
കൊൽക്കത്ത: മൂന്ന് തദ്ദേശീയ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. യുദ്ധം, സർവേ, സബ്മറൈൻ വിരുദ്ധ പ്രവർത്തനങ്ങൾ എന്നിവയിൽ നാവികസേനയുടെ കരുത്ത് വർദ്ധിപ്പിക്കാൻ ഈ കപ്പലുകൾ സജ്ജമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയ്ക്ക് കേവലം വാങ്ങുന്ന ഒരു രാജ്യം മാത്രമായി തുടരാനാവില്ല. നമ്മുടെ സായുധ സേന ലോകത്തിൻ്റെ ഒരു വിപണിയായി മാറാൻ പാടില്ല. തദ്ദേശീയമായി നിർമ്മിച്ച മൂന്ന് കപ്പലുകൾ ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന ശക്തിയുടെയും കഴിവിൻ്റെയും പ്രതീകങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
‘ഈ മൂന്ന് കപ്പലുകളും ഇന്ത്യയിൽ രൂപകൽപ്പന ചെയ്തവയാണ്. അവ ഇന്ത്യൻ വ്യവസായങ്ങളുടെ പ്രതിഭയുടെയും ഇന്ത്യൻ എഞ്ചിനീയർമാരുടെ കഴിവിൻ്റെയും ഇന്ത്യൻ തൊഴിലാളികളുടെ കഠിനാധ്വാനത്തിൻ്റെയും ഫലമാണ്. ഇതാണ് പുതിയ ഇന്ത്യയുടെ ഏറ്റവും വലിയ ശക്തി. ഇന്ന് പ്രതിരോധ മേഖലയിൽ വെറും വാങ്ങുന്നയാൾ മാത്രമായി തുടരാൻ ഇന്ത്യ ആഗ്രഹിക്കുന്നില്ല. നമ്മുടെ സൈനിക ശക്തിക്ക് ലോകത്തിൻ്റെ ഒരു വിപണിയായി മാറാൻ കഴിയില്ല. നമ്മുടെ ശക്തിയുടെ നിർവചനം സ്വയംപര്യാപ്തതയിലാണ്.’ അദ്ദേഹം പറഞ്ഞു.
കൊൽക്കത്തയിലെ ശ്യാമ പ്രസാദ് മുഖർജി പോർട്ടിൽ വെച്ച് കമ്മീഷൻ ചെയ്ത മൂന്ന് കപ്പലുകളിൽ സ്റ്റെൽത്ത് ഫ്രിഗേറ്റ് 'ദുണഗിരി', സർവേ കപ്പലായ 'സൻഷോധക്', ആന്റി സബ്മറൈൻ വാർഫെയർ ഷാലോ വാട്ടർ ക്രാഫ്റ്റായ 'അഗ്രയ്' എന്നിവ ഉൾപ്പെടുന്നു. സമുദ്രയുദ്ധം, ഹൈഡ്രോഗ്രാഫിക് സർവേയിങ്, അണ്ടർവാട്ടർ വാർഫെയർ എന്നീ മൂന്ന് നിർണ്ണായക മേഖലകളിൽ നാവികസേനയുടെ ശേഷി വർദ്ധിപ്പിക്കുന്നവയാണ് ഈ കപ്പലുകൾ.
'ദുണഗിരി'യെ അതിശക്തവും നൂതനവുമായ യുദ്ധക്കപ്പലായാണ് നാവികസേന വിശേഷിപ്പിക്കുന്നത്. അത്യാധുനിക ആയുധങ്ങളും സെൻസർ സംവിധാനങ്ങളും സജ്ജീകരിച്ചിട്ടുള്ള ഈ കപ്പലിൽ ബ്രഹ്മോസ് സർഫസ്-ടു-സർഫസ് മിസൈലുകളും മീഡിയം റേഞ്ച് സർഫസ്-ടു-എയർ മിസൈൽ സിസ്റ്റവും ഉൾപ്പെടുത്തിയിട്ടുണ്ട്. തദ്ദേശീയമായ സ്റ്റെൽത്ത് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.
'സൻഷോധക്' എന്ന സർവേ കപ്പൽ തീരദേശത്തും ആഴക്കടലിലുമുള്ള ഹൈഡ്രോഗ്രാഫിക് സർവേകൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്തതാണ്. പ്രതിരോധ ആവശ്യങ്ങൾക്കും സിവിലിയൻ ആവശ്യങ്ങൾക്കുമായി സമുദ്ര സംബന്ധിയായ ഭൂമിശാസ്ത്ര വിവരങ്ങൾ ശേഖരിക്കാൻ ഇതിന് സാധിക്കും. ഓട്ടോണമസ് അണ്ടർവാട്ടർ വെഹിക്കിളുകൾ, റിമോട്ട്ലി ഓപ്പറേറ്റഡ് വെഹിക്കിളുകൾ തുടങ്ങിയ നൂതന സംവിധാനങ്ങൾ ഇതിലുണ്ട്.
അർനാല ക്ലാസിൽ പെട്ട നാലാമത്തെ ആന്റി സബ്മറൈൻ കപ്പലാണ് 'അഗ്രയ്'. ഭാരം കുറഞ്ഞ ടോർപ്പിഡോകൾ, തദ്ദേശീയമായി നിർമ്മിച്ച റോക്കറ്റ് ലോഞ്ചറുകൾ, ആഴം കുറഞ്ഞ വെള്ളത്തിലെ മുങ്ങിക്കപ്പലുകളെ കണ്ടെത്താനുള്ള സോണാർ സംവിധാനങ്ങൾ എന്നിവ അഗ്രയിൽ സജ്ജീകരിച്ചിട്ടുണ്ട്. തീരക്കടലിലെ മുങ്ങിക്കപ്പൽ ഭീഷണികളെ ഫലപ്രദമായി നേരിടാൻ ഇതിലൂടെ നാവികസേനയ്ക്ക് സാധിക്കും.
Content Highlights: PM Modi commissions INS Dunagiri, Sanshodhak, and Agray at Kolkata. Discover how these indigenous warships strengthen India's maritime defence.
Published: 21 Jun 2026, 12:25 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented