ന്യൂഡൽഹി: ബഹിരാകാശ യാത്രിക സുനിതാ വില്യംസിനെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മാർച്ച് ഒന്നിന് അയച്ച കത്ത് കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിങ് ആണ് എക്സിൽ പങ്കുവെച്ചത്. രാജ്യത്തിന്റെ അഭിമാന നിമിഷമാണിതെന്നും സുനിതയ്ക്കും ബുച്ചിനും ആശംസകൾ അറിയിക്കുന്നതായും മോദി കത്തിൽ പറഞ്ഞു. 

To advertise here,

തിരിച്ചെത്തിയ ശേഷം നിങ്ങളെ ഇന്ത്യയിൽ കാണാൻ ആഗ്രഹിക്കുന്നു. ഇന്ത്യയുടെ പുകൾപെറ്റ പുത്രിമാരിൽ ഒരാളെ ആതിഥേയത്വം വഹിക്കാൻ കഴിയുന്നത് ഏറെ സന്തോഷകരമായിരിക്കും -മോദി കുറിച്ചു.

2016-ൽ ഞാൻ അമേരിക്ക സന്ദർശിച്ച ഘട്ടത്തിൽ നിങ്ങളെ കണ്ടുമുട്ടിയത് സ്നേഹപൂർവ്വം ഓർക്കുന്നു. തിരിച്ചു വരവിന് ശേഷം ഇന്ത്യയിൽ നിങ്ങളെ കാണാൻ ഞങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. അമേരിക്കൻ സന്ദർശന വേളയിൽ ബൈഡനേയും പ്രസിഡന്റ് ഡോണാൾഡ് ട്രംപിനേയും കണ്ടുമുട്ടിയപ്പോൾ നിങ്ങളുടെ ക്ഷേമത്തെക്കുറിച്ച് അന്വേഷിച്ചതായും കത്തിൽ പറയുന്നു. 

നിങ്ങളുടെ നേട്ടത്തിൽ 1.4 ബില്യൺ ഇന്ത്യക്കാർ അഭിമാനിക്കുന്നു. ആയിരം മൈലുകൾ അകലെയാണെങ്കിലും നിങ്ങൾ ഞങ്ങളുടെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്നു. പൂർണ ആരോഗ്യവാന്മാരായിരിക്കാനും ദൗത്യവിജയത്തിനും ഇന്ത്യയിലെ ജനങ്ങൾ പ്രാർത്ഥിക്കുന്നു. സുനിതയുടെ അമ്മ ബോണി പാണ്ഡ്യ അവരുടെ തിരിച്ചുവരവിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നുവെന്നു മോദി പറഞ്ഞു. പരേതനായ ദീപക് ഭായിയുടെ അനുഗ്രവും നിങ്ങളോടൊപ്പമുണ്ടെന്ന് എനിക്കുറപ്പുണ്ടെന്നും മോദി കത്തിൽ പറഞ്ഞു. 

ബോയിങ്ങിന്റെ സ്റ്റാർലൈനർ പേടകത്തിന്റെ മനുഷ്യനെയും വഹിച്ചുള്ള ആദ്യപരീക്ഷണത്തിന്റെ ഭാഗമായാണ് സുനിതയും ബുച്ചും 2024 ജൂണിൽ ഐഎസ്എസിലേക്കു പോയത്. ഒരാഴ്ചയ്ക്കുള്ളിൽ തിരിച്ചുവരുകയായിരുന്നു ലക്ഷ്യമെങ്കിലും സ്റ്റാർലൈനറിനുണ്ടായ സാങ്കേതികത്തകരാർമൂലം അതിലുള്ള മടക്കയാത്ര നടന്നില്ല. ഉചിതമായ ബദൽപദ്ധതി തയ്യാറാകുന്നതുവരെ അവർക്ക് ഐഎസ്എസിൽ കഴിയേണ്ടിവന്നു. ഇലോൺ മസ്‌കിന്റെ സ്പെയ്‌സ് എക്സുമായി സഹകരിച്ചാണ് നാസ തിരിച്ചുവരവ് സാധ്യമാക്കുന്നത്.

ഇന്ത്യന്‍ സമയം ചൊവ്വാഴ്ച രാവിലെ 10.35-ന് സുനിതയുമായുള്ള പേടകം ഭൂമിയിലേക്ക് യാത്ര തിരിച്ചു. സാഹചര്യങ്ങളെല്ലാം അനുകൂലമായാല്‍ പേടകം ബുധനാഴ്ച പുലര്‍ച്ചെ 3.27-ന് ഭൂമിയില്‍ ഇറങ്ങും. ഇരുവര്‍ക്കുമൊപ്പം നിക് ഹേഗ്, അലക്‌സാണ്ടര്‍ ഗോര്‍ബുനോവ് എന്നീ ബഹിരാകാശ യാത്രികരുമുണ്ട്.

ഇന്ത്യന്‍ സമയം 10.15-ഓടെ ഹാച്ചിങ് പൂര്‍ത്തിയായിരുന്നു. ഡ്രാഗണ്‍ പേടകത്തെ ഐഎസ്‌ഐസുമായി ബന്ധപ്പെടുത്തുന്ന കവാടം അടയ്ക്കുന്ന പ്രക്രിയയാണിത്. ഇതിന് പിന്നാലെ നിലയവുമായി വേര്‍പ്പെടുത്തുന്ന അതിനിര്‍ണായക ഘട്ടമായ അണ്‍ഡോക്കിങ്ങും പൂര്‍ത്തിയായതോടെ പേടകം ഭൂമിയിലേക്ക് യാത്ര തിരിക്കുകയായിരുന്നു.ഇന്ത്യന്‍ സമയം പുലര്‍ച്ചെ 2.41-ന് ആണ് ഡീഓര്‍ബിറ്റ് ബേണ്‍ പ്രക്രിയ. വേഗം കുറച്ച് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് ഡ്രാഗണ്‍ പേടകം പ്രവേശിക്കും. പാരാഷൂട്ടുകള്‍ വിടരുന്നതോടെ പേടകം സ്ഥിരവേഗം കൈവരിക്കും. പുലര്‍ച്ചെ 3.27-ന് പേടകം ഭൂമിയില്‍ ഇറങ്ങും. അറ്റ്‌ലാന്റിക് സമുദ്രത്തിലോ മെക്‌സിക്കോ ഉള്‍ക്കടലിലോ ആയിരിക്കും പേടകം പതിക്കുക. ഇത് വീണ്ടെടുത്ത് യാത്രികരെ കരയിലേക്ക് എത്തിക്കാനാണ് പദ്ധതി. സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ഭൂമിയില്‍ ഇറങ്ങുന്ന സമയത്തില്‍ മാറ്റം വരാമെന്ന് നാസ അറിയിച്ചു.