന്തരം ഈ പദ്ധതി നിറവേറ്റുന്നതില്‍ ഇപ്പോള്‍ ബി.ജെ.പിക്ക് തടസ്സമാണ്. ജയലളിത ഇല്ലാത്ത എ.ഐ.എ.ഡി.എം.കെ. എളുപ്പത്തില്‍ കൈപ്പിടിയിലൊതുങ്ങുമെന്നാണ് ബി.ജെ.പി. കരുതിയത്. പക്ഷേ, എ.ഐ.എ.ഡി.എം.കെയെ എടപ്പാടി കൈയ്യിലെടുത്തു. 

ഉപമുഖ്യമന്ത്രി ഒ.പി.എസ്സിനെ എടപ്പാടി ചുരുട്ടിക്കൂട്ടി മൂലയിലേക്കൊതുക്കിയതാണ് തമിഴകം അടുത്തിടെ കണ്ട വലിയൊരു രാഷ്ട്രീയ അട്ടിമറി. സേലം, ഈറോഡ് ജില്ലകളില്‍ പ്രബലമായ സാന്നിദ്ധ്യമുള്ള ഗൗണ്ടര്‍ സമുദായത്തിന്റെ തലയെടുപ്പുള്ള നേതാവാണ് എടപ്പാടി. ശശികലയ്ക്കെതിരെ തിരിഞ്ഞതിനാല്‍ തേവര്‍ സമുദായം ഉപമുഖ്യമന്ത്രി ഒ.പി.എസ്സിനൊപ്പമില്ലെന്നതും എടപ്പാടിക്ക് തുണയായി. എ.ഐ.എ.ഡി.എം.കെ. എന്ന പാര്‍ട്ടിക്കുമേല്‍  ഇപ്പോള്‍ എടപ്പാടിയുടെ  പിടി ശക്തമാണ്.

വരുന്ന തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവാന്‍ ഒ.പി.എസ്. ഇടക്കാലത്ത് നടത്തിയ ശ്രമം ഒരു പൂ പറിക്കുന്ന ലാഘവത്തോടെയാണ് എടപ്പാടി നുള്ളിയത്. ജയലളിതയുടെയോ എം.ജി.ആറിന്റെയോ കരിസ്മയില്ലെന്നതാണ് എടപ്പാടി നേരിടുന്ന പ്രതിസന്ധി. പക്ഷേ, അടുത്ത  തിരഞ്ഞെടുപ്പില്‍ എ.ഐ.എ.ഡി.എം.കെയ്ക്ക് ഒരു മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുണ്ടെങ്കില്‍ അത് എടപ്പാടി തന്നെയായിരിക്കും. 

രജനിയുടെ പാര്‍ട്ടിയെ ആദ്യമേ സ്വാഗതം ചെയ്ത ഒരു നേതാവ് ഒ.പി.എസ്സാണെന്നത് ശ്രദ്ധേയമാണ്. ഭാവിയില്‍ രജനിയുമായി സഖ്യമുണ്ടായാല്‍ അത്ഭുതപ്പെടേണ്ടതില്ലെന്നും ഒ.പി.എസ്. പറഞ്ഞു. ഒരവസരം കിട്ടിയാല്‍ ഒ.പി.എസ്. എടപ്പാടിക്കെതിരെ തിരിയും. രജനിയുടെ കൂടെക്കൂടി ഒ.പി.എസ്. എ.ഐ.എ.ഡി.എം.കെ. പിളര്‍ത്തുമോ എന്നത് ബി.ജെ.പിയുടെ തിരക്കഥയിലുണ്ടെങ്കില്‍ അത് നടക്കുകയും ചെയ്യും.

രജനിയിലൂടെ തമിഴകത്ത് പാര്‍ട്ടിയെ വളര്‍ത്തുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം. ഇന്നലെ രജനി പാര്‍ട്ടി പ്രഖ്യാപനം നടത്തിയപ്പോള്‍ കൂടെയുണ്ടായാിരുന്നത് രണ്ടു പേരാണ്. അര്‍ജുന രാമമൂര്‍ത്തിയും തമിള്‍ അരുവി മണിയനും. തന്റെ പാര്‍ട്ടിയുടെ കോ ഓര്‍ഡിനേറ്ററാണ് അര്‍ജുന രാമൂര്‍ത്തിയെന്നും കാര്യദര്‍ശിയാണ് മണിയനെന്നും രജനി പറഞ്ഞപ്പോള്‍ രജനിയുടെ രാഷ്ട്രീയ അജണ്ട പകല്‍പോലെ വ്യക്തമായിരുന്നു. 

ബി.ജെ.പിയുടെ ഇന്റലക്ച്വല്‍ സെല്‍ പ്രസിഡന്റായിരുന്നു രാമമൂര്‍ത്തി. ഇന്നലെ, അതായത് വ്യാഴാഴ്ചയാണ് മൂര്‍ത്തി ഈ സ്ഥാനം രാജിവെച്ചത്. അമിത് ഷാ ചെന്നൈയില്‍ വന്നപ്പോള്‍ സംഘടിപ്പിച്ച ബി.ജെ.പിയുടെ നിര്‍ണ്ണായക യോഗങ്ങളില്‍ മൂര്‍ത്തിയുമുണ്ടായിരുന്നു. ആര്‍.എസ്.എസ്. സഹയാത്രികനും തുഗ്ലക്ക് പത്രാധിപരുമായ ഗുരുമൂര്‍ത്തിയുടെ അടുത്ത അനുയായിയാണ് മൂര്‍ത്തി. 

നേരത്തെ മുന്‍ ഡി.എം.കെ. നേതാവും കേന്ദ്ര മന്ത്രിയുമായിരുന്ന മുരശൊലി മാരനൊപ്പം ഏഴു കൊല്ലത്തോളം മൂര്‍ത്തിയുണ്ടായിരുന്നു. ബി.ജെ.പിയുടെ തമിഴകത്തെ ഐ.ടി. സെല്‍ കൈകാര്യം ചെയ്തിരുന്നത് മൂര്‍ത്തിയാണ്. ഗാന്ധി മക്കള്‍ ഇയക്കം എന്ന സംഘടനയുടെ നേതാവായ തമിള്‍ അരുവി മണിയന്‍ വര്‍ഷങ്ങളായി രജനിക്കൊപ്പമുള്ളയാളാണ്. കോണ്‍ഗ്രസില്‍ സജിവമായിരുന്ന മണിയന്‍ 2009-ലാണ് പുതിയ സംഘടനയ്ക്ക് രൂപം നല്‍കിയത്. മൂര്‍ത്തിയും മണിയനും ഏതെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടിയൊട് കടുത്ത എതിര്‍പ്പുണ്ടെങ്കില്‍ അത് ഡി.എം.കെയോടായിരിക്കും.

ബി.ജെ.പിയുമായുള്ള രജനിയുടെ അടുപ്പം മറനീക്കി പുറത്തുവരുന്നതാണ് മൂര്‍ത്തിയുടെ നിയമനത്തില്‍ കണ്ടത്. എ.ഐ.എ.ഡി.എം.കെയും രജനിയുമായി ഒരു നേര്‍ക്ക് നേര്‍ സഖ്യമുണ്ടാവാനുള്ള സാദ്ധ്യത വിദൂരമാണ്. സുതാര്യതയും അഴിമതി വിരുദ്ധതയും കൊടിയടയാളമാക്കുന്ന രജനിക്ക് എ.ഐ.എ.ഡി.എം.കെയുമായി നേരിട്ടൊരു സഖ്യത്തിനാവില്ല. 

അപ്പോള്‍ പിന്നെ ഒ.പി.എസ്സിനെക്കൊണ്ട് എ.ഐ.എ.ഡി.എം.കെ. പിളര്‍ത്തി ബി.ജെ.പി. രജനിക്ക് വേണ്ടി പുതിയൊരു കളി കളിക്കുമോ എന്നാണ് തമിഴകം ഉറ്റുനോക്കുന്നത്. എന്തായാലും രജനിയുടെ രംഗപ്രവേശം ഏറ്റവുമധികം ഭീഷണി ഉയര്‍ത്തുന്നത് മുഖ്യമന്ത്രി എടപ്പാടിക്കും എ.ഐ.എ.ഡി.എം.കെയ്ക്കുമാണ് എന്നതാണ് യാഥാര്‍ത്ഥ്യം.

placeholder
രജനികാന്ത് | Photo: AFP

കാലവും പ്രായവും രജനിയുടെ കൂടെയല്ല

ലേറ്റായ് വന്താലും ലേറ്റസ്റ്റായി വരുവേന്‍ എന്നത് രജനിയുടെ ഒരു പഞ്ച് ഡയലോഗാണ്. പക്ഷേ, കബാലി ഡയലോഗ് പോലെ ഈ ഡയലോഗും യാഥാര്‍ത്ഥ്യമാവാനുള്ള സാദ്ധ്യത വിരളമാണ്. കരുണാനിധിയും എം.ജി.ആറും ജയലളിതയും സിനിമയിലൂടെ രാഷ്ട്രീയം പയറ്റിയവരാണ്. ഒരു സുപ്രഭാതത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയവരല്ല ഇവര്‍. 

അണ്ണാദുരയുടെ സ്‌കൂളില്‍ രാഷ്ട്രീയം പഠിച്ചാണ് കരുണാനിധിയും എം.ജി.ആറും വളര്‍ന്നത്. ജയലളിതയാണെങ്കില്‍ എം.ജി.ആറിന്റെ സ്‌കൂളിലാണ് പയറ്റിത്തെളിഞ്ഞത്. ഇവര്‍ക്കെല്ലാം തന്നെ സുശക്തമായ രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയുണ്ടായിരുന്നു. ദ്രാവിഡി പാര്‍ട്ടികള്‍ക്ക് പുറത്ത് ഒരു സിനിമാതാരത്തിനും തമിഴകത്ത് ചലനമുണ്ടാക്കാനായിട്ടില്ല. നടികര്‍ തിലകം ശിവാജി ഗണേശനാണ് ഇതിനുള്ള ഏറ്റവും നല്ല ഉദാഹരണം.

രജനി മക്കള്‍ മന്‍ട്രം എന്ന ഫാന്‍ അസോസിയേഷന്‍ വെച്ച് തമിഴകം പിടിക്കാന്‍ രജനിക്കാവില്ല. അഞ്ചു മാസങ്ങളേയുള്ളു തമിഴകത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്. രാഷ്ട്രീയ പ്രവര്‍ത്തനം വിപ്ലവം പോലെ തന്നെ അത്താഴവിരുന്നല്ല. തമിഴകം ഇളക്കിമറിച്ച് ഒരു പ്രചാരണയാത്രയ്ക്കുള്ള ആരോഗ്യം രജനിക്കില്ല. ജനങ്ങളിലേക്കിറങ്ങിച്ചെന്ന് അവരുടെ ഭാവന പിടിച്ചെടുക്കാനാവുന്നില്ലെങ്കില്‍ ഒരത്ഭുതവും ഒരിടത്തുമുണ്ടാവില്ല. 

രജനിയുടെ ഫാന്‍സ് അസോസിയേഷനില്ലാത്ത രണ്ട് കാര്യങ്ങള്‍ ബി.ജെ.പിക്കുണ്ട്. സുശക്തമായ കേഡര്‍ സംവിധാനവും പണവും. കാശിന് കാശും ആളിനാളുമിറക്കി  അണിയറയില്‍ ബി.ജെ.പി. കരുക്കള്‍ നീക്കിയാലേ രജനിയുടെ വരവിന് മൂര്‍ച്ചയുണ്ടാവുകയുള്ളു. അത്തരമൊരു ഉറപ്പിന് പുറത്തായിരിക്കണം രജനി ഇങ്ങനെയൊരു സാഹസത്തിന് ഇപ്പോള്‍ തയ്യാറായത്.

നിലവില്‍ തമിഴകത്ത് രാഷ്ട്രീയ സാഹചര്യം ഡി.എം.കെയ്ക്ക് അനുകൂലമാണ്. പാര്‍ട്ടി ഒന്നടങ്കം എം.കെ. സ്റ്റാലിന് പിന്നിലുണ്ട്. കലൈഞ്ജര്‍ കരുണാനിധിയുടെ വ്യക്തിപ്രഭാവവും ബുദ്ധി കൂര്‍മ്മതയുമില്ലെങ്കിലും സ്റ്റാലിന്‍ തമിഴകത്തെ എണ്ണംപറഞ്ഞ നേതാവാണ്. ഉത്തരേന്ത്യന്‍ ആധിപത്യത്തിനെതിരെയുള്ള ശക്തമായൊരു വികാരവും തമിഴകത്തുണ്ട്. മുസ്ലിം - ക്രിസ്ത്യന്‍ ന്യൂനപക്ഷവും ഡി.എം.കെയ്ക്ക് പിന്നില്‍ അണിനിരക്കും. 

ആത്യന്തികമായി എ.ഐ.എ.ഡി.എം.കെയുടെ വോട്ടുകളായിരിക്കും രജനി വിഭജിക്കുക. നടന്‍ കമലഹാസന്റെ പാര്‍ട്ടി ഇതുപോലെ ഡി.എം.കെയുടെ വോട്ടുകള്‍ വിഭജിക്കും എന്നു പറയുന്നതില്‍ അര്‍ത്ഥമില്ല. കാരണം രജനിയുണ്ടാക്കുന്ന ഓളമുണ്ടാക്കാന്‍ കമലിനൊരിക്കലും കഴിയില്ല.

താന്‍ മുഖ്യമന്ത്രിയാവില്ലെന്നാണ് രജനി ഇക്കഴിഞ്ഞ മാര്‍ച്ചില്‍ പറഞ്ഞത്. ഇത് പിന്‍വലിക്കാന്‍ രജനി തയ്യാറാവുന്നില്ലെങ്കില്‍ രജനിയുടെ അനുയായികള്‍ക്ക് ആവേശം കുറയുമെന്നുറപ്പാണ്. രജനി മുഖ്യമന്ത്രിയാവാനാണ് ഫാന്‍സുകാര്‍ വോട്ടുചെയ്യുക. 

അനിശ്ചിതത്വമാണ് രജനിയുടെ കൂടപ്പിറപ്പ. ഒരു തീരുമാനമെടുക്കുക രജനിക്ക് എളുപ്പമല്ല. രാഷ്ട്രീയത്തിലിറങ്ങാനുള്ള തീരുമാനമെടുക്കാന്‍ 25 കൊല്ലം വേണ്ടി വന്നുവെന്നത് കാണാതിരിക്കരുത്. രജനിയുടെ അദ്ധ്യാത്മിക രാഷ്ട്രീയം ബി.ജെ.പിയുടെ ഹിന്ദുത്വ തന്നെയാണെന്ന് തിരിച്ചറിയാന്‍ തമിഴക ജനതയ്ക്ക് പ്രത്യേക ട്യൂഷനൊന്നും വേണ്ടി വരില്ല. പെരിയാറിനെയും രാജാജിയേയും കാമരാജിനേയും അണ്ണാദുരൈയേയും കണ്ടു വളര്‍ന്ന ജനതയാണ് തമിഴകത്തുള്ളത്.

ഈ കളി ബി.ജെ.പി കളിക്കുന്ന കളിയാണ്. രജനിയെ നായകനാക്കി ബി.ജെ.പി. കളിക്കുന്ന കളി. ഈ പടം ഹിറ്റായാലുമില്ലെങ്കിലും ബി.ജെ.പിക്ക് നഷ്ടമുണ്ടാവില്ല. തമിഴകത്ത് നഷ്ടപ്പെടാന്‍ ഒന്നുമില്ലാത്ത പാര്‍ട്ടിയാണ് ബി.ജെ.പി. കിട്ടാനോ ദക്ഷിണേന്ത്യയിലെ ഏറ്റവും ഫലഭൂയിഷ്ടമായ മണ്ണും. ദ്രാവിഡത്തിന്റെ പശിമരാശി മണ്ണില്‍ രജനിയെ മുന്നില്‍ നിര്‍ത്തി ബി.ജെ.പി. വിതയ്ക്കുന്ന വിത്തുകള്‍ എത്ര മേനി വിളവ് കൊടുക്കും എന്നിടത്തായിരിക്കും മതേതര ഇന്ത്യയുടെ ബാക്കിപത്രം രൂപപ്പെടുക.

Content Highlights: Rajinikanth entering to Tamil politics along with the script of BJP