സിപിഎം 24ാം പാര്‍ട്ടി കോണ്‍ഗ്രസിലേക്ക് നീങ്ങുമ്പോള്‍, ജനറല്‍ സെക്രട്ടറിയായിരുന്ന സീതാറാം യെച്ചൂരിയുടെ അഭാവത്തില്‍ പാര്‍ട്ടിക്ക് ചുക്കാന്‍ പിടിക്കുന്നത് മുന്‍ ജനറല്‍ സെക്രട്ടറി കൂടിയായ പിബി കോ-ഓര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ടാണ്. വര്‍ത്തമാന ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സിപിഎമ്മിന്റെ നയസമീപനങ്ങള്‍ അദ്ദേഹം മാതൃഭൂമിയുമായുള്ള അഭിമുഖത്തില്‍ പങ്കുവച്ചു. കൂടുതല്‍ പേര്‍ പ്രായപരിധി പിന്നിട്ടുനില്‍ക്കുന്നതിനാല്‍ പിബിയില്‍ ആര്‍ക്കെങ്കിലും ഇളവ് വേണ്ടതുണ്ടോയെന്നത് പാര്‍ട്ടി കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യുമെന്ന് കാരാട്ട് വെളിപ്പെടുത്തി. എന്നാല്‍ നേതാക്കളുടെ ക്ഷാമമില്ലെന്നും മുതിര്‍ന്നവര്‍ പദവിയൊഴിഞ്ഞാല്‍ ബൗദ്ധികവരള്‍ച്ചയുണ്ടാക്കില്ലെന്നും അദ്ദേഹം നിലപാട് വ്യക്തമാക്കി. ബിജെപിക്കെതിരായ വിശാല വേദിയായ ഇന്ത്യാ ബ്ലോക്കിന്റെ പ്രവര്‍ത്തനം തിരഞ്ഞെടുപ്പിലേക്ക് മാത്രമായി പരിമിതപ്പെടുത്തരുതെന്നാണ് സിപിഎം നിലപാടെന്നും കാരാട്ട് പറയുന്നു.  

പാര്‍ട്ടി കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യാന്‍ പോകുന്ന മുഖ്യ അജന്‍ഡ എന്തായിരിക്കും

മുഖ്യ അജന്‍ഡ രാഷ്ട്രീയപ്രമേയം തന്നെയാണ്. ഏത് രാഷ്ട്രീയ അടവുനയമാണ് പാര്‍ട്ടി സ്വീകരിക്കേണ്ടത് എന്ന തീരുമാനമാണ് മുഖ്യം. പാര്‍ട്ടി പ്രസിദ്ധീകരിച്ച കരട് രാഷ്ട്രീയപ്രമേയത്തിന്മേല്‍ ലഭിച്ച ഭേദഗതികളും നിര്‍ദ്ദേശങ്ങളും പരിശോധിച്ച് തയാറാക്കുന്ന റിപ്പോര്‍ട്ടും കരട് പ്രമേയത്തിനൊപ്പം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കും. ഒരു ദിവസം മുഴുവനായും ഇതിന്മേല്‍ ചര്‍ച്ചയുണ്ടാകും. രണ്ടാമത്തേത് സംഘടനാ റിപ്പോര്‍ട്ടാണ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തനം അവലോകനം ചെയ്തുള്ള രാഷ്ട്രീയ അവലോകനരേഖ പാര്‍ട്ടി തയാറാക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലുള്ള സംഘടനാരേഖയിന്മേലും വിശദചര്‍ച്ചയുണ്ടാകും.

ഈ പാര്‍ട്ടി കോണ്‍ഗ്രസിലേക്കെത്തുമ്പോള്‍ പാര്‍ട്ടിക്ക് മുന്നിലുള്ള രാഷ്ട്രീയാവസ്ഥ എങ്ങനെ.

കണ്ണൂരില്‍ ചേര്‍ന്ന 23-ാം പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ചത് ബിജെപിയെ തോല്‍പ്പിക്കാന്‍ വിശാല മതേതര, ജനാധിപത്യകക്ഷികളുടെ പൊതുവേദിയാകാമെന്നാണ്. അതിന്റെ ഭാഗമായി മോദി സര്‍ക്കാരിന്റെ സാമ്പത്തിക, നവലിബറല്‍, ഹിന്ദുത്വ സമീപനങ്ങള്‍ക്കും നയങ്ങള്‍ക്കുമെതിരായ പ്രക്ഷോഭപരിപാടികള്‍ ശക്തിപ്പെടുത്താന്‍ തീരുമാനിച്ചു. ഈ സ്വേച്ഛാധിപത്യശക്തികള്‍ക്കെതിരായ വിശാല ഐക്യനിര ശക്തിപ്പെടുത്തണം. ആ സ്ഥിതി  ഇപ്പോഴും നിലനില്‍ക്കുകയാണ്. കാരണം മോദിസര്‍ക്കാര്‍ തന്നെയാണ് വീണ്ടും അധികാരത്തില്‍. പക്ഷേ, നമ്മുടെ രാഷ്ട്രീയഅടവുനയം കൃത്യമായിരുന്നു. ബിജെപിക്കെതിരായ വിശാല ഐക്യനിര കെട്ടിപ്പടുക്കുകയെന്ന തീരുമാനമാണ് ഇന്ത്യാ ബ്ലോക്കിന്റെ രൂപീകരണം. അതിന്റെ തുടര്‍ച്ചയായി ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാനാവാത്തവിധം തടഞ്ഞുനിര്‍ത്തി. പൂര്‍ണവിജയമല്ല, ഭാഗികവിജയമുണ്ടായി. ആ സമീപനം തുടരും. അതോടൊപ്പം പാര്‍ട്ടിയുടെ സ്വതന്ത്ര അടിത്തറ ശക്തിപ്പെടുത്തുകയെന്നതിനാകും ഇത്തവണത്തെ പാര്‍ട്ടി കോണ്‍ഗ്രസിലെ ഊന്നല്‍. പാര്‍ട്ടിയുടെ സ്വതന്ത്രശക്തി വീണ്ടെടുത്താലല്ലാതെ ബിജെപിക്കെതിരായ ഫലപ്രദമായ പോരാട്ടം സാധ്യമല്ല.

ബിജെപിക്കെതിരായ പ്രതിപക്ഷനിരയിലെ ഏറ്റവും വലിയ കക്ഷി ഇപ്പോഴും കോണ്‍ഗ്രസാണ്. അതെക്കുറിച്ച് എന്തു പറയുന്നു.

പ്രതിപക്ഷത്തിന്റെ വിശാല ഐക്യവേദിയെന്നാണ് നമ്മള്‍ വിളിക്കുന്നത്. അത് തുടരും. അല്ലാതെ ഈ പാര്‍ട്ടികളുടെയെല്ലാം സഖ്യമെന്നത് പ്രായോഗികമല്ല. ഓരോ പാര്‍ട്ടിയുടെയും നയങ്ങളും പ്രത്യയശാസ്ത്ര സമീപനവും വ്യത്യസ്തമാണ്. ഇന്ത്യാ ബ്ലോക്ക് പ്രധാനമായും ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് രൂപീകരിച്ചതാണ്. അതിനുശേഷം ആ പൊതുവേദി എങ്ങനെ മുന്നോട്ട് കൊണ്ടുപോകണമെന്നതില്‍ പൊതുധാരണയുണ്ടായിട്ടില്ല. നമ്മള്‍ ആവശ്യപ്പെടുന്നത് അത് ചര്‍ച്ച ചെയ്യണമെന്നാണ്. ഇത് വെറും തിരഞ്ഞെടുപ്പ്കാലത്തേക്ക് മാത്രം പോരാ. ബിജെപിക്കെതിരെ പോരാടണമെങ്കില്‍, മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കാനാണ് പോരാട്ടമെങ്കില്‍, വിശാല കാഴ്ചപ്പാടിലൂന്നിയുള്ളതാകണം ഈ വേദി. തിരഞ്ഞെടുപ്പ് മാത്രം ലാക്കാക്കിയാണെങ്കില്‍ ഇനി ആ പോരാട്ടവേദിക്ക് അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പ് വരെ കാക്കണം. അതല്ല ലക്ഷ്യം.

ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം ഇന്ത്യാബ്ലോക്കിനകത്ത് അഭിപ്രായഐക്യമില്ലാത്ത സ്ഥിതിയുണ്ട്. അതെങ്ങനെ പരിഹരിക്കും.

അത് തിരഞ്ഞെടുപ്പ് മാത്രം ലാക്കാക്കി രൂപീകരിച്ചതിനാലാണ്. ലോക്സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇതെങ്ങനെ മുന്നോട്ട് കൊണ്ടുപോകണമെന്നതിന് ഒരു റോഡ്മാപ്പ് ഇല്ലാതായി. പിന്നാലെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ അത് പ്രകടമായി. ഡല്‍ഹിയില്‍ ആപ്പും കോണ്‍ഗ്രസും ഏറ്റുമുട്ടി. ഒരു തിരഞ്ഞെടുപ്പ് മാത്രം മുന്നില്‍ കണ്ട് രൂപീകരിച്ച പൊതുവേദിയായതിനാലാണ് അസംബ്ലി തിരഞ്ഞെടുപ്പുകളില്‍ ഐക്യമില്ലാതെ പോയത്. ഒരു പൊതു അടിത്തറയില്‍ നിന്നുകൊണ്ട് പ്രധാനപ്പെട്ട ദേശീയ രാഷ്ട്രീയവിഷയങ്ങളിലെല്ലാം ഒരുമിച്ച് പോരാടാനുള്ള സാധ്യതകളുണ്ടാവണം. വെറും തിരഞ്ഞെടുപ്പ് ലക്ഷ്യം മാത്രമാകുമ്പോള്‍ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്കെതിരെ യോജിച്ച വേദി സാധ്യമാകാതെ വരും.

2011ലെ ബംഗാള്‍ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്കുശേഷം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇടതുപക്ഷത്തിന്റെയും സിപിഎമ്മിന്റെയും സ്വാധീനം തീര്‍ത്തും കുറഞ്ഞു. എന്താണ് വിലയിരുത്തല്‍.

To advertise here,

അതുകൊണ്ടാണ് നമ്മളുടെ ഊന്നല്‍ പാര്‍ട്ടിയുടെ അടിത്തറ തിരിച്ചുപിടിക്കുന്നതിനും സ്വതന്ത്ര കരുത്ത് വീണ്ടെടുക്കുന്നതിനുമായിരിക്കുമെന്ന് പറഞ്ഞത്. കഴിഞ്ഞ കണ്ണൂര്‍ പാര്‍ട്ടി കോണ്‍ഗ്രസും ഈ ദിശയിലുള്ള ചില തീരുമാനങ്ങളെടുക്കുകയുണ്ടായി. അതിന് ശേഷമുണ്ടായ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്ത്, ന്യൂനതകളെന്തൊക്കെയാണെന്ന് കണ്ടെത്തി ചര്‍ച്ച ചെയ്തിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനാവശ്യമായ സമഗ്രപദ്ധതി ആവിഷ്‌കരിക്കാനാണ് തീരുമാനം. പശ്ചിമ ബംഗാളിലെയും ത്രിപുരയിലെയും നഷ്ടപ്പെട്ട അടിത്തറ തിരിച്ചുപിടിക്കുകയെന്നല്ല, മറിച്ച് രാജ്യത്ത് എവിടെയെല്ലാം മുന്നേറാനാകുമോ അവിടെയെല്ലാം അതിനാവശ്യമായ പദ്ധതികള്‍ തയാറാക്കുകയാണ് ലക്ഷ്യമിടുന്നത്. ആ സംഘടനാപ്രക്രിയയും പാര്‍ട്ടി കോണ്‍ഗ്രസില്‍ നടക്കും.

1964ല്‍ സിപിഎം രൂപീകൃതമായ ശേഷമിങ്ങോട്ടെടുത്താല്‍ ഇന്നിപ്പോള്‍ കേരളത്തില്‍ മാത്രമാണ് പാര്‍ട്ടി അധികാരത്തില്‍. എന്തുകൊണ്ട് ഉത്തരേന്ത്യയിലടക്കം പാര്‍ട്ടിക്ക് സ്വാധീനമില്ലാതെ പോകുന്നു.

ഉത്തരേന്ത്യയെ സംബന്ധിച്ചിടത്തോളം 1990കള്‍ക്ക് ശേഷം രാജ്യത്തുണ്ടായ പുതിയ ധ്രുവീകരണം കാര്യങ്ങളെ മാറ്റിമറിച്ചിട്ടുണ്ട്. രാമജന്മഭൂമി പ്രശ്നം സൃഷ്ടിച്ച ഹിന്ദുത്വ വര്‍ഗീയ ആധിപത്യം ഒരുവശത്ത്. അതോടൊപ്പം ചില ജാതിയധിഷ്ഠിത സ്വത്വരാഷ്ട്രീയവും ശക്തിപ്പെട്ടു. ഇവ രണ്ടും കമ്യൂണിസ്റ്റ്, ഇടത് പ്രത്യയശാസ്ത്രത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഇതിനെ മറികടക്കാന്‍ വര്‍ഷങ്ങള്‍ വേണ്ടിവന്നു. ചില സംസ്ഥാനങ്ങളില്‍ പാര്‍ട്ടിക്ക് മുന്നേറ്റമുണ്ടാകുന്നുണ്ട്. ബിഹാറില്‍ ശക്തിയുണ്ട്. രാജസ്ഥാനില്‍ ചില മുന്നേറ്റങ്ങളുണ്ടാക്കാനായി. എങ്കിലും തിരഞ്ഞെടുപ്പ് അടിസ്ഥാനത്തില്‍ നോക്കിയാല്‍ നമുക്കിപ്പോഴും മുന്നേറ്റമുണ്ടാവുന്നില്ല. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സംഭവിച്ച പ്രകടമായ വലതുപക്ഷ വ്യതിയാനം നമ്മളെ പിറകോട്ടടിച്ചിട്ടുണ്ട്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ പുതിയ വലതുപക്ഷ, ഹിന്ദുത്വ ശക്തികള്‍ ആധിപത്യം സ്ഥാപിക്കുന്ന പ്രവണതയാണ്. ഹിന്ദുത്വയെ ഫലപ്രദമായി പ്രതിരോധിക്കാതെ ഇതിനെ മറികടക്കാനാവില്ല. സമൂഹത്തിനിടയില്‍ ആര്‍എസ്എസ് വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കുന്ന സ്വാധീനത്തെ മറികടക്കേണ്ടതുണ്ട്. രാഷ്ട്രീയപരമായും പ്രത്യയശാസ്ത്രപരമായും ജനങ്ങളെ എങ്ങനെ സ്വാധീനിക്കാമെന്നതിനെ ആശ്രയിച്ചാണ് കാര്യങ്ങള്‍.

പക്ഷേ, സിപിഎം അതിന്റെ സംഘടനാപ്രചരണത്തിന് സുപ്രധാന ഭാഗമാക്കേണ്ട പാര്‍ട്ടി കോണ്‍ഗ്രസ് പോലും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മാത്രമാണ് കഴിഞ്ഞ കുറച്ചുകാലമായി നടത്തുന്നത്. ഉത്തരേന്ത്യയിലേക്ക് വളരാനുള്ള ഇടപെടലില്ല. എന്ത് പറയുന്നു.

5-6 ദിവസം നീളുന്ന പാര്‍ട്ടി കോണ്‍ഗ്രസ് എന്നത് വലിയ ചെലവേറിയ കാര്യമാണ്. മറ്റ് പാര്‍ട്ടികളെപ്പോലുള്ള സമീപനം നമ്മള്‍ക്കാവില്ല. ആ പാര്‍ട്ടികള്‍ ഒരു കേന്ദ്രീകൃത സ്രോതസ്സില്‍ നിന്ന് മാത്രം പണം സംഘടിപ്പിക്കാന്‍ കെല്‍പ്പുള്ളവരാണ്. നമ്മള്‍ ഒരു കോണ്‍ഫറന്‍സ് സംഘടിപ്പിക്കുമ്പോള്‍ അതിനാവശ്യമായ വിഭവങ്ങള്‍ അവിടെ നിന്നുതന്നെ ശേഖരിക്കാനാണ് ശ്രമിക്കാറ്. മിക്ക ഹിന്ദി സംസ്ഥാനങ്ങളിലും നമ്മള്‍ അങ്ങനെയൊരു സംഘടനാസ്ഥിതിയിലല്ല. അതിന് സമയം ചെലവിടുന്നതിന് പകരം അവിടങ്ങളില്‍ പാര്‍ട്ടി കേഡറുകളെ വളര്‍ത്താനാണ് നോക്കുക. പണം സ്വരൂപിക്കുന്നത് ഇവിടങ്ങളില്‍ പാര്‍ട്ടിയെ വളര്‍ത്താനാണ് ഉപയോഗിക്കേണ്ടത്. പാര്‍ട്ടി കേഡര്‍മാര്‍ക്ക് മേല്‍ അനാവശ്യമായി കൂടുതല്‍ ഭാരമടിച്ചേല്‍പ്പിക്കാനാവില്ല. ഇപ്പോള്‍ മധുരയിലേക്ക് പോകുമ്പോള്‍ എന്റെ യാത്രാടിക്കറ്റ് പോലുമെടുക്കുന്നത് അവിടത്തെ റിസപ്ഷന്‍ കമ്മിറ്റിയാണ്.

ബംഗാളില്‍ തൃണമൂലും ബിജെപിയും തമ്മിലാണ് ഏറ്റുമുട്ടലെന്ന പ്രതീതിയുണര്‍ത്തി ദ്വന്ദ രാഷ്ട്രീയമാണവിടെയെന്ന് വരുത്തിത്തീര്‍ക്കുന്നത് സിപിഎമ്മിനെ ഇല്ലാതാക്കാനാണെന്ന് പാര്‍ട്ടി കരട് പ്രമേയം വിലയിരുത്തുന്നുണ്ട്.അതെന്തു കൊണ്ടാണ്.

മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ബംഗാളില്‍ ബിജെപി മാത്രമല്ല മുഖ്യശത്രു. അവിടെ നമ്മള്‍ ടിഎംസിക്കെതിരെയും പോരാടണം. നമ്മളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന കമ്യൂണിസ്റ്റ് വിരുദ്ധശക്തിയാണ്. നമ്മുടെ മുഖ്യശത്രു ബിജെപി തന്നെയാണ്. ടിഎംസി- ബിജെപി എന്ന ദ്വന്ദമാണ് ബംഗാളിലെന്ന പ്രതീതി ഉണര്‍ത്താന്‍ തൃണമൂല്‍ നടത്തിയ ശ്രമം അവിടെ വിജയിച്ചിട്ടുണ്ട്. അതിന്റെ ലക്ഷ്യം ഇടതുപക്ഷത്തെ ഇല്ലാതാക്കലാണ്. ഇടതുപക്ഷത്തെ ഇല്ലാതാക്കാന്‍ ഇരുവരും ഒത്തുകളിക്കുന്നുവെന്നാണ് ഞങ്ങളുടെ വിലയിരുത്തല്‍.

പക്ഷേ ബിജെപിയെ ഫലപ്രദമായി എതിര്‍ക്കുന്ന പാര്‍ട്ടിയെന്ന് ടിഎംസി ബംഗാളില്‍ തെളിയിച്ചിട്ടില്ലേ.

ടിഎംസിയുടെ ചരിത്രം പരിശോധിച്ചാല്‍ അതല്ലെന്ന് വ്യക്തമാകും. ബിജെപിയുമായി അവര്‍ ഒരിക്കല്‍ സഖ്യത്തിലുമേര്‍പ്പെട്ടു. മമത ബാനര്‍ജി വാജ്പേയ് മന്ത്രിസഭയില്‍ അംഗമായിരുന്നിട്ടുണ്ട്. അവര്‍ ഒരിക്കലും പ്രത്യയശാസ്ത്രപരമായും ആര്‍എസ്എസിന്റെ ഹിന്ദുത്വ വര്‍ഗീയതയ്ക്കെതിരായും സ്ഥിരതയാര്‍ന്ന നിലപാടെടുത്തിട്ടില്ല. ഇന്ന് അവര്‍ ബിജെപിയെ എതിര്‍ക്കുന്നത് ബംഗാളിലെ വലിയ വിഭാഗം മുസ്ലിം ന്യൂനപക്ഷവോട്ടുബാങ്ക് ലക്ഷ്യമിട്ടാണ്. ബിജെപി വിരുദ്ധത ടിഎംസി പ്രകടിപ്പിക്കുന്നത് മുസ്ലിം ന്യൂനപക്ഷങ്ങളെ തങ്ങളുടെ പിന്നില്‍ അണിനിരത്താന്‍ മാത്രമാണ്. അതിനാല്‍ അവരുടെ മതേതരത്വം വെറും തിരഞ്ഞെടുപ്പ് കേന്ദ്രീകൃതമാണ്. അല്ലാത്തപ്പോള്‍ ബിജെപിയുമായി ഒത്തുകളിക്കാനും അവര്‍ക്ക് മടിയില്ല. ബിജെപിയെ ഭയക്കുന്ന ജനങ്ങള്‍, തൃണമൂലാണ് അവരെ ചെറുക്കുന്ന പാര്‍ട്ടിയെന്ന തോന്നലില്‍ തൃണമൂലിനെ പിന്തുണയ്ക്കുകയാണ്. ടിഎംസി ഭരണത്തില്‍ മടുത്തയാളുകള്‍ ബിജെപിക്കാണ് അവരെ തോല്‍പ്പിക്കാനാവുക എന്ന തോന്നലില്‍ അവര്‍ക്കൊപ്പം പോകുന്നു. ആത്യന്തികമായി ഇടതുപക്ഷം അവിടെ ഇല്ലാതാകുന്നു. അതിനാല്‍ ബംഗാളിലെ പോരാട്ടം നമ്മള്‍ സവിശേഷരീതിയില്‍ ക്രമീകരിക്കേണ്ടതുണ്ട്. ബിജെപിയെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ എതിര്‍ക്കുന്നതിനൊപ്പം തൃണമൂലിനെതിരായ പോരാട്ടവും ശക്തിപ്പെടുത്തണം.

നവഫാസിസത്തെക്കുറിച്ച് നല്‍കിയ വിശദീകരണം ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്. അതേക്കുറിച്ച് എന്താണ് താങ്കളുടെ വിലയിരുത്തല്‍.

രണ്ട് കാര്യങ്ങളുണ്ടതില്‍. ഒന്നാമതായി ഫാസിസം അല്ലെങ്കില്‍ ഫാസിസ്റ്റ് പ്രതിഭാസം ഇന്ത്യയില്‍ ഏതെല്ലാം തരത്തില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് നാം ആദ്യം തിരിച്ചറിയണം. രണ്ടാമത് നവഫാസിസമാണ്. 21-ാം നൂറ്റാണ്ടിലെ ഇന്ത്യയില്‍ ഫാസിസത്തിന്റെ പുതിയ പ്രവണതകള്‍ ഏതുവിധത്തിലാണെന്ന് തിരിച്ചറിയണം. മാര്‍ക്സിസ്റ്റുകളെ സംബന്ധിച്ചിടത്തോളം ഫാസിസം എന്നതും വര്‍ഗാടിസ്ഥാനത്തിലാണ് നിര്‍വചിക്കുന്നത്. ഫാസിസം രൂപപ്പെട്ടത് രണ്ടാം ലോകയുദ്ധകാലത്താണ്. ഇന്നത്തെ ഫാസിസം രൂപപ്പെട്ടത് നവ ഉദാരവത്കരണത്തിന്റെ ഭാഗമായാണ്. 1930 കളിലെ മാന്ദ്യകാലത്തിന്റെ തുടര്‍ച്ചയായിട്ടുണ്ടായതാണ് ക്ലാസിക്കല്‍ ഫാസിസം. രണ്ടും വ്യത്യസ്തമാണ്. മൂലധനശക്തികളുടെ സ്വഭാവത്തിലും മാറ്റമുണ്ടായി. അതില്‍ നവ ഉദാരവത്കരണസ്വാധീനം ഉള്‍ച്ചേര്‍ന്നു. നവ ഉദാരവത്കരണത്തിന്റെ പ്രതിസന്ധിയില്‍ നിന്നുടലെടുക്കുന്നതാണ് ഇന്നത്തെ ഫാസിസം. പഴയകാല ഫാസിസത്തില്‍ ചില പുതിയ ഭാവങ്ങള്‍ ഉള്‍ച്ചേരുന്നു. അതിന്റെ ഭാവം ഓരോ രാജ്യത്തും വ്യത്യസ്തമാണ്. ഉദാഹരണത്തിന് ആര്‍എസ്എസ്- ഹിന്ദുത്വ എന്നത് ഇന്ത്യയുടെ മാത്രം ഫാസിസ്റ്റിക് സവിശേഷതയാണ്. ഇതിനെയാണ് നമ്മള്‍ അഡ്രസ്സ് ചെയ്യുന്നത്. ചിലയാളുകള്‍ ഇതിനെ തെറ്റിദ്ധരിച്ചിട്ടുണ്ട്. ഞങ്ങളൊരിക്കലും മോദിഭരണകൂടത്തെയോ ആര്‍എസ്എസിനെയോ വിലയിരുത്തുന്നതില്‍ നിലപാട് മാറ്റിയിട്ടില്ല. വളര്‍ന്നുവരുന്ന ഫാസിസ്റ്റിക് പ്രവണതകള്‍ പ്രകടമാക്കുന്ന ഭരണകൂടമെന്ന പ്രയോഗം നമ്മള്‍ ആദ്യമായി നടത്തുന്നത് 2018 ലെ ഹൈദരാബാദ് പാര്‍ട്ടി കോണ്‍ഗ്രസിലാണ്. ഏഴ് വര്‍ഷം പിന്നിടുമ്പോള്‍ അതില്‍ നിന്നെല്ലാം ഏറെ മുന്നോട്ട് പോയിരിക്കുന്നു. അന്ന് ഞങ്ങള്‍ പറഞ്ഞത് വളര്‍ന്നുവരുന്ന ഫാസിസ്റ്റിക് പ്രവണത എന്നാണെങ്കില്‍ ഇന്നതല്ല. അത് വളര്‍ന്നുകഴിഞ്ഞു. ഫാസിസ്റ്റിക് പ്രവണത പ്രകടമാക്കുന്ന ഭരണകൂടമായി.

കണ്ണൂര്‍ പാര്‍ട്ടി കോണ്‍ഗ്രസ് പറഞ്ഞത് ആര്‍എസ്എസിന്റെ ഫാസിസ്റ്റിക് അജന്‍ഡയുമായി പോകുന്ന മോദി സര്‍ക്കാരെന്നാണ്. അതില്‍ വൈരുധ്യമില്ലേ.

അതെ, ആര്‍എസ്എസിനെ അങ്ങനെ തന്നെയാണ് വിശേഷിപ്പിക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ ഫാസിസ്റ്റ് എന്നല്ല. ഇന്ന് അതില്‍ നിന്നെല്ലാം ഏറെ മുന്നോട്ട് പോയി. അവരിന്ന് നവഫാസിസ്റ്റ് പ്രവണതകള്‍ പ്രദര്‍ശിപ്പിക്കുന്നു എന്നതാണ് അവസ്ഥ. നമ്മുടെ ഊന്നല്‍ എന്നത് ഇപ്പോഴും നമുക്ക് അതിനെ ചെറുത്തുതോല്‍പ്പിക്കാനാവുമെന്നതാണ്. നമ്മള്‍ ഇടപെട്ട് പോരാടിയാല്‍ ചെറുത്തുതോല്‍പ്പിക്കാനാവും. കാരണം ഫാസിസം സംഭവിച്ചുകഴിഞ്ഞിട്ടില്ല. അതിനാല്‍ അതൊരു തോറ്റ യുദ്ധമല്ല. ഈ ആപത്തിനെ തടഞ്ഞുനിര്‍ത്താം.

പക്ഷേ, അത് പലരിലും തെറ്റിദ്ധാരണയുണ്ടാക്കിയുണ്ട്. ശ്രദ്ധിച്ചിട്ടുണ്ടാകുമല്ലോ.

ഞങ്ങളുടെ പാര്‍ട്ടിക്കകത്ത് തെറ്റിദ്ധാരണ ആര്‍ക്കുമില്ല. നവഫാസിസം എന്ന പ്രയോഗം എന്തുകൊണ്ടെന്ന സംശയമുയര്‍ന്നപ്പോഴാണ് കേന്ദ്രകമ്മിറ്റി യോഗം ചേര്‍ന്ന് വിശദീകരണക്കുറിപ്പ് നല്‍കണമെന്ന് അഭിപ്രായപ്പെട്ടത്. അതിന്റെ അടിസ്ഥാനത്തിലാണ് പിബി കരട്പ്രമേയത്തിനൊപ്പം വിശദീകരണക്കുറിപ്പ് ഇറക്കിയത്.

സിപിഐഎംഎല്‍ വിമര്‍ശിച്ചത് ഇന്ത്യയിലെ അപകടകരമായ സാഹചര്യത്തില്‍ ഹിറ്റ്ലറുടെയും മുസോളിനിയുടെയും ഫാസിസവുമായി താരതമ്യം ചെയ്യാന്‍ മാത്രം കമ്യൂണിസ്റ്റുകാര്‍ക്ക് ഇത്രയും ധാരാളിത്തം സാധിക്കുമോയെന്നാണ്.ആ പ്രസ്താവനയെക്കുറിച്ച് എന്താണ് അഭിപ്രായം.

അവര്‍ വേറൊരു പാര്‍ട്ടിയാണ്. നവഫാസിസത്തിന്റെ നിര്‍വചനത്തെയാണ് അവര്‍ തെറ്റിദ്ധരിച്ചത്. അവര്‍ അതിന്റെ യാന്ത്രികമായ നിര്‍വചനത്തെ മാത്രമാണ് കാണുന്നത്. ഹിറ്റ്ലറുടെയും മുസോളിനിയുടെയും ഫാസിസത്തിന് പുതിയ വകഭേദങ്ങളുണ്ടായിട്ടുണ്ട് എന്ന് തന്നെയാണ് ഞങ്ങളും പറയുന്നത്.

കേരളത്തില്‍  ആശ വര്‍ക്കര്‍മാര്‍ സമരത്തിലാണ്, അതും ഇടതുസര്‍ക്കാരിനെതിരെ. ഇടതുബുദ്ധിജീവികളില്‍ നിന്നടക്കം വ്യാപകപിന്തുണ സമരത്തിന് കിട്ടുമ്പോഴും സര്‍ക്കാര്‍ നിഷേധഭാവത്തിലാണെന്ന പ്രതീതിയുണ്ട്. ഇക്കാര്യത്തില്‍ എന്താണ് നിലപാട്.

ആശ വര്‍ക്കര്‍മാര്‍ കേരളത്തിലും ഇന്ത്യയിലാകെയും ചൂഷണം ചെയ്യപ്പെടുന്നവരാണ്. അവര്‍ക്ക് തൊഴിലാളി എന്ന പദവിയില്ല. സന്നദ്ധസേവകരായി മാത്രമാണ് പരിഗണിക്കപ്പെടുന്നത്. അവര്‍ വേതനപരിഷ്‌കരണമാവശ്യപ്പെട്ടാണ് സമരം ചെയ്യുന്നത്. അവരുടെ അടിസ്ഥാന ആവശ്യങ്ങളെ പൂര്‍ണമായും പിന്തുണയ്ക്കുന്നവരാണ് ഞങ്ങള്‍. പക്ഷേ, പ്രശ്നമെന്നത് ഇത് പൂര്‍ണമായും കേന്ദ്രപദ്ധതിയാണ്. അവരുയര്‍ത്തുന്ന ആവശ്യങ്ങള്‍ പൂര്‍ണമായി പ്രാവര്‍ത്തികമാക്കേണ്ടത് കേന്ദ്രസര്‍ക്കാരാണ്. തൊഴിലാളിയായി പരിഗണിച്ച് പൂര്‍ണവേതനമുറപ്പാക്കുകയെന്നത് സംസ്ഥാന സര്‍ക്കാരിന്റെ അധികാരപരിധിയില്‍ പെടുന്നതല്ല. സംസ്ഥാനസര്‍ക്കാരിന് ചെയ്യാനാവുന്നത് ഓണറേറിയം നല്‍കുക മാത്രമാണ്. 2016ല്‍ കേരളത്തില്‍ അവര്‍ക്ക് കിട്ടിയ ഓണറേറിയവും ഇപ്പോഴത്തേതും തമ്മില്‍ വ്യത്യാസമുണ്ട്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ ഇപ്പോള്‍ ഉയര്‍ന്ന ഓണറേറിയമാണ്. കുടിശ്ശിക കൊടുത്തുതീര്‍ക്കേണ്ടത് സംസ്ഥാനസര്‍ക്കാരിന്റെ ഉത്തരവാദിത്വത്തില്‍ പെടും. സംസ്ഥാനസര്‍ക്കാര്‍ അക്കാര്യം അംഗീകരിച്ചിട്ടുമുണ്ടെന്നാണറിയുന്നത്. സംസ്ഥാനസര്‍ക്കാരിന് ചെയ്യാവുന്നതെല്ലാം സംസ്ഥാന ആരോഗ്യമന്ത്രി നടത്തിയ ചര്‍ച്ചയില്‍ ചെയ്യാമെന്ന് സമ്മതിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ ഈ സ്‌കീമുകളെല്ലാം പരിഷ്‌കരിക്കാതെ പ്രശ്നപരിഹാരമുണ്ടാവില്ല. സമരം കേന്ദ്രത്തിനെതിരെ തിരിയുന്നില്ല. അതിന് പിന്നില്‍ ചില രാഷ്ട്രീയലക്ഷ്യങ്ങളുണ്ട്. ബിജെപി നേതാക്കള്‍ അവിടെയെത്തി സഹായങ്ങള്‍ ചെയ്യുന്നു. എന്തുകൊണ്ട് അവര്‍ കേന്ദ്രത്തിനെതിരെ തിരിയുന്നല്ല.

സമരം ചെയ്യുന്നവര്‍ അടിസ്ഥാനവര്‍ഗത്തില്‍ പെട്ടവരാണെന്നിരിക്കെ, അവരെ പരസ്യമായി വ്യക്തിപരമായി ചില പാര്‍ട്ടിനേതാക്കള്‍ അധിക്ഷേപിച്ചത്  ശരിയായോ.

അതെനിക്കറിയില്ല.

പാര്‍ട്ടി കോണ്‍ഗ്രസ് അടുത്തെത്തിയിരിക്കെ ഏറ്റവും ആകാംക്ഷയുണര്‍ത്തുന്ന ചോദ്യം അടുത്ത ജനറല്‍സെക്രട്ടറി ആരെന്നതാണ്.

പാര്‍ട്ടി കോണ്‍ഗ്രസാണ് എല്ലായ്പ്പോഴും പുതിയ കേന്ദ്രകമ്മിറ്റിയെയും പൊളിറ്റ്ബ്യൂറോയെയും തിരഞ്ഞെടുക്കാറ്. പുതിയ കേന്ദ്രകമ്മിറ്റി ചേര്‍ന്ന് ജനറല്‍സെക്രട്ടറിയെ തിരഞ്ഞെടുക്കും. ഇത്തവണത്തെ വ്യത്യാസമെന്നത് ഞങ്ങളുടെ ജനറല്‍സെക്രട്ടറി പാര്‍ട്ടി കോണ്‍ഗ്രസിന് മുമ്പായി മരണപ്പെട്ടെന്ന ദുഃഖകരമായ യാഥാര്‍ഥ്യമാണ്. അതുകൊണ്ട് അടുത്ത പാര്‍ട്ടി കോണ്‍ഗ്രസില്‍ പുതിയ ജനറല്‍സെക്രട്ടറിയെ തിരഞ്ഞെടുത്താല്‍ മതിയെന്ന് തീരുമാനിച്ചു. അതുകൊണ്ടാണ് ഞാന്‍ പിബി കോ-ഓര്‍ഡിനേറ്റര്‍ മാത്രമായിരിക്കുന്നത്. ഒരു തിരഞ്ഞെടുത്ത ജനറല്‍സെക്രട്ടറി പാര്‍ട്ടി കോണ്‍ഗ്രസിന് മുമ്പ് വേണ്ട, അത് പുതിയ കേന്ദ്രകമ്മിറ്റി തീരുമാനിക്കട്ടെയെന്ന് തീരുമാനിച്ചു. അതവരുടെ അവകാശമാണ്.

75 വയസ്സ് പ്രായപരിധിയില്‍ നിരവധി പ്രമുഖനേതാക്കള്‍ ഉയര്‍ന്ന കമ്മിറ്റികളില്‍ നിന്ന് പുറത്ത് പോവുകയാണ്. പരിചയസമ്പത്തിന്റെ അഭാവം ബൗദ്ധികവരള്‍ച്ച പാര്‍ട്ടിക്കുണ്ടാക്കാനിടയില്ലേ.

പ്രായപരിധി വ്യവസ്ഥ പാര്‍ട്ടി ഭരണഘടനയില്‍ കൊണ്ടുവന്നത് കേന്ദ്രകമ്മിറ്റിയുടെ അധികാരമാണ്. അത് ചെയ്തത് നേതൃനിര നിരന്തരം നവീകരിക്കപ്പെടണം എന്ന സദുദ്ദേശത്തോടെയാണ്. തുടര്‍ച്ചയും മാറ്റവും അവിടെയുണ്ടാകും. 75ന് മുകളിലുള്ളവര്‍ മാറും. പക്ഷേ 70ഉം 72ഉം 73ഉം വയസ്സുള്ളവരൊക്കെ തുടരുമല്ലോ. അപ്പോള്‍ പരിചയസമ്പന്നരുടെ അഭാവമുണ്ടാകുന്നില്ല. അതേസമയം, ചില മുതിര്‍ന്നയാളുകള്‍ മാറുമ്പോള്‍ പുതിയ നേതൃനിര ഉയര്‍ന്നുവരും. ഇത്തവണ കൂടുതല്‍ പിബി അംഗങ്ങള്‍ പ്രായപരിധിയുടെ പേരില്‍ ഒഴിയാനിടയുള്ളതിനാല്‍ ആര്‍ക്കെങ്കിലും ഇളവ് വേണ്ടതുണ്ടോയെന്ന് പാര്‍ട്ടി കോണ്‍ഗ്രസ് ചര്‍ച്ച ചെയ്ത് തീരുമാനിക്കും. ഏതെങ്കിലും പ്രത്യേക കേസില്‍ ഇളവ് വേണോയെന്നാണ് തീരുമാനിക്കുക. പൊതുമാനദണ്ഡം പാലിക്കുക തന്നെ ചെയ്യും.

രാഷ്ട്രീയത്തില്‍ പ്രായം ഒരു വിഷയമാണോ. പരിചയസമ്പത്തല്ലേ പ്രധാനം. കേരളത്തില്‍ 87 വയസ്സായ എസ്.രാമചന്ദ്രന്‍ പിള്ളയടക്കം ഇപ്പോഴും സജീവമാണ്.

സംഘടനാ പദവികളില്‍ നിന്നൊഴിയുന്നുവെന്ന് പറഞ്ഞാല്‍ അര്‍ഥം അവര്‍ രാഷ്ട്രീയത്തില്‍ നിന്ന് പാടേ വിരമിക്കുന്നുവെന്നല്ല. ഓരോ കേസിലും പരിചയസമ്പത്തിന്റെയും ശേഷിയുടെയും അടിസ്ഥാനത്തില്‍ അവരവര്‍ക്ക് ചുമതലകള്‍ നല്‍കും. എസ്ആര്‍പി ഇപ്പോഴും പാര്‍ട്ടി കേരള സംസ്ഥാനകമ്മിറ്റി ഓഫീസില്‍ സജീവ ചുമതലയിലുണ്ട്.

പിബിയിലുള്ള വനിതാ നേതാക്കളായ വൃന്ദ കാരാട്ടും സുഭാഷിണി അലിയും പ്രായപരിധി പിന്നിട്ടിരിക്കുന്നു. ഏത് വിഷയത്തിലും ഇപ്പോഴും ഓടിയെത്തുന്ന നേതാക്കളാണിവര്‍. പിബിയിലുള്ള രണ്ട് വനിതകള്‍ ഇവര്‍ മാത്രമാണ്.

വനിതകളെന്നോ പുരുഷന്മാരെന്നോ ഇല്ല. ഞങ്ങള്‍ക്ക് നിരവധി നേതാക്കളുടെ ഒരു പൂള്‍ തന്നെയുണ്ട്. കേന്ദ്രകമ്മിറ്റിതലത്തില്‍ പ്രവര്‍ത്തിക്കുന്നവരുണ്ട്. അവരില്‍ നിന്ന് നേതാക്കളെത്തും. വൃന്ദ കാരാട്ട് പാര്‍ട്ടി പദവിയില്‍ നിന്നൊഴിഞ്ഞാല്‍ അവര്‍ക്ക് ഇപ്പോള്‍ ഇടപെടുന്ന വിഷയങ്ങളില്‍ ഇടപെടാന്‍ കൂടുതല്‍ സമയം കിട്ടുമല്ലോ (ചിരിക്കുന്നു). ആര്‍ക്കെങ്കിലും ഇളവ് ആവശ്യമുണ്ടെങ്കില്‍ അക്കാര്യം പാര്‍ട്ടി കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യും.

പാര്‍ട്ടി മുഖ്യമന്ത്രിയെന്ന നിലയില്‍ പിണറായി വിജയന് ഇളവുണ്ടാകുമോ.

കഴിഞ്ഞ തവണ ആ പരിഗണനയില്‍ അദ്ദേഹത്തിന് മാത്രം ഇളവ് നല്‍കി. ഇത്തവണയും അക്കാര്യം ചര്‍ച്ച ചെയ്യും.

ബിജെപിയെ നേരിടുന്നതില്‍ കേരളത്തില്‍ പാര്‍ട്ടിയില്‍ രാഷ്ട്രീയ, പ്രത്യയശാസ്ത്ര ദൗര്‍ബല്യങ്ങള്‍ പ്രകടമായിട്ടുണ്ടെന്ന വിലയിരുത്തലുണ്ടായി.

അതെ അതുണ്ടായിട്ടുണ്ട്. അത് മറികടക്കാനുള്ള പ്രവര്‍ത്തനങ്ങളിലേക്ക് ഇതിനകം പാര്‍ട്ടി അവിടെ കടന്നിട്ടുണ്ട്.