കേപ് ടൗണ്‍: ഇന്ത്യയുടെ ചന്ദ്രയാന്‍-3 വിജയത്തില്‍ രാജ്യത്തെ ശാസ്ത്രജ്ഞര്‍ക്കും ജനങ്ങള്‍ക്കും അഭിനന്ദനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാനായി ദക്ഷിണാഫ്രിയിലുള്ള പ്രധാനമന്ത്രി വെര്‍ച്വലായാണ് രാജ്യത്തെ അഭിസംബോധന ചെയ്തത്. 

To advertise here,

പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്‍റെ പ്രസക്തഭാഗം

ഭാരതത്തിന് പുതിയ ഊര്‍ജ്ജവും പുതിയവിശ്വാസവും പുതുജീവനും പകരുന്നതാണ് ഈ നിമിഷം. അമൃതകാലത്തിന്റെ ആദ്യപ്രഭാവത്തില്‍ വിജയത്തിന്റെ അമൃതവര്‍ഷമുണ്ടായിരിക്കുകയാണ്. നാം ഭൂമിയില്‍ വെച്ച് ഇതിനെക്കുറിച്ച് തീരുമാനിച്ചു, ചന്ദ്രനില്‍ അത് പൂര്‍ത്തീകരിച്ചു. നാം ചന്ദ്രനിലെത്തിയതായി നമ്മുടെ ശാസ്ത്രജ്ഞരും അറിയിച്ചുകഴിഞ്ഞു. ഇന്ന് നാം ബഹിരാകാശത്ത് നവഭാരതത്തിന്റെ പുതിയ കുതിപ്പിന് സാക്ഷികളായിരിക്കുകയാണ്. 

നമ്മുടെ ശാസ്ത്രജ്ഞരുടെ പരിശ്രമവും പ്രതിഭയുമാണ് ഇന്ന് ഭാരതത്തെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെത്തിച്ചത്. അവിടെ ഇന്നുവരെ ലോകത്തിലാരും കടന്നുചെന്നിട്ടില്ല. ഇതോടെ ചന്ദ്രനുമായി ബന്ധപ്പെട്ടുള്ള എല്ലാ കഥകള്‍ക്കും ഇനി വ്യക്തതയുണ്ടാകും. ഭാരതത്തില്‍ ഭൂമിയെ മാതാവെന്നാണ് പറയുന്നത്, ചന്ദ്രനെ അമ്മാവനെന്നും. ചന്ദാമാമ ഏറെ ദൂരെയാണെന്ന ഒരിക്കല്‍ പറഞ്ഞിരുന്നു, എന്നാല്‍ ചന്ദാമാമയിലേക്ക് ടൂറ് പോകാമെന്ന് ഇനി നമ്മുടെ കുട്ടികള്‍ പറയും".