ന്യൂഡൽഹി: ഒരിക്കൽ പരാജയപ്പെട്ട മണ്ഡല പുനർനിർണയത്തിനുള്ള വനിതാസംവരണ നിയമ ഭേദഗതി ബിൽ എൻ.ഡി.എ. സർക്കാർ തിങ്കളാഴ്ച വീണ്ടും ലോക്സഭയിൽ അവതരിപ്പിക്കുമ്പോൾ, രാഷ്ട്രീയനാടകങ്ങൾക്കും മലക്കംമറിച്ചിലുകൾക്കും പ്രതിഷേധങ്ങൾക്കും സഭ സാക്ഷ്യംവഹിക്കും.

To advertise here,

കഴിഞ്ഞ തവണത്തേതിൽനിന്ന് ഭരണപക്ഷത്ത് അംഗബലം കൂടിയിട്ടുണ്ടെങ്കിലും ഭരണഘടനാഭേദഗതി പാസാക്കാനുള്ള മൂന്നിൽരണ്ട് ഭൂരിപക്ഷം ഇപ്പോഴുമില്ല. എങ്കിലും, ബിൽ പാസാകുന്നത് തടയാനാകില്ലെന്ന് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ആവർത്തിക്കുന്നുണ്ട്.

കണക്കിലെ കളികൾ

ഏപ്രിലിൽ ബിൽ ലോക്സഭയിൽ മൂന്നിൽരണ്ടു ഭൂരിപക്ഷമില്ലാതെ പരാജയപ്പെട്ടപ്പോൾ 543 അംഗ ലോക്സഭയിൽ 528 പേരാണ് വോട്ടെടുപ്പിൽ പങ്കെടുത്തത്. അനുകൂലമായി 298 പേരും എതിർത്ത് 230 പേരും വോട്ടുചെയ്തു. ബിൽ പരാജയപ്പെട്ടത് സർക്കാരിന് കനത്തതിരിച്ചടിയായി. ബില്ലിനെ പരാജയപ്പെടുത്താൻ മുന്നിൽനിന്ന തൃണമൂൽ കോൺഗ്രസ് ശോഷിച്ച് അംഗബലത്തിൽ ദുർബലമായി. ഇന്ത്യസഖ്യത്തിലെ മുന്നണിപ്പോരാളികളായിരുന്ന ഡി.എം.കെ. സഖ്യംവിട്ടു. ആം ആദ്മി പാർലമെന്ററി പാർട്ടിയിലെ ഭിന്നതകൾ രൂക്ഷമായി.

പ്രതിഷേധവും ഇറങ്ങിപ്പോകലും

മൂന്നിൽരണ്ട് ഭൂരിപക്ഷത്തിന് നാലുപേരുടെ സഹായംകൂടി വേണം. സഭയിൽ ഹാജരായി വോട്ട് ചെയ്യുന്നവരുടെ മൂന്നിൽരണ്ട് ഭൂരിപക്ഷമാണ് വേണ്ടത്. വോട്ടെടുപ്പിൽ പങ്കെടുക്കാതെ അംഗങ്ങൾ ഇറങ്ങിപ്പോയാൽ മൂന്നിൽരണ്ടു ഭൂരിപക്ഷത്തിന് ആവശ്യമായ സംഖ്യ അത്രകണ്ട് കുറയും. എസ്.പി. സഭയിൽ സ്വീകരിക്കുന്ന നിലപാട് നിർണായകമായിരിക്കും. ചുരുങ്ങിയത് 180 അംഗങ്ങളെ ഒറ്റക്കെട്ടായി അണിനിരത്തിയാലേ ഇന്ത്യസഖ്യത്തിന് ബില്ലിന് ഏപ്രിലിൽ നൽകിയ തിരിച്ചടി ആവർത്തിക്കാനാകൂ. ചില എകാംഗ പാർട്ടികളുമായും ഭരണപക്ഷം വിലപേശലും രഹസ്യചർച്ചകളും നടത്തുന്നുണ്ട്്. ചേരിമാറ്റങ്ങൾക്കും കൂറുമാറിയുള്ള വോട്ടുചെയ്യലിനും സഭ വേദിയായേക്കും.

രാജ്യസഭയിൽ244 ആണ് രാജ്യസഭയുടെ നിലവിലെ അംഗബലം. എൻ.ഡി.എ.യ്ക്ക് 154 പേരുടെ പിന്തുണയുണ്ട്. മൂന്നിൽരണ്ടു ഭൂരിപക്ഷത്തിന് 163 പേരുടെ പിന്തുണയാണു വേണ്ടത്. ബി.ജെ.ഡി.ക്ക് അഞ്ചും വൈ.എസ്.ആർ. കോൺഗ്രസിന് നാലും അംഗങ്ങൾ സഭയിലുണ്ട്. ആവശ്യമായിവരുന്ന ഒൻപതുപേരുടെകൂടി പിന്തുണ നേടിയെടുക്കാൻ ലോക്സഭയിലുള്ളത്ര ആയാസം രാജ്യസഭയിൽ വേണ്ടിവരില്ല.

ഡി.എം.കെ.യും എൻ.സി.പി. പവാർ പക്ഷവും തുണയ്ക്കുമെന്ന പ്രതീക്ഷയിൽ എൻ.ഡി.എ.

543 അംഗ ലോക്സഭയിൽ നിലവിലെ അംഗബലം 540. സ്പീക്കറും എൻ.സി.പി.ഐ. എന്ന പാർട്ടിയിൽ ഔദ്യോഗിക ലയനം പ്രതീക്ഷിച്ച് നിൽക്കുന്ന 20 തൃണമൂൽ വിമതരും ശിവസേന ഉദ്ധവ് പക്ഷത്തുനിന്ന് കൂറുമാറി എത്തിയ ആറ് അംഗങ്ങളും ബി.ജെ.പി.യുമായി വണ്ടും ബാന്ധവത്തിലായ അകാലിദളിന്റെ ഏക അംഗമായ ഹർസിമ്രത് കൗർ ബാദലും ഉൾപ്പെടെ എൻ.ഡി.എ.യ്ക്ക് 322 പേരുടെ പിന്തുണ ലോക്സഭയിൽ പ്രതീക്ഷിക്കാം. 540 അംഗങ്ങളും വോട്ടുചെയ്താൽ മൂന്നിൽരണ്ട് ഭൂരിപക്ഷത്തിനുവേണ്ടത് 360 പേരുടെ പിന്തുണയാണ്.

മറുവശത്ത് ഇന്ത്യസഖ്യത്തിന്റെ അംഗബലം 175. ഇന്ത്യ സഖ്യത്തിനുപുറത്ത് 22 അംഗ ഡി.എം.കെ., എട്ട് അംഗങ്ങളുള്ള എൻ.സി.പി. (ശരത് പവാർ) നാല് അംഗങ്ങളുള്ള വൈ.എസ്.ആർ.സി.പി., മൂന്ന് അംഗങ്ങളുള്ള എ.എ.പി. എന്നിവരും പ്രതിപക്ഷത്തുണ്ട്. ഒവൈസിയുടെ പാർട്ടിയും മറ്റ് ചില ഏകാംഗ പാർട്ടികളും അടക്കം ആറുപേർ വേറേയും.

ഡി.എം.കെ., എൻ.സി.പി. (പവാർ) എന്നിവർ ബില്ലിനെ പിന്തുണയ്ക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ഭരണപക്ഷം. ഡി.എം.കെ. എം.പി.മാരുടെ ശനിയാഴ്ചത്തെ യോഗത്തിൽ തീരുമാനം പ്രഖ്യാപിച്ചേക്കും. വൈ.എസ്.ആർ. കോൺഗ്രസിന്റെ പിന്തുണയും ഭരണപക്ഷം പ്രതീക്ഷിക്കുന്നു. ഇടയ്ക്ക് ഒന്ന് ഉടക്കിയെങ്കിലും ജഗൻ മോഹൻ റെഡ്ഡി തങ്ങൾക്കെതിരായി നീങ്ങില്ലെന്ന് അവർ കരുതുന്നു.

മഹാരാഷ്ട്ര ഉൾപ്പെടെ എല്ലാ സംസ്ഥാനങ്ങളിലും 50 ശതമാനം സീറ്റുവർധനയുണ്ടായാൽ തങ്ങൾക്ക് എതിർപ്പില്ലെന്ന് എൻ.സി.പി. (പവാർ) വർക്കിങ് പ്രസിഡന്റ് സുപ്രിയ സുലേ വ്യക്തമാക്കിയിട്ടുണ്ട്. ചുരുക്കത്തിൽ, ബില്ലിന് അനുകൂലമായി 356 പേരുടെ പിന്തുണ എൻ.ഡി.എ. ഏറക്കുറെ ഉറപ്പാക്കിക്കഴിഞ്ഞു.