ഇടിക്കൂട്ടിലെ സ്വര്‍ണതിളക്കത്തിന് പദ്മ വിഭൂഷണ്‍


കഠിനാധ്വാനവും നിശ്ചയദാര്‍ഢ്യവുമുണ്ടെങ്കില്‍ ഈ ലോകം തന്നെ കീഴടക്കാമെന്നതിന് ഉദാഹരണമായിരുന്നു മേരി കോമിന്റെ ഓരോ മുന്നേറ്റവും.

Imagecredit; Facebook

ലോക ചാമ്പ്യന്‍ഷിപ്പില്‍ ആറാം സ്വര്‍ണം നേടിയാണ് ഏറ്റവും കൂടുതല്‍ സ്വര്‍ണം നേടിയ താരമെന്ന ബഹുമതിക്ക് മേരി അര്‍ഹയായത്. തൊട്ടുപിന്നാലെ രാജ്യമിതാ പദ്മ വിഭൂഷണുമായി മേരിയെ ആദരിച്ചിരിക്കുന്നു. ഇത്തവണ പദ്മ പുരസ്‌കാരത്തിനായി കായിക രംഗത്തുനിന്ന് കേന്ദ്രകായിക മന്ത്രാലയം നിര്‍ദേശിച്ച ഒമ്പതുപേരും വനിതകളായിരുന്നു. അവരില്‍ മേരിയും സിന്ധുവും പദ്മ പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കി.

കഠിനാധ്വാനവും നിശ്ചയദാര്‍ഢ്യവുമുണ്ടെങ്കില്‍ ഈ ലോകം തന്നെ കീഴടക്കാമെന്നതിന് ഉദാഹരണമായിരുന്നു മേരി കോമിന്റെ ഓരോ മുന്നേറ്റവും. ഇന്ത്യയുടെ വടക്കുകിഴക്കേ അറ്റത്തുള്ള മണിപ്പൂരില്‍ നിന്ന് ഇടിക്കൂട്ടിലെ ഇന്ത്യന്‍ കരുത്തായി മാറി മേരി കോം.

വംശവൈവിധ്യം മണിപ്പൂരിന്റെ മുഖമുദ്രയാണ്. പ്രത്യേകിച്ചും ചുരച്ചന്ദ്പുര്‍ ജില്ല. ചുരച്ചന്ദ്പുര്‍ ജില്ലയിലുള്ളത്ര ഗോത്രവിഭാഗങ്ങള്‍ മണിപ്പുരിന്റെ മറ്റൊരുഭാഗത്തുമില്ല. ഒന്നും രണ്ടും പറഞ്ഞ് വിഘടിച്ചുനില്‍ക്കുന്ന ഈ ജില്ലക്കാര്‍ പക്ഷേ ഒരു കാര്യത്തില്‍ ഒറ്റക്കെട്ടാണ്. അല്ലെങ്കില്‍ ഇത്തരത്തില്‍ വിഘടിച്ചു നില്‍ക്കുന്നവരെ ഒന്നിച്ചു നിര്‍ത്തുന്ന ഒരു കാര്യം മാത്രമാണുള്ളത്. കോം റെംസ് ഗോത്രക്കാരിയായ മാംഗ്‌തെ ചുന്‍ഗെ്‌നനയ്ജാങ് മേരി കോം എന്ന എം.സി മേരി കോം.

ചുരച്ചന്ദ്പുരിലെ കാംഗതേയി ഗ്രാമത്തില്‍ നിന്നുള്ള ഈ മുപ്പത്തഞ്ചുകാരി ലോക വനിതാ ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ നേട്ടത്തോടെ പുതിയ ചരിത്രം രചിച്ചിരിക്കുകയാണ്. 48 കിലോഗ്രാം വിഭാഗത്തില്‍ ശനിയാഴ്ച നടന്ന ഫൈനലില്‍ യുക്രൈനിന്റെ ഹന്ന ഒഖോട്ടയെ പരാജയപ്പെടുത്തി ലോക ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ തന്റെ ആറാം സ്വര്‍ണം സ്വന്തമാക്കി.

ലോകചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണം നേടുന്ന വനിതാ താരമെന്ന നേട്ടവും ഇതോടെ മേരിയുടെ പേരിലായി. അഞ്ചു സ്വര്‍ണം നേടിയ അയലര്‍ലന്‍ഡിന്റെ കെയ്റ്റി ടെയ്‌ലറുടെ റെക്കോഡാണ് മേരി തിരുത്തിയത്. മാത്രമല്ല ആറാം സ്വര്‍ണത്തോടെ ലോക ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണമെന്ന നേട്ടത്തില്‍ ക്യൂബയുടെ പുരുഷ ഇതിഹാസ താരം ഫെലിക്സ് സാവോണിനൊപ്പമെത്താനും മേരി കോമിനായി.

2002, 2005, 2006, 2008, 2010 വര്‍ഷങ്ങളിലാണ് മേരി ഇതിന് മുന്‍പ് സ്വര്‍ണം നേടിയിട്ടുള്ളത്. ഇതിനു പുറമെ 2001ല്‍ വെള്ളിയും സ്വന്തമാക്കിയിരുന്നു. ഇതോടെ
ലോക ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ മേരിയുടെ മെഡല്‍ നേട്ടം ഏഴായി. ഇതോടെ ആകെ മെഡല്‍ നേട്ടത്തിലും മേരി റെക്കോഡിട്ടു.

2001-ല്‍ അമേരിക്കയിലെ പെന്‍സില്‍വാനിയയില്‍ ലോക വനിതാ അമേച്വര്‍ ബോക്‌സിങ് ലോകചാമ്പ്യന്‍ഷിപ്പ് തുടങ്ങിയകാലം മുതല്‍ക്ക് മേരി കോമിന്റെ പേര് വിജയികളുടെ പട്ടികയിലുണ്ട്. ആദ്യ വര്‍ഷം 48 കിലോ വിഭാഗത്തില്‍ ഫൈനലില്‍ മേരികോമിന് വെള്ളിമെഡല്‍ കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.

അടുത്ത വര്‍ഷം തുര്‍ക്കിയിലെ അന്റാല്യയില്‍ നടന്ന ലോകചാമ്പ്യന്‍ഷിപ്പില്‍ 45 കിലോ വിഭാഗത്തില്‍ സ്വര്‍ണം നേടി മേരി ചരിത്രം കുറിച്ചു. 2005-ല്‍ റഷ്യയിലെ പൊഡോള്‍സ്‌കില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ 46 കിലോ വിഭാഗത്തില്‍ സ്വര്‍ണം നിലനിര്‍ത്തി. 2006-ല്‍ ന്യൂഡല്‍ഹിയിലേക്ക് ലോകചാമ്പ്യന്‍ഷിപ്പ് വിരുന്നെത്തിയപ്പോള്‍ അവിടെയും സ്വര്‍ണം നേടി തുടരെ മൂന്ന് ലോകകിരീടങ്ങള്‍ നേടുന്ന ആദ്യ വനിതാ ബോക്‌സറെന്ന നേട്ടവും സ്വന്തമാക്കി.

2008-ല്‍ ചൈനയായിരുന്നു പോരാട്ട വേദി. നിങ്‌ബോ നഗരത്തില്‍ എതിരാളിയെ അനായാസം ഇടിച്ചിട്ട് മേരി തന്റെ നാലാം ലോകകിരീടവും കൈയിലൊതുക്കി. ആ വര്‍ഷത്തെ കിരീടത്തിന് മേരിയെ സംബന്ധിച്ചിടത്തോളം മധുരം കൂടുതലാണ്. ഗര്‍ഭിണിയായതിനെത്തുടര്‍ന്ന് രണ്ടുവര്‍ഷമായി റിങ്ങില്‍നിന്ന് വിട്ടുനിന്നിരുന്ന മേരി മത്സരത്തിന് വെറും നാലുമാസം മുമ്പാണ് പരിശീലനത്തില്‍ തിരിച്ചെത്തിയത്. ഇരട്ടക്കുട്ടികളുടെ അമ്മയായിക്കഴിഞ്ഞശേഷം മക്കളുടെ ലോകത്തായിരുന്ന മേരിയെ വീണ്ടും റിങ്ങിലെത്തിച്ചതിന്റെ ക്രെഡിറ്റ് ഭര്‍ത്താവ് ഒന്‍ലേര്‍ കോമിനാണ്. നിങ്‌ബോയില്‍ കിരീടം നേടിയശേഷം ഭര്‍ത്താവ് നല്‍കിയ പിന്തുണയാണ് തന്റെ വിജയത്തിന് പിന്നിലെന്ന് മേരി പറഞ്ഞിരുന്നു.

2009-ല്‍ ഏഷ്യന്‍ ഇന്‍ഡോര്‍ ഗെയിംസില്‍ സ്വര്‍ണമെഡല്‍ നേടിക്കൊണ്ട് മേരി ഒരിക്കല്‍ക്കൂടി തന്റെ കരുത്ത് തെളിയിച്ചു. 2010-ല്‍ കസാഖിസ്താനില്‍ നടന്ന ഏഷ്യന്‍ വനിതാ ബോക്സിങ് ചാമ്പ്യന്‍ഷിപ്പിലും മേരി പൊന്നണിഞ്ഞു. 2014 ഏഷ്യന്‍ ഗെയിംസിലും മേരി കോം സ്വര്‍ണം നേടി. 2012-ലെ സമ്മര്‍ ഒളിമ്പിക്സില്‍ വെങ്കല മെഡല്‍ നേടിക്കൊണ്ട് ഇന്ത്യാ ചരിത്രത്തില്‍ത്തന്നെ ഇടം നേടാന്‍ മേരി കോമിന് കഴിഞ്ഞു. ആറു തവണ ലോക അമച്വര്‍ ബോക്സിങ് ചാമ്പ്യനായിത്തീരാന്‍ മേരി കോമിനു കഴിഞ്ഞു എന്നു പറയുമ്പോള്‍ ബോക്സിങ് മേഖലയിലുള്ള അവളുടെ പ്രാവീണ്യവും മികവും എത്രയെന്ന് നമുക്ക് ബോധ്യമാകും.

1983 മാര്‍ച്ച് ഒന്നിന് മണിപ്പൂരിലെ ഒരു കൊച്ചു ഗ്രാമത്തിലാണ് മേരി കോം ജനിച്ചത്. മാങ്‌തെ തോന്‍പ കോമും അഖാം കോമുമാണ് മാതാപിതാക്കള്‍. പാവപ്പെട്ട കര്‍ഷകത്തൊഴിലാളികളായിരുന്നു മേരിയുടെ മാതാപിതാക്കള്‍. കടുത്ത ദാരിദ്ര്യം മൂലം മേരിക്ക് സ്‌കൂള്‍ പഠനം ഉപേക്ഷിച്ച്, മാതാപിതാക്കളോടൊപ്പം പാടത്ത് പണിക്കു പോകേണ്ടതായും വന്നിരുന്നു.

എന്നാല്‍ സ്‌കൂളില്‍ പഠിക്കുന്ന കാലത്തു തന്നെ സ്പോര്‍ട്‌സില്‍, പ്രത്യേകിച്ച് ഫുട്‌ബോളില്‍ മേരി കോം താല്‍പ്പര്യം കാണിച്ചിരുന്നു. എന്നാല്‍, പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നതോടെ അവളുടെ കായികസ്വപ്നങ്ങളും പതിയെ ഇല്ലാതായിക്കൊണ്ടിരുന്നു.

ആ ഇടയ്ക്കാണ് മേരി കോമിന്റെ ജീവിതത്തെ മാറ്റിമറിച്ച ഒരു സംഭവം നടന്നത്. 1998-ലെ ഏഷ്യന്‍ ഗെയിംസില്‍ ഡിന്‍ഗോ സിങ്, ബോക്സിങ്ങില്‍ സ്വര്‍ണമെഡല്‍ നേടിയ സംഭവം അവളെ ഏറെ സ്വാധീനിച്ചു. എങ്ങനെയും ഒരു ബോക്സറാകുക എന്ന സ്വപ്നം തന്നില്‍ ഉടലെടുത്തത് അപ്പോഴാണെന്ന് പിന്നീട് മേരി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

പക്ഷേ നാട്ടിന്‍പുറത്തെ കൂലിപ്പണിക്കാരിയുടെ ഈ സ്വപ്നം ആളുകളെ അമ്പരപ്പിച്ചു. വീട്ടുകാര്‍ ശക്തമായി എതിര്‍ത്തു. ഒരു പെണ്‍കുട്ടി ബോക്സിങ് മേഖലയിലേക്ക് കടന്നുവരുന്നതിനെക്കുറിച്ച് അവര്‍ക്ക് ചിന്തിക്കാനേ കഴിയുമായിരുന്നില്ല. എന്നാല്‍ എല്ലാ എതിര്‍പ്പുകളെയും അവഗണിച്ച് മേരി ഇംഫാലിലേക്ക് യാത്രതിരിച്ചു. മണിപ്പൂര്‍ ജില്ലാ ബോക്സിങ് കോച്ചായ നര്‍ജിത് സിങ്ങിനെ പോയി കണ്ട് തന്നെ പരിശീലിപ്പിക്കണമെന്ന് മേരി കോം അപേക്ഷിച്ചു.

പിന്നീടുള്ള അവളുടെ ജീവിതത്തെ മാറ്റിമറിച്ചുകൊണ്ട് മേരി പരിശീലനം ആരംഭിച്ചു. രാത്രി വളരെ വൈകിപ്പോലും മേരി പരിശീലനം തുടര്‍ന്നു. പിന്നീട് നടന്നതെല്ലാം ചരിത്രമായിരുന്നു.

മേരി കോം ബോക്‌സിങ്ങിന് പോകുന്നതിനെ ശക്തമായി എതിര്‍ത്തിരുന്ന അച്ഛന്‍ തോന്‍പ കോം 2003-ല്‍ രാജ്യം മേരിയെ അര്‍ജുന അവാര്‍ഡ് നല്‍കി ആദരിക്കുന്ന ചടങ്ങിന് സാക്ഷിയാവാനെത്തിയത് നിറമിഴികളോടെയാണ്. ബോക്‌സിങ്ങിലെ മികവിന് ആദ്യമായി അര്‍ജുന നേടുന്ന താരവുമാണ് മേരി. 2006-ല്‍ പദ്മശ്രീ നല്‍കിയും ലോകചാമ്പ്യനെ രാജ്യം ആദരിച്ചു. 2009-ല്‍ രാജീവ്ഗാന്ധി ഖേല്‍രത്ന പുരസ്‌കാരത്തിനും മേരി അര്‍ഹയായി. 2013-ല്‍ പത്മഭൂഷണ്‍ നല്‍കി രാജ്യം ഈ ധീരവനിതയെ ആദരിച്ചു.

തന്റെ ആത്മകഥയ്ക്ക് മേരി നല്‍കിയ പേര് 'അണ്‍ ബ്രേക്കബിള്‍' എന്നാണ് ജീവിതത്തിലും താന്‍ അങ്ങനെതന്നെയാണെന്ന് അവര്‍ തെളിയിക്കുകയും ചെയ്തു.

Content Highlights: Padma Bhushan Mary com


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


xi jinping

2 min

ചൈനയില്‍ അട്ടിമറിയോ? 9000-ലേറെ വിമാനങ്ങള്‍ റദ്ദാക്കിയെന്ന് അഭ്യൂഹം; ഹൈസ്പീഡ് ട്രെയിനുകള്‍ നിര്‍ത്തി?

Sep 25, 2022

Most Commented