ന്യൂഡല്‍ഹി: വേറിട്ട രാഷ്ട്രീയ പ്രചാരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്തെ യുവാക്കളും തൊഴിലാളികളും വെള്ള ടീഷര്‍ട്ട് ധരിച്ച് അസമത്വത്തിന് എതിരായ മുന്നേറ്റത്തില്‍ പങ്കുചേരണമെന്ന് രാഹുല്‍ ഗാന്ധി ആഹ്വാനം ചെയ്തു. ഈ പ്രചാരണത്തിനായി വെബ്‌സൈറ്റും തയാറാക്കിയിട്ടുണ്ട്. പരമാവധി ആളുകള്‍ വെള്ള ടീഷര്‍ട്ട് ധരിച്ച് സഹകരിക്കണമെന്നും രാഹുല്‍ ഗാന്ധി അഭ്യര്‍ത്ഥിച്ചു.

To advertise here,

നരേന്ദ്ര മോദി സര്‍ക്കാര്‍ ദരിദ്രര്‍ക്കുനേരെ പുറംതിരിഞ്ഞ് നില്‍ക്കുകയാണെന്നും ഇതിനെതിരായി പോരാടണമെന്നും രാഹുല്‍ പറഞ്ഞു. ചില കുത്തകശക്തികളെ കൂടുതല്‍ സമ്പന്നരാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും സ്ഥിതി കൂടുതല്‍ വഷളാവുകയാണ്. അവര്‍ പലതരത്തിലുള്ള അനീതികളും പീഡനങ്ങളുമാണ് ഏറ്റുവാങ്ങേണ്ടിവരുന്നത്. 

ദരിദ്രരും സാധാരണക്കാരുമായ ജനങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തേണ്ടതും അവര്‍ക്ക് നീതി നേടിക്കൊടുക്കേണ്ടതും നമ്മള്‍ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്. ഇതിനുവേണ്ടിയാണ് #WhiteTshirtMovement ആരംഭിച്ചിരിക്കുന്നതെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. യുവാക്കളും തൊഴിലാളികളും ആവേശത്തോടെ ഈ മുന്നേറ്റത്തിന്റെ ഭാഗമാവണമെന്നും രാഹുല്‍ ആഹ്വാനം ചെയ്തു. 

എന്താണ് വൈറ്റ് ടീഷര്‍ട്ട് മൂവ്‌മെന്റ്?

ഇതിനായി ആരംഭിച്ച വെബ്‌സൈറ്റില്‍ പറയുന്നതുപ്രകാരം, വെള്ളക്കുപ്പായങ്ങള്‍ വെറും വസ്ത്രങ്ങളല്ല. കോണ്‍ഗ്രസിന്റെ അടിസ്ഥാന തത്വങ്ങളായ സഹാനുഭൂതി, ഐക്യം, അഹിംസ, സമത്വം, എല്ലാവരുടെയും പുരോഗമനം എന്നിവയെയാണ് വെള്ള നിറം പ്രതിനിധീകരിക്കുന്നത്. ഒരുമിച്ചുനിൽക്കുന്ന ഇന്ത്യക്കുവേണ്ടിയുള്ള കാഹളമാണ് വൈറ്റ് ടീഷര്‍ട്ടുകളെന്നും അത് ധരിക്കുന്നതിലൂടെ ഭാരത് ജോഡോ യാത്രയുടെ മൂല്യങ്ങളെയാണ് നാം ഉള്‍കൊള്ളുന്നതെന്നും വെബ്‌സൈറ്റില്‍ പറയുന്നു.