ഭുവനേശ്വർ: ബുൾഡോസർ ഉപയോഗിച്ച് കമ്മ്യൂണിറ്റി സെന്റർ കെട്ടിടം നിയമവിരുദ്ധമായി പൊളിച്ചുമാറ്റിയതിന് പത്തു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഒറീസ ഹൈക്കോടതി ഉത്തരവിട്ടു. ഇതിൽ രണ്ടു ലക്ഷം രൂപ ബന്ധപ്പെട്ട തഹസിൽദാരുടെ ശമ്പളത്തിൽനിന്ന് ഈടാക്കണം. ജുഡീഷ്യൽ ഉത്തരവുകൾ വ്യക്തമായി ലംഘിച്ചുള്ള ഭരണകൂടത്തിന്റെ അതിരുവിട്ട നടപടികളെ കോടതി ശാസിക്കുകയും ചെയ്തു.
സുപ്രീം കോടതി പുറപ്പെടുവിച്ച കെട്ടിടങ്ങൾ പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ പാലിക്കാതെയാണ് കമ്മ്യൂണിറ്റി സെന്റർ പൊളിച്ചുമാറ്റിയതെന്ന് ആരോപിക്കുന്ന കേസിലാണ് ഈ വിധി. പൊതു ഉപയോഗത്തിനുള്ള കെട്ടിടം പൊളിച്ചുമാറ്റുന്നതിൽ തഹസിൽദാർ അമിതമായ തിടുക്കം കാണിച്ചതായി കണ്ടെത്തിയതിനാൽ, 10 ലക്ഷം നഷ്ടപരിഹാരമായി നൽകാൻ കോടതി സംസ്ഥാനത്തോട് നിർദ്ദേശിച്ചു. തെറ്റായി ഉത്തരവിട്ട ഉദ്യോഗസ്ഥന്റെ ശമ്പളത്തിൽനിന്ന് 2 ലക്ഷം രൂപ ഗഡുക്കളായി ഈടാക്കണമെന്നും കോടതി നിർദ്ദേശിച്ചു.
'ഹർജിക്കാർക്ക് പലതവണ നിയമപോരാട്ടത്തിൽ ഏർപ്പെടേണ്ടി വന്നു, നിയമപരമായ ചെലവുകളും മാനസിക സംഘർഷവും സഹിക്കേണ്ടി വന്നു. ജുഡീഷ്യൽ നിർദ്ദേശങ്ങളുടെയും നടപടിക്രമങ്ങളുടെയും ലംഘനം, പൊളിച്ചുമാറ്റിയ രീതിയും സമയവും കൂടിച്ചേരുമ്പോൾ, ഇത് പൊതു നിയമപ്രകാരമുള്ള നഷ്ടപരിഹാരം അർഹിക്കുന്നു,' കോടതി പറഞ്ഞു.
തഹസിൽദാർക്കെതിരെ വകുപ്പുതല നടപടിക്കും കോടതി ഉത്തരവിട്ടു. 1985 മുതൽ നിലവിലുണ്ടായിരുന്ന കെട്ടിടം, 1999-ൽ ചുഴലിക്കാറ്റിന് ശേഷം അറ്റകുറ്റപ്പണികൾ നടത്തുകയും 2016-18 കാലഘട്ടത്തിൽ പുനർനിർമ്മിക്കുകയും ചെയ്തിരുന്നു.
Content Highlights: Orissa High Court slams bulldozer action
Published: 26 Jun 2025, 12:55 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented