ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്നുള്ള പ്രതിസന്ധിയെ ഒറ്റക്കെട്ടായി നേരിടാൻ പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചുചേർത്ത മുഖ്യമന്ത്രിമാരുടെ യോഗത്തിൽ തീരുമാനം. തിരഞ്ഞെടുപ്പുനടക്കുന്ന സംസ്ഥാനങ്ങൾ ഒഴികെയുള്ളയിടങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗമാണ് വെള്ളിയാഴ്ച ഓൺലൈനായി ചേർന്നത്.

To advertise here,

വ്യാജപ്രചാരണങ്ങൾ അഴിച്ചുവിട്ട് പ്രതിസന്ധി മുതലെടുക്കാൻ ശ്രമിക്കുന്നവർക്കെതിരേ കരുതലോടെ നീങ്ങണമെന്നും ക്ഷമയോടും സംയമനത്തോടും സാഹചര്യങ്ങളെ കൈകാര്യംചെയ്യണമെന്നും മുഖ്യമന്ത്രിമാരോട് പ്രധാനമന്ത്രി നിർദേശിച്ചു. കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ കർശന നിരീക്ഷണവും ഇടപെടലുമുണ്ടാകണമെന്നും കുറ്റവാളികൾക്കെതിരേ കർശന നടപടി വേണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

അതിർത്തി-തീരദേശ സംസ്ഥാനങ്ങളിൽ കൂടുതൽ ശ്രദ്ധചെലുത്തണം. കാർഷികമേഖലയിൽ കൂടുതൽ മുന്നൊരുക്കങ്ങൾ നടത്തണമെന്നും അദ്ദേഹം നിർദേശിച്ചു. എക്‌സൈസ് തീരുവ കുറച്ചതും വാണിജ്യ എൽ.പി.ജി. വിഹിതം കൂട്ടിയതും സ്വാഗതാർഹമാണെന്ന് മുഖ്യമന്ത്രിമാർ പറഞ്ഞു. മുഖ്യമന്ത്രിമാരായ എൻ. ചന്ദ്രബാബു നായിഡു (ആന്ധ്രപ്രദേശ്), യോഗി ആദിത്യനാഥ് (ഉത്തർപ്രദേശ്), രേവന്ദ് റെഡ്ഡി (തെലങ്കാന), ഭഗവന്ദ് മാൻ (പഞ്ചാബ്), ഭൂപേന്ദ്ര പട്ടേൽ (ഗുജറാത്ത്), ഒമർ അബ്ദുള്ള (ജമ്മു-കശ്മീർ), സുഖ്വീന്ദർ സിങ് സുഖു (ഹിമാചൽപ്രദേശ്), പേമ ഖണ്ഡു (അരുണാചൽപ്രദേശ്) തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. പ്രതിരോധമന്ത്രി രാജ്നാഥ്‌സിങ്, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരും പ്രധാനമന്ത്രിക്കൊപ്പം യോഗത്തിലുണ്ടായിരുന്നു.