ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വന്തം മകനെപ്പോലെയാണെന്ന് ഷഹീന്‍ബാഗ് ദാദി ബില്‍ക്കിസ് ബാനോ. ടൈം മാഗസിന്റെ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള 100 പേരുടെ പട്ടികയില്‍ ഇടം നേടിയതില്‍ പ്രധാനമന്ത്രിയെ അഭിനന്ദിക്കുന്നുവെന്നും ബില്‍ക്കിസ് ബാനോ പറഞ്ഞു. 

To advertise here,

'ഈ രീതിയില്‍ ഞാന്‍ ആദരിക്കപ്പെടുന്നതില്‍ സന്തോഷം തോന്നുന്നു. ഇതൊന്നും ഒരിക്കലും പ്രതീക്ഷിച്ചതല്ല. ഖുര്‍ആന്‍ മാത്രമേ ഞാന്‍ വായിച്ചിട്ടുള്ളൂ. സ്‌കൂളില്‍ പോയിട്ടില്ല. പക്ഷെ ഇന്നെനിക്ക് ഏറെ സന്തോഷം തോന്നുന്നു. ഇതേ പട്ടികയില്‍ സ്ഥാനം നേടിയ പ്രധാനമന്ത്രി മോദിയേയും ഞാന്‍ അഭിനന്ദിക്കുന്നു. അദ്ദേഹവും എന്റെ മകനാണ്. ഞാന്‍ ജന്മം നല്‍കിയില്ലെങ്കിലും എന്റെ സഹോദരിയാണ് ജന്മം നല്‍കിയത്. മോദിയുടെ ദീര്‍ഘായുസ്സിനും സന്തോഷത്തിനും വേണ്ടി ഞാന്‍ പ്രാര്‍ഥിക്കും- ബില്‍ക്കിസ്  പറഞ്ഞു. 

82-കാരിയായ ബില്‍ക്കിസ് ദേശീയ പൗരത്വ നിയമ ഭേദഗതിയ്ക്കെതിരായ സമരത്തിലൂടെയാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്. ഷഹീന്‍ബാഗില്‍ സ്ത്രീകളുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധത്തില്‍ പങ്കെടുത്ത 100 കണക്കിന് സ്ത്രീകളില്‍ ഒരാളായിരുന്നു ബില്‍ക്കിസും. എന്നാല്‍ പ്രായത്തെ അവഗണിച്ച് ഷഹീന്‍ ബാഗിലെ സമരപ്പന്തലിലെത്തിയ ബില്‍ക്കിസ് ദേശീയ പൗരത്വ നിയമത്തിനെതിരെയായ പ്രതിഷേധ സമരങ്ങളുടെ മുഖമായി മാറിയിരുന്നു. പിന്നീട് ഇവര്‍ ഷഹീന്‍ബാഗ് ദാദി എന്ന പേരില്‍ ആണ് അറിയപ്പെട്ടത്.

 പ്രധാനമന്ത്രി നരേന്ദ്ര മോദി, ബോളിവുഡ് താരം ആയുഷ്മാന്‍ ഖുറാന, ഗൂഗിള്‍ സി.ഇ.ഒ. സുന്ദര്‍ പിച്ചെ, പ്രൊഫ. രവീന്ദ്ര ഗുപ്ത എന്നിവരും ഇന്ത്യയില്‍നിന്ന് ടൈം മാഗസിന്‍ പട്ടികയില്‍ ഇടം നേടി. 

Content Highlights: PM Narendra Modi is like my son, says Shaheen Bagh's 'Bilkis Dadi' named in TIME's most influential