ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗം നടത്താനിരുന്ന ദിവസത്തെ ലോക്സഭാ നടപടികളുടെ ദൃശ്യങ്ങൾ പങ്കുവെച്ച് പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു. പ്രതിപക്ഷ എംപിമാരുടേത് 'ഏറ്റവും മോശമായ പെരുമാറ്റമാണെന്നും സാഹചര്യം നിയന്ത്രിച്ചില്ലെങ്കിൽ അത് പരസ്പര ഏറ്റുമുട്ടലിലേക്ക് നയിക്കാമായിരുന്നു എന്നും അദ്ദേഹം അവകാശപ്പെട്ടു.
ബിജെപി വനിതാ എം.പിമാർ ലോക്സഭാ സ്പീക്കർ ഓം ബിർളക്ക് നൽകിയ പരാതിയെ പിന്തുണച്ചാണ് റിജിജു വീഡിയോ പങ്കുവെച്ചത്. കോൺഗ്രസ് എം.പിമാർ പാർലമെന്ററി അതിർവരമ്പുകൾ ലംഘിച്ചതായി അദ്ദേഹം ആരോപിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന്മേലുള്ള നന്ദി പ്രമേയത്തിന് മറുപടി പറയാൻ നിശ്ചയിച്ചിരുന്ന ദിവസത്തെ ദൃശ്യങ്ങളാണ് ഇത്. പ്രധാനമന്ത്രിയുടെ കസേരയിലേക്ക് നിരവധി വനിതാ കോൺഗ്രസ് എംപിമാർ നീങ്ങിയത് അദ്ദേഹത്തിന്റെ പ്രവേശനം തടയുന്നതിനും ശാരീരികമായി നേരിടാനുമുള്ള ശ്രമങ്ങളാണെന്നും ബിജെപി ആരോപിച്ചു.
വീഡിയോയോടൊപ്പം പങ്കുവെച്ച ഒരു പോസ്റ്റിൽ റിജിജു ഇങ്ങനെ കുറിച്ചു: 'കോൺഗ്രസ് പാർട്ടി അവരുടെ എംപിമാരുടെ ഏറ്റവും മോശമായ പെരുമാറ്റത്തിൽ അഭിമാനിക്കുന്നു ബിജെപി എംപിമാരെ ഞങ്ങൾ തടയാതെ കോൺഗ്രസ് എംപിമാരെ നേരിടാൻ അനുവദിച്ചിരുന്നെങ്കിൽ, അത് വളരെ മോശം രംഗമായി മാറിയേനെ. പാർലമെന്റിന്റെ അന്തസ്സും പരിശുദ്ധിയും സംരക്ഷിക്കുന്നതിനാണ് ഞങ്ങൾ പരിഗണന നൽകുന്നത്'.
'എംപിമാരിൽ നിന്ന് ഇത്തരം പെരുമാറ്റങ്ങൾ ആർക്കാണ് ന്യായീകരിക്കാൻ കഴിയുക, പാർലമെന്റിന്റെ അന്തസ്സ് നിലനിർത്തണമെന്നും മര്യാദയില്ലാതെ പെരുമാറുന്ന പ്രതിപക്ഷ എംപിമാരുമായി ഒരു ബിജെപി എംപിയും ശാരീരികമായി ഏറ്റുമുട്ടാൻ പാടില്ലെന്നും ഞങ്ങളുടെ നേതൃത്വത്തിൽ നിന്നുള്ള നിർദ്ദേശം വളരെ വ്യക്തമായിരുന്നു' റിജിജു കൂട്ടിച്ചേർത്തു.
മന്ത്രി പങ്കുവെച്ച വീഡിയോയിൽ ലോക്‌സഭയിൽ പ്രധാനമന്ത്രിയുടെ ഇരിപ്പിടത്തിനു ചുറ്റും വനിതാ എംപിമാർ നിൽക്കുന്നതായി കാണാം. അവർ ബാനറുകളും പോസ്റ്ററുകളും പിടിച്ചിരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ആവർത്തിച്ചുള്ള അഭ്യർത്ഥനകൾ അവഗണിച്ച് അവിടെ തന്നെ തുടരുന്നതും ഇതിൽ കാണാം. ഈ സംഭവവികാസങ്ങളെ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്‌സഭയിൽ പ്രംസംഗിക്കാനെത്തിയിരുന്നില്ല. പ്രധാനമന്ത്രിയുടെ പ്രസംഗം ഇല്ലാതെയാണ് ലോക്‌സഭയിൽ നന്ദി പ്രമേയം പാസാക്കിയത്. പ്രധാനമന്ത്രിയോട് സഭയിലേക്ക് വരേണ്ടതില്ലെന്ന് താനാണ് ആവശ്യപ്പെട്ടതെന്ന് കഴിഞ്ഞ ദിവസം സ്പീക്കർ ഓം ബിർള പറയുകയും ചെയ്തിരുന്നു.
Content Highlights: Lok Sabha Disruption: Minister Rijiju Shares Video of Opposition Conduct During PM Modi's Scheduled Address
Published: 10 Feb 2026, 03:07 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented