ചണ്ഡീഗഢ്: പഞ്ചാബിൽ ആംആദ്മി പാർട്ടി നേതാവ് ലക്കി ഒബ്റോയി വെടിയേറ്റ് മരിച്ചു. വെള്ളിയാഴ്ച രാവിലെ എട്ടേകാലോടെ ജലന്ധറിൽ വെച്ചാണ് വെടിയേറ്റത്. മോഡൽ ടൗണിലെ ഗുരുദ്വാരയ്ക്ക് പുറത്ത് ഇരുചക്ര വാഹനത്തിൽ എത്തിയ അജ്ഞാതരാണ്‌ ഇദ്ദേഹത്തിന് നേരെ നിറയൊഴിച്ചത്.

To advertise here,

പ്രാഥമിക വിവരങ്ങൾ അനുസരിച്ച് ഗുരുദ്വാരയ്ക്ക് പുറത്ത് ഒബ്റോയിയ്ക്ക് നേരെ പലതവണ വെടിയുതിർത്തു. കാറിലിരുന്ന ഒബ്റോയിയുടം ശരീരത്തിൽ അഞ്ച് ബുള്ളറ്റുകൾ തറച്ചുകയറി. ഗുരുതരാവസ്ഥയിലായ അദ്ദേഹത്തെ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഒബ്റോയി ഗുരുദ്വാരക്ക് പുറത്ത് കാർ പാർക്ക് ചെയ്യുകയായിരുന്ന സമയത്താണ്  ആക്രമികൾ വെടിയുതിർത്തത്. സംഭവത്തെ തുടർന്ന് പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. വിവരമറിഞ്ഞയുടൻ പോലീസ് സംഘം സ്ഥലത്തെത്തി കേസ് അന്വേഷണം ആരംഭിച്ചു.

പഞ്ചാബ് നിയമസഭാ പ്രതിപക്ഷ നേതാവ് പ്രതാപ് സിങ് ബജ്‌വ സംഭവത്തിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ചു. മുഖ്യമന്ത്രി ഭഗവന്ത് മാനിൻ്റെ ഭരണത്തിൽ പഞ്ചാബിലെ ക്രമസമാധാന നില തകർന്നടിഞ്ഞു എന്ന് ബജ്‌വ ആരോപിച്ചു. ഭരണകക്ഷിയുടെ നേതാക്കൾ പോലും സുരക്ഷിതരല്ലെങ്കിൽ സാധാരണ പൗരന്മാർക്ക് എന്ത് പ്രതീക്ഷയാണുള്ളത്?", ബജ്‌വ എക്സിൽ കുറിച്ചു. സംഭവത്തെത്തുടർന്ന് ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനാവാല പഞ്ചാബിൽ ക്രമസമാധാന നില പൂർണ്ണമായും തകർന്നു എന്ന് പ്രതികരിച്ചു.

ലക്കി ഒബ്റോയിയുടെ ഭാര്യ എഎപി സ്ഥാനാർഥിയായി നഗരസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നെങ്കിലും വിജയിച്ചില്ല.