ന്യൂഡല്‍ഹി: മോദി സമുദായത്തിനെതിരേ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കുറ്റക്കാരനാണെന്ന് കോടതി. സൂറത്തിലെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെതാണ് വിധി. 

To advertise here,

2019ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കര്‍ണാടകത്തിലെ കോളാറില്‍ നടത്തിയ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുന്നതിനിടെയായിരുന്നു മോദി സമുദായത്തെതിരേയുള്ള രാഹുലിന്റെ പരാമര്‍ശം. എല്ലാ കള്ളന്‍മാരുടെയും പേരില്‍ മോദി ഉണ്ടെന്ന രാഹുലിന്റെ പരാമര്‍ശമാണ് വലിയ വിവാദമായത്‌. ഇത് മോദി സമുദായത്തില്‍പ്പെട്ടവര്‍ക്ക് അപകീര്‍ത്തികരമാണെന്ന് ചൂണ്ടിക്കാണിച്ച്‌ ബിജെപി നേതാവും സൂറത്തില്‍ നിന്നുള്ള എംഎല്‍എയുമായ പൂര്‍ണേഷ് മോദിയാണ് പരാതി നല്‍കിയത്‌. 

കേസില്‍ വിശദമായി വാദം കേട്ടതിന് പിന്നാലെയാണ് കോടതി വിധി പ്രസ്താവിച്ചത്. കോടതി ആവശ്യപ്പെട്ട പ്രകാരം വിധി കേള്‍ക്കാന്‍ രാഹുലും ഇന്ന് കോടതിയില്‍ ഹാജരായിരുന്നു.

അതേസമയം വിധി എന്തു തന്നെയായാലും അതിനെ ബഹുമാനിക്കുന്നുവെന്നാണ് രാഹുല്‍ഗാന്ധിയുടെ നിലപാടെന്നും അദ്ദേഹത്തിന് പൂര്‍ണ പിന്തുണ നല്‍കുമെന്നും ഗുജറാത്ത് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി വ്യക്തമാക്കി.