അഹമ്മദാബാദ്: മന്ത്രിസഭാ വിപുലീകരണത്തിന്റെ ഭാഗമായി ഗുജറാത്തില്‍ പുതിയ ഉപമുഖ്യമന്ത്രിയും മന്ത്രിമാരും അധികാരമേറ്റു. മജുറ എംഎല്‍എയായ ഹര്‍ഷ് സംഘ്‌വിയാണ് പുതിയ ഉപമുഖ്യമന്ത്രി. ഗാന്ധിനഗറിലെ മഹാത്മ മന്ദിറില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ ഗവര്‍ണര്‍  സത്യവാചകം ചൊല്ലിക്കൊടുത്തു.

To advertise here,

ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ ജഡേജ ഉള്‍പ്പെടെ 19 പുതുമുഖങ്ങളാണ് മന്ത്രിസഭയിലുള്ളത്. പുതിയ അംഗങ്ങളെയടക്കം ഉള്‍പ്പെടുത്തി വിപുലീകരിച്ചതോടെ ഗുജറാത്ത് മന്ത്രിസഭയിലെ അംഗങ്ങളുടെ എണ്ണം മുഖ്യമന്ത്രി ഉള്‍പ്പെടെ 26 പേരായി ഉയര്‍ന്നു.

കഴിഞ്ഞദിവസമാണ് ഗുജറാത്തിലെ ഭൂപേന്ദ്ര പട്ടേല്‍ സര്‍ക്കാരിലെ മുഖ്യമന്ത്രി ഒഴികെയുള്ള 16 മന്ത്രിമാരും രാജിക്കത്ത് നല്‍കിയത്. മന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായി ബിജെപിയുടെ നിര്‍ദേശപ്രകാരമായിരുന്നു രാജി. തുടര്‍ന്നാണ് മുഖ്യമന്ത്രി ഗവര്‍ണറെ കണ്ട് പുതിയ അംഗങ്ങളുടെ വിവരങ്ങള്‍ കൈമാറിയത്.

ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഹര്‍ഷ് സംഘ്‌വി മുന്‍ ആഭ്യന്തര സഹമന്ത്രിയാണ്. കഴിഞ്ഞ മന്ത്രിസഭയിലുണ്ടായിരുന്ന ഋഷികേശ് പട്ടേല്‍, പ്രഫുല്‍ പന്‍ഷേരിയ, കുന്‍വാര്‍ജി ഭവാലിയ, കനുഭായി ദേശായി, പര്‍ഷോത്തം സോളാങ്കി എന്നിവരെ പുതിയ മന്ത്രിസഭയിലും നിലനിര്‍ത്തി. ഇവരുടെ വകുപ്പുകളിലും മാറ്റമില്ല.

ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഹര്‍ഷ് സങ്‌വി, ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യയും ജാംനഗര്‍ നോര്‍ത്ത് എംഎല്‍എയുമായ റിവാബ ജഡേജ, നരേഷ് പട്ടേല്‍, ദര്‍ശന വഗേല, പ്രത്യുമാന്‍ വാജ, കാന്തിലാല്‍ അമൃതിയ, മനിഷ വാകില്‍, അര്‍ജുന്‍ മോന്ദ്‌വാഡിയ, ജിതു വാഘാനി, സ്വരൂപ് ജി ഠാക്കൂര്‍, ത്രികാം ഛാംഗ, ജയറാം ഗാമിത്, പി.സി. ബരാന്ദ, രമേശ് കത്താറ, ഈശ്വര്‍സിന്‍ഹ് പട്ടേല്‍, പ്രവീണ്‍ മാലി, രാമന്‍ഭായ് സോളാങ്കി, കമലേഷ് പട്ടേല്‍, സഞ്ജയ് സിങ് മാഹിദ തുടങ്ങിയവരാണ് മന്ത്രിസഭയിലെ പുതുമുഖങ്ങള്‍.

182 അംഗങ്ങളുള്ള ഗുജറാത്ത് നിയമസഭയില്‍ അനുവദനീയമായ മന്ത്രിമാരുടെ പരാമവധി എണ്ണം 27 ആണ്. പുതിയ മന്ത്രിസഭയില്‍ ഒബിസി വിഭാഗത്തില്‍നിന്ന് എട്ടുപേരും പാട്ടിദാര്‍ വിഭാഗത്തില്‍നിന്ന് ആറുപേരും എസ്ടി വിഭാഗത്തില്‍നിന്ന് നാലുപേരും എസ്‌സി വിഭാഗത്തില്‍നിന്ന് മൂന്നുപേരും ക്ഷത്രിയവിഭാഗത്തില്‍നിന്ന് രണ്ടുപേരും ബ്രാഹ്‌മണ, ജൈന വിഭാഗങ്ങളില്‍നിന്ന് ഓരോരുത്തരും ഉള്‍പ്പെടുന്നു.