ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ (എഐഎംഎം) നേതാവ് അസൈദുദീൻ ഒവൈസി. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സാമാഞ്ചല്‍ ന്യായ് യാത്ര എന്ന പേരില്‍ പ്രചാരണ യാത്രയും ഒവൈസി പ്രഖ്യാപിച്ചു.  ഇന്ത്യ സഖ്യത്തില്‍ ചേരാനുള്ള ക്ഷണം ലഭിക്കാത്തതിനെ തുടര്‍ന്നാണ് എഐഎംഎം ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ചത്.

To advertise here,

സഖ്യത്തില്‍ ചേരുന്നതുമായി ബന്ധപ്പെട്ട് ആര്‍ജെഡി നേതൃത്വവുമായി മൂന്നുതവണ ബന്ധപ്പെട്ടിരുന്നുവെന്നും എന്നാല്‍ അനുകൂലമായ പ്രതികരണം ലഭിച്ചില്ലെന്നും ഒവൈസി വ്യക്തമാക്കി. ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന് രണ്ടുതവണയും തേജസ്വി യാദവിന് ഒരുതവണയും  കത്തെഴുതി. ആറു സീറ്റാണ് ഞങ്ങള്‍ ആവശ്യപ്പെട്ടത്. മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിട്ടില്ല. ഇതില്‍ കൂടുതല്‍ എന്താണ് ഞങ്ങള്‍ ചെയ്യേണ്ടത്- ഒവൈസി എന്‍ഡിടിവിയോട് പറഞ്ഞു.

ബിഹാറിലെ സീമാഞ്ചല്‍ മേഖലയിലാണ് എഐഎംഎം ആറ് സീറ്റുകള്‍ ആവശ്യപ്പെട്ടത്. ഇപ്പോഴിതിന് വഴങ്ങിയാല്‍ ഭാവിയില്‍ മുസ്ലീം വിഭാഗത്തിലുള്ളവര്‍ കൂടുതലുള്ള ദര്‍ഭംഗ, മധുബനി തുടങ്ങിയ ഇടങ്ങളിലും എഐഎംഎം സീറ്റുകള്‍ ആവശ്യപ്പെടുമെന്ന ഭയത്തിലാണ് ആര്‍ജെഡി. മുസ്ലീം വോട്ടുകള്‍ ആര്‍ജെഡിക്കും നിര്‍ണായകമാണ്. മാത്രമല്ല, എഐഎംഎമ്മിന്റെ സാന്നിധ്യം മണ്ഡലങ്ങളില്‍ ഹിന്ദു- മുസ്ലീം പോരാട്ടമായി ബിജെപി ചിത്രീകരിച്ചേക്കുമെന്ന ഭയവും ആര്‍ജെഡിക്കുണ്ട്. ഇത് ധ്രുവീകരണത്തിന് ഇടയാക്കുമെന്നതും ആത്യന്തികമായി ഇന്ത്യ സഖ്യത്തിന്റെ സാധ്യതകളെ പ്രതികൂലമായി ബാധിച്ചേക്കാമെന്നും ആര്‍ജെഡി കരുതുന്നു.

2020-ലെ തിരഞ്ഞെടുപ്പില്‍ 25 സീറ്റുകളിലാണ് എഐഎംഎം മത്സരിച്ചത്. അതില്‍ അഞ്ച് സീറ്റുകളില്‍ അവര്‍ വിജയിക്കുകയും ചെയ്തു. ഇവയെല്ലാം സീമാഞ്ചല്‍ മേഖലയിലെ മുസ്ലീം ഭൂരിപക്ഷ മണ്ഡലങ്ങളാണ്. പക്ഷെ, 2024-ലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ എഐഎംഎം മത്സരരംഗത്തിറങ്ങിയെങ്കിലും സീമാഞ്ചല്‍ മേഖലയിലെ ഒരു സീറ്റില്‍ പോലും വിജയം നേടിയില്ല. ഈ സാഹചര്യത്തിലാണ് ഇന്ത്യ സഖ്യത്തില്‍ ചേര്‍ന്ന് മത്സരിക്കാന്‍ ഒവൈസിയുടെ പാര്‍ട്ടി ശ്രമിക്കുന്നത്.

സഖ്യത്തില്‍ ഉള്‍പ്പെടുത്താത്തതിനാല്‍ കഴിഞ്ഞതവണ മത്സരിച്ച 25 സീറ്റിനേക്കാള്‍ കൂടുതല്‍ ഇടങ്ങളില്‍ എഐഎംഎം സ്ഥാനാര്‍ഥികളെ നിര്‍ത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെയെങ്കില്‍ ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യത്തിന്റെ സാധ്യതകളെ ബാധിക്കും. കാരണം മുസ്ലീം ഭൂരിപക്ഷ മണ്ഡലങ്ങളില്‍ വോട്ടുകള്‍ ഭിന്നിച്ചുപോകുന്നത് ആത്യന്തികമായി എന്‍ഡിഎയ്ക്കാകും ഗുണം ചെയ്യുക.