ന്യൂഡല്‍ഹി: ജനാധിപത്യത്തിന്റെ വേദിയില്‍ രാജാധികാരത്തിന്റെ ചിഹ്നമായ ചെങ്കോലുമായി പര്യടനവും വരവേല്‍പ്പും. ബുധനാഴ്ച പാര്‍ലമെന്റിന്റെ പുതിയമന്ദിരത്തില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനു മുന്നോടിയായാണ് ചെങ്കോല്‍ അകമ്പടിയോടെയുള്ള വരവേല്‍പ്പ് അരങ്ങേറിയത്. പാര്‍ലമെന്റിന്റെ ചരിത്രത്തില്‍ ആദ്യമായി നയപ്രഖ്യാപന പ്രസംഗം സെന്‍ട്രല്‍ ഹാളില്‍നിന്ന് മാറ്റി പുതിയ മന്ദിരത്തിലെ ലോക്സഭാ ഹാളിലുമാക്കി.

To advertise here,

നയപ്രഖ്യാപനത്തിന് എത്തിയ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ ചെങ്കോല്‍ മുന്‍നിര്‍ത്തിയാണ് സ്വീകരിച്ചാനയിച്ചത്. ലോക്സഭാ ഹാളില്‍ സ്പീക്കറുടെ ഇരിപ്പിടത്തിനരികിലായി സ്ഥാപിച്ച ചെങ്കോല്‍, ബുധനാഴ്ച രാവിലെ പത്തരയോടെയാണ് പുറത്തെടുത്തത്. ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള, പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്‌ളാദ് ജോഷി, ഇരുസഭകളുടെയും സെക്രട്ടറി ജനറലുമാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ സീനിയര്‍ മാര്‍ഷല്‍ രാജീവ് ശര്‍മ ചെങ്കോല്‍ കൈകളിലേന്തി. ആചാരപരമായ വേഷവും തലപ്പാവും ധരിച്ച മാര്‍ഷല്‍ ചെങ്കോലുമായി മുന്നെയിറങ്ങി.

സ്പീക്കര്‍, പാര്‍ലമന്ററികാര്യ മന്ത്രി, സെക്രട്ടറി ജനറലുമാര്‍ എന്നിവര്‍ പിന്നില്‍ അണിനിരന്നു. ഇതോടെ, ഭരണപക്ഷാംഗങ്ങള്‍ കൈയടിച്ചു. ഗാലറിയിലുണ്ടായിരുന്ന സേനാ ബാന്‍ഡ് താളം മുഴക്കി. തുടര്‍ന്ന് ചെങ്കോലുമായി പുറത്തെത്തിയ സംഘം രാഷ്ട്രപതിയെ വരവേല്‍ക്കാന്‍ ഗജ്ദ്വാറില്‍ കാത്തുനിന്നു. 10.45-ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും പിന്നാലെ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറുമെത്തി. 10.50-ന് ആറു കുതിരകളെ പൂട്ടിയ ബഗ്ഗിയില്‍ രാഷ്ട്രപതിയെത്തി. കുതിരപ്പട്ടാളം അകമ്പടിയായി.


10 വര്‍ഷംകൊണ്ട് ഇന്ത്യ വിശ്വമിത്രമായി - രാഷ്ട്രപതി

ലോക്സഭാതിരഞ്ഞെടുപ്പിന് മാസങ്ങള്‍മാത്രം ശേഷിക്കെ മോദിസര്‍ക്കാരിന്റെ 10 വര്‍ഷത്തെ ഭരണനേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം. സ്ഥിരതയുള്ള സര്‍ക്കാരാണ് ഇന്ത്യയുടെ ശക്തിയെന്ന് ചൂണ്ടിക്കാട്ടിയ രാഷ്ട്രപതി ദ്രൗപദി മുര്‍മു, 10 വര്‍ഷത്തെ ഭരണത്തില്‍ ഇന്ത്യ വിശ്വമിത്രമായി മാറിയെന്നും അഭിപ്രായപ്പെട്ടു.

140 കോടി ജനങ്ങളുടെ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കുമെന്ന ഗ്യാരണ്ടിയോടെ സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണെന്നും രാഷ്ട്രപതി പറഞ്ഞു. ബുധനാഴ്ച 11-നാണ് പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ ലോക്സഭാഹാളില്‍ 17-ാം ലോക്സഭയുടെ അവസാനസമ്മേളനത്തില്‍ രാഷ്ട്രപതി നയപ്രഖ്യാപനപ്രസംഗം നടത്തിയത്. ഒന്നേകാല്‍ മണിക്കൂര്‍ നീണ്ടു.

പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ തന്റെ കന്നിപ്രസംഗമാണെന്ന് ആമുഖമായി പറഞ്ഞാണ് രാഷ്ട്രപതി പ്രസംഗം തുടങ്ങിയത്. വനിതാസംവരണനിയമം, മുത്തലാഖ് നിരോധന നിയമം, പൗരത്വനിയമം, ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി പിന്‍വലിക്കല്‍, ജി 20 ഉച്ചകോടി തുടങ്ങിയവ സര്‍ക്കാരിന്റെ നേട്ടങ്ങളാണെന്ന് രാഷ്ട്രപതി ചൂണ്ടിക്കാട്ടി. അയോധ്യയിലെ രാമക്ഷേത്രത്തെ രാഷ്ട്രപതി പ്രകീര്‍ത്തിച്ചു.


ചെങ്കോല്‍ അകമ്പടിയില്‍ സഭയിലേക്ക്

നയപ്രഖ്യാപനത്തിനെത്തിയ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും സ്പീക്കറും ചേര്‍ന്നാണ് സ്വീകരിച്ചത്. ചെങ്കോലുമായി രാഷ്ട്രപതിയെ വരവേറ്റ സംഘം ലോക്സഭാ ഹാളിലേക്കു നീങ്ങി. ചെങ്കോലുമായി സീനിയര്‍ മാര്‍ഷല്‍ മുന്നില്‍, രാഷ്ട്രപതി തൊട്ടുപിന്നില്‍, ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും സ്പീക്കറും പാര്‍ലമെന്ററി കാര്യമന്ത്രിയും പിന്നില്‍.

ലോക്സഭാ ഹാളില്‍ പ്രവേശിച്ച സംഘം സ്പീക്കറുടെ ഇരിപ്പിടത്തിനുമുന്നില്‍ താഴെയുള്ള സെക്രട്ടറി ജനറലിന്റെ ഇരിപ്പിടത്തിനരികില്‍ സീനിയര്‍ മാര്‍ഷല്‍ ചെങ്കോല്‍ സ്ഥാപിച്ചു. പ്രസംഗം അവസാനിപ്പിച്ച് രാഷ്ട്രപതി മടങ്ങുമ്പോഴും മുന്നില്‍ സീനിയര്‍ മാര്‍ഷല്‍ ചെങ്കോലുമായി നീങ്ങി. രാഷ്ട്രപതിയെ യാത്രയാക്കിയ ശേഷം ചെങ്കോല്‍ തിരികെ ലോക്സഭാ ഹാളിലെത്തിച്ച് സ്പീക്കറുടെ ഇരിപ്പിടത്തിനരികില്‍ സ്ഥാപിച്ച് നമസ്‌കരിച്ചശേഷം മാര്‍ഷല്‍ പിന്‍വാങ്ങി. ഇതോടെ, ചെങ്കോല്‍ ഇന്ത്യയുടെ പാര്‍ലമെന്ററി ചരിത്രത്തില്‍ പുതിയ അധ്യായമെഴുതി.