
മുംബൈ: 2006-ൽ മഹാരാഷ്ട്രയിലെ കോൺഗ്രസ് നേതാവ് പവൻരാജെ നിംബാൽക്കറെയും ഡ്രൈവറെയും കൊലപ്പെടുത്തിയ കേസിൽ മുൻ എൻ.സി.പി എം.പി പദംസിങ് പാട്ടീൽ ഉൾപ്പെടെയുള്ള എല്ലാ പ്രതികളെയും മുംബൈ പ്രത്യേക സി.ബി.ഐ കോടതി വെറുതെവിട്ടു. 20 വർഷം നീണ്ടുനിന്ന നിയമനടപടികൾക്കും 128 സാക്ഷികളെ വിസ്തരിച്ചതിനും ശേഷമാണ് ശനിയാഴ്ച അഡീഷണൽ സെഷൻസ് ജഡ്ജി സത്യനാരായണ നവാന്ദർ വിധി പ്രസ്താവിച്ചത്. രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് സി.ബി.ഐ ആരോപിച്ചിരുന്നെങ്കിലും പ്രതികൾക്കെതിരെയുള്ള കുറ്റം തെളിയിക്കാൻ സാധിച്ചില്ലെന്ന് കോടതി വ്യക്തമാക്കി.
2006- ജൂൺ മൂന്നിനാണ് പവൻരാജെ നിംബാൽക്കറും (41) ഡ്രൈവർ സമദ് കാസിയും കൊല്ലപ്പെട്ടത്. മുംബൈയിൽനിന്ന് ഉസ്മാനാബാദിലേക്ക് (നിലവിലെ ധാരാശിവ്) കാറിൽ യാത്ര ചെയ്യുന്നതിനിടെ നവി മുംബൈയിലെ കലമ്പോളിയിൽ വെച്ച് രണ്ട് അക്രമികൾ ഇവരുടെ കാർ തടഞ്ഞുനിർത്തി വെടിയുതിർക്കുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചു.
നവി മുംബൈ പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ അതൃപ്തി രേഖപ്പെടുത്തിയ നിംബാൽക്കറുടെ കുടുംബം ബോംബെ ഹൈക്കോടതിയെ സമീപിച്ചതിനെത്തുടർന്നാണ് 2009-ൽ അന്വേഷണം സി.ബി.ഐക്ക് കൈമാറിയത്. പവൻരാജെ നിംബാൽക്കറുടെ ബന്ധുവായ പദംസിങ് പാട്ടീലാണ് കൊലപാതകത്തിന്റെ പ്രധാന സൂത്രധാരനെന്ന് സി.ബി.ഐ കണ്ടെത്തിയിരുന്നു.
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി സുനേത്ര പവാറിന്റെ സഹോദരനും മുൻ ആഭ്യന്തര മന്ത്രിയുമായ പദംസിങ് പാട്ടീലിനെ കൂടാതെ ബിസിനസുകാരൻ സതീഷ് മണ്ഡാഡെ, ബിജെപി മുൻ കോർപ്പറേറ്റർ മോഹൻ ശുക്ല, ശശികാന്ത് കുൽക്കർണി, കൈലാഷ് യാദവ്, ഷൂട്ടർമാരായ ദിനേഷ് തിവാരി, പിന്റു സിങ്, ചോട്ടെ പാണ്ഡെ എന്നിവരാണ് കേസിൽ വിചാരണ നേരിട്ട മറ്റു പ്രതികൾ.
നിംബാൽക്കറെ വധിക്കാൻ 30 ലക്ഷം രൂപയുടെ ക്വട്ടേഷൻ നൽകിയതായി പറയപ്പെടുന്ന പരസ്മൽ ജെയിൻ പിന്നീട് മാപ്പുസാക്ഷിയായി മാറിയിരുന്നു. ഉസ്മാനാബാദ് ജില്ലയിൽ നിംബാൽക്കറുടെ വളർന്നുവരുന്ന ജനപ്രീതി തന്റെ രാഷ്ട്രീയ സ്വാധീനത്തിന് ഭീഷണിയാണെന്ന് പാട്ടീൽ ഭയപ്പെട്ടിരുന്നതായും ഇതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നുമാണ് സി.ബി.ഐ കുറ്റപത്രത്തിൽ പറഞ്ഞിരുന്നത്.
2011-ൽ ആരംഭിച്ച വിചാരണയ്ക്കിടെ സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെ ഉൾപ്പെടെയുള്ള പ്രമുഖരെ കോടതി വിസ്തരിച്ചു. തന്നെ വധിക്കാനും പാട്ടീൽ ക്വട്ടേഷൻ നൽകിയിരുന്നതായി പരസ്മൽ ജെയിൻ വെളിപ്പെടുത്തിയതിനെത്തുടർന്നാണ് ഹസാരെ മൊഴി നൽകിയത്.
തനിക്ക് പാട്ടീലിൽനിന്ന് ഭീഷണി ഉണ്ടായിരുന്നതായി ഹസാരെ കോടതിയിൽ സാക്ഷ്യപ്പെടുത്തിയിരുന്നു. നിലവിൽ 86 വയസ്സുള്ള പദംസിങ് പാട്ടീൽ 2009-ൽ അറസ്റ്റിലായെങ്കിലും പിന്നീട് ജാമ്യത്തിൽ ഇറങ്ങിയിരുന്നു. നീണ്ട കാലത്തെ വാദപ്രതിവാദങ്ങൾക്കും തെളിവ് ശേഖരണത്തിനും ശേഷമാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്. പവൻരാജെ നിംബാൽക്കറുടെ മകൻ ഓംരാജെ നിംബാൽക്കർ നിലവിൽ ശിവസേന (യു.ബി.ടി) എം.പിയാണ്.
Content Highlights: Former NCP MP Padamsinh Patil acquitted in 2006 murder case., Special CBI court cited lack of evidence for the acquittal of all accused., The 20-year legal battle involved testimony from 128 witnesses, including Anna Hazare., Victim Pawanraje Nimbalkar was a prominent figure in Osmanabad (Dharashiv)., The CBI had alleged political rivalry as the primary motive for the crime.
Published: 20 Jun 2026, 02:54 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented