
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ വിവിധ വന്‍കിട പദ്ധതികള്‍ അടുത്ത വര്‍ഷം ജനുവരി 26-ന് അകം പൂര്‍ത്തിയാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിങ്കളാഴ്ച്ച ചേര്‍ന്ന വിശാല മന്ത്രിസഭാ യോഗത്തിലാണ് മന്ത്രിമാര്‍ക്ക് പ്രധാനമന്ത്രി ഈ നിര്‍ദേശം നല്‍കിയത്. ഏപ്രില്‍-മെയ് മാസങ്ങളില്‍ ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കും എന്നതിനാലാണ് പ്രധാനമന്ത്രി ഈ നിര്‍ദേശം നല്‍കിയതെന്നാണ് വിലയിരുത്തപ്പെടുന്നത്.
ജനുവരി 26-ഓടെ പദ്ധതികളുടെ ഉത്ഘാടനം നടക്കണമെന്നാണ് പ്രധാനമന്ത്രി നിര്‍ദേശിച്ചത്. 75-ാം റിപ്പബ്ലിക് ദിന ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതും ജനുവരി 26-ന് ആണ്. കര്‍ണാടക നിയമസഭാ തെരെഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഈ വര്‍ഷാവസാനം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്കൊപ്പം ലോക്സഭാ തിരഞ്ഞെടുപ്പ് നടത്താന്‍ ബിജെപി ശ്രമിക്കുമെന്ന് ചില പ്രതിപക്ഷ നേതാക്കള്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍, പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ പ്രധാനമന്ത്രി ജനുവരി 26 വരെ സമയപരിധി പ്രഖ്യാപിച്ചതോടെ പൊതു തിരഞ്ഞെടുപ്പ് നേരത്തെ ഉണ്ടാകില്ലെന്ന് വ്യക്തമായി.
പുനഃസംഘടനയില്‍ സസ്പെന്‍സ് തുടരുന്നു
മന്ത്രിസഭാ പുനഃസംഘടന ഉണ്ടാകുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തില്‍ പുനഃസംഘടനയെ സംബന്ധിച്ച് പ്രധാനമന്ത്രി ഒരു സൂചനയും നല്‍കിയില്ല. പുനഃസംഘടന ഉണ്ടാകുമോ എന്ന കാര്യത്തില്‍ ഇപ്പോഴും സസ്പെന്‍സ് തുടരുകയാണ്. മഹാരാഷ്ട്രയിലെ ഷിന്ദേ വിഭാഗം ശിവസേനയിലേയും അജിത് പവാര്‍ വിഭാഗം എന്‍സിപിയിലേയും എംപിമാരെ കേന്ദ്ര മന്ത്രിസഭയില്‍ ഉള്പ്പെടുത്തണെമെന്ന ആവശ്യം ബിജെപിയുടെ പരിഗണനയിലാണ്. മന്ത്രിസഭാ പുനഃസംഘടന ഉണ്ടായാല്‍ ബിഹാറില്‍ നിന്നുള്ള ചിരാഗ് പാസ്വാനും കേന്ദ്ര മന്ത്രി സഭയിലെത്തും.
Content Highlights: Projects should be completed before Republic Day-Prime Minister's directive
Published: 04 Jul 2023, 10:45 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented