ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതി(സിഎഎ) ക്കെതിരായ പ്രക്ഷോഭം നടക്കുന്നതിനിടെ കഴിഞ്ഞ ഫെബ്രുവരിയില്‍ ഷഹീന്‍ബാഗ് പ്രദേശത്ത് വെടിവെപ്പ് നടത്തിയ കപില്‍ ഗുര്‍ജര്‍ ബിജെപിയില്‍ ചേര്‍ന്നു. ഗാസിയാബാദിലെ ബിജെപി നേതാക്കളാണ് ഗുര്‍ജര്‍ക്ക് അംഗത്വം നല്‍കി പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. എന്നാല്‍ തൊട്ടുപിന്നാലെ ഗുര്‍ജറുടെ അംഗത്വം ബിജെപി റദ്ദാക്കി.

To advertise here,

ഏതാനും ബിഎസ്പി പ്രവര്‍ത്തകര്‍ക്കൊപ്പമാണ് ഗുര്‍ജര്‍ ബിജെപിയില്‍ ചേര്‍ന്നതെന്നും ഷഹീന്‍ബാഗ്‌ വെടിവെപ്പുമായി അയാള്‍ക്ക് ബന്ധമുള്ളതായി അറിയില്ലായിരുന്നുവെന്നും ഗാസിയാബാദ് ബിജെപി അധ്യക്ഷന്‍ സഞ്ജീവ് ശര്‍മ പറഞ്ഞു. ബിജെപി ഹിന്ദുത്വത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നതിനാലാണ് പാര്‍ട്ടിയില്‍ ചേരാന്‍ തീരുമാനിച്ചതെന്ന് ഗുര്‍ജര്‍ പറഞ്ഞിരുന്നു.

പൗരത്വ നിയമ ഭേദഗതിക്കെതിരെ ആയിരക്കണക്കിനു പേര്‍ പ്രക്ഷോഭം നടത്തിയ ഷഹീന്‍ബാഗില്‍ കഴിഞ്ഞ വര്‍ഷം ഫെബ്രുവരി ഒന്നിന് എത്തിയ കപില്‍ ഗുര്‍ജര്‍ രണ്ടു തവണ ആകാശത്തേക്ക് വെടിവച്ചിരുന്നു. പിന്നീട് അയാള്‍ അറസ്റ്റിലായി. താനും പിതാവ് ഗജേ സിങ്ങും 2019 മുതല്‍ ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകരാണെന്ന് പോലീസിന്റെ ചോദ്യംചെയ്യലിനിടെ കപില്‍ ഗുര്‍ജര്‍ പറഞ്ഞിരുന്നു. മുതിര്‍ന്ന എഎപി നേതാക്കളായ സഞ്ജയ് സിങ് അടക്കമുള്ളവര്‍ക്കൊപ്പം ഗുര്‍ജര്‍ നില്‍ക്കുന്ന ഫോട്ടോകള്‍ അയാളുടെ ഫോണില്‍നിന്ന് കണ്ടെടുത്തിരുന്നു. എന്നാല്‍ അയാളുടെ അവകാശവാദം ആം ആദ്മി പാര്‍ട്ടിയും സ്വന്തം കുടുംബാംഗങ്ങളും തള്ളുകയാണ് ഉണ്ടായത്.

placeholder
Photo - ANI
വെടിവെപ്പ് നടത്തിയതിന് പിന്നാലെ കപില്‍ ഗുര്‍ജറെ പോലീസ് പിടികൂടിയപ്പോള്‍. File Photo - ANI

 

കപില്‍ ഗുര്‍ജറുടെ പിതാവ് 2012 ല്‍ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനിലേക്ക് ബിഎസ്പി ടിക്കറ്റില്‍ മത്സരിച്ച് പരാജയപ്പെട്ടിരുന്നുവെന്ന് കുടുംബം വ്യക്തമാക്കിയിരുന്നു. ആം ആദ്മി പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ലെന്നും അവര്‍ പറഞ്ഞിരുന്നു. സി.എ.എ. വിരുദ്ധ പ്രക്ഷോഭംമൂലം ഗതാഗത കുരുക്ക് പതിവായതുമൂലം അസ്വസ്ഥനായാണ് പ്രക്ഷോഭ സ്ഥലത്തേക്ക് പോയതെന്ന് ഗുര്‍ജര്‍ പോലീസിനോട് പറഞ്ഞിരുന്നു. തന്റെ സഹോദരിയുടെ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുകയാണ്. അതിനിടെ തനിക്ക് ദീര്‍ഘനേരം ഗതാഗതക്കുരുക്കില്‍പ്പെട്ട് വലയേണ്ടി വരുന്നുവെന്നും ഗുര്‍ജര്‍ പറഞ്ഞിരുന്നു.

Content Highlights: Kapil Gurjar who fired shots near Shaheen Bagh joins BJP; later BJP cancels membership