മുംബൈ: പാന്‍കാര്‍ഡിനെ വിവിധ സര്‍ക്കാര്‍ ഏജന്‍സി പ്ലാറ്റ്‌ഫോമുകളില്‍ പൊതു തിരിച്ചറിയല്‍രേഖയാക്കി ഡിജിറ്റല്‍ ഇന്ത്യ കാഴ്ചപ്പാടിനെ ശക്തിപ്പെടുത്താന്‍ പാന്‍ 2.0 പദ്ധതി വരുന്നു. നികുതിദായകരുടെ രജിസ്‌ട്രേഷന്‍ ഉള്‍പ്പെടെ സാങ്കേതികവിദ്യയിലധിഷ്ഠിതമാക്കുന്ന ആദായനികുതിവകുപ്പിന്റെ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി.
1,435 കോടി രൂപയാണ് ചെലവായി പ്രതീക്ഷിക്കുന്നത്. പദ്ധതിയുടെ ഭാഗമായി പാനിനായി ഒരു ഏകീകൃത പോര്‍ട്ടല്‍ വരും. പരാതിപരിഹാര പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്ന പോര്‍ട്ടലിലെ പ്രവര്‍ത്തനങ്ങള്‍ കടലാസ് രഹിതമായിരിക്കും.
ആദായനികുതിവകുപ്പ് നികുതിയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ രേഖപ്പെടുത്താന്‍ നല്‍കുന്ന പത്തക്കമുള്ള ആല്‍ഫ ന്യൂമറിക് തിരിച്ചറിയല്‍നമ്പറാണ് പാന്‍. അപേക്ഷ നല്‍കുന്നതിനനുസരിച്ച് ആര്‍ക്കുവേണമെങ്കിലും ലാമിനേറ്റ് ചെയ്ത കാര്‍ഡായി ഇതു ലഭിക്കും. നിലവിലുള്ള പാന്‍ തുടര്‍ന്നും ഉപയോഗിക്കാം. നിലവില്‍ പാന്‍ ഉള്ളവര്‍ക്ക് ക്യു.ആര്‍. കോഡ് ഉള്‍പ്പെടുത്തി പുതിയ പാന്‍കാര്‍ഡ് സൗജന്യമായി ലഭ്യമാക്കും. പദ്ധതി നടപ്പാകുന്നതോടെ സേവനങ്ങളുടെ കാര്യക്ഷമതയും വേഗവും വര്‍ധിക്കും. രജിസ്‌ട്രേഷനുള്‍പ്പെടെ നടപടികള്‍ ഡിജിറ്റലാക്കുന്നതോടെ കൂടുതല്‍ ലളിതമാകും.
വിവിധ സംവിധാനങ്ങളില്‍ ഏകീകൃത സ്രോതസ്സില്‍നിന്ന് വിവരങ്ങള്‍ ലഭ്യമാക്കും. വിവരങ്ങളുടെ സ്ഥിരതയ്‌ക്കൊപ്പം നടപടിക്രമങ്ങള്‍ പരിസ്ഥിതിസൗഹൃദമാക്കാനും ചെലവുചുരുക്കാനും പദ്ധതി ലക്ഷ്യംവെക്കുന്നുണ്ട്. നിലവിലുള്ള പാന്‍/ടാന്‍ 1.0 പദ്ധതിയുടെ തുടര്‍ച്ചയാണ് പാന്‍ 2.0 എത്തുന്നത്. പാന്‍ വിവരങ്ങളുടെ ഡിജിറ്റല്‍സുരക്ഷ ശക്തമാക്കാനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നുണ്ട്.
നിലവില്‍ പാന്‍ ഉള്ളവര്‍ക്ക് ക്യു.ആര്‍. കോഡ് ഉള്‍പ്പെടുത്തി പുതിയ പാന്‍കാര്‍ഡ് സൗജന്യമായി ലഭ്യമാക്കും
Content Highlights: India`s PAN 2.0 initiative digitizes PAN card services, improving efficiency and security.
Published: 27 Nov 2024, 07:07 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented