
ന്യൂഡല്‍ഹി: സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് ബി. സുദര്‍ശന്‍ റെഡ്ഡിയെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയാക്കിയതിനുപിന്നില്‍ പ്രതിപക്ഷ ലക്ഷ്യം ബിജെപിക്കെതിരേയുള്ള ആശയപരമായ പോരാട്ടവും ഭരണപക്ഷത്ത് വിള്ളലുണ്ടാക്കുകയുമാണ്. ബിജെപിയുടെ ഉറച്ചനിലപാടുള്ള സ്ഥാനാര്‍ഥിയെ, ഭരണഘടന ഉയര്‍ത്തിപ്പിടിച്ച വ്യക്തിയെക്കൊണ്ട് നേരിടണമെന്ന നിലപാടിലാണ് പ്രതിപക്ഷം.
ഭരണപക്ഷ സ്ഥാനാര്‍ഥിയെ പിന്തുണച്ച ജഗ്മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസിനെയും ചന്ദ്രബാബു നായിഡുവിന്റെ ടിഡിപിയെയും ആശയക്കുഴപ്പത്തിലാക്കുകയെന്ന ലക്ഷ്യവുമുണ്ട്. തെലങ്കാനയില്‍ നിന്നുള്ള ജസ്റ്റിസ് സുദര്‍ശന്‍ റെഡ്ഡിയെ തഴഞ്ഞാല്‍ ടിഡിപിക്കും വൈഎസ്ആര്‍ കോണ്‍ഗ്രസിനും തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍.
തമിഴ്‌നാട് സ്വദേശിയായ ഐഎസ്ആര്‍ഒ മുന്‍ ഡയറക്ടര്‍ മയില്‍സ്വാമി അണ്ണാദുരൈയുടെയും മഹാത്മാഗാന്ധിയുടെ പ്രപൗത്രന്‍ തുഷാര്‍ ഗാന്ധിയുടെയും പേരുകള്‍ക്കായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ തിങ്കളാഴ്ച ചേര്‍ന്ന ഇന്ത്യസഖ്യ പാര്‍ട്ടികളുടെ യോഗത്തില്‍ പ്രാമുഖ്യം. എന്നാല്‍, തമിഴ്നാട്ടില്‍ നിന്നുള്ളയാള്‍ക്കെതിരാളിയായി തമിഴ്നാട്ടില്‍ നിന്നുതന്നെ മറ്റൊരാളെ കൊണ്ടുവരുന്നത് സങ്കുചിതരാഷ്ട്രീയം പ്രതിഫലിപ്പിക്കുന്നതാണെന്ന നിലപാടായിരുന്നു പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക്. ഡിഎംകെ എംപി കനിമൊഴിയുമായി തൃണമൂല്‍ രാജ്യസഭാ നേതാവ് ഡെറിക് ഒബ്രയാന്‍ കൂടിക്കാഴ്ച നടത്തി. തങ്ങള്‍ക്ക് പ്രാദേശിക താത്പര്യമില്ലെന്നും അങ്ങനെയെങ്കില്‍ പശ്ചിമബംഗാളില്‍ നിന്നുള്ള ഒരാളെയാവും നിര്‍ത്താന്‍ നിര്‍ദേശിക്കുകയെന്നും ഡെറിക് കനിമൊഴിയെ ധരിപ്പിച്ചു.
ആന്ധ്രയില്‍നിന്നുള്ള ജുഡീഷ്യറിയിലെ സംശുദ്ധ സേവനത്തിനുടമയായ ജസ്റ്റിസ് സുദര്‍ശന്‍ റെഡ്ഡിയെ നിര്‍ത്തുമ്പോള്‍, പ്രതിപക്ഷ രാഷ്ട്രീയത്തിനൊപ്പം പ്രാദേശിക കക്ഷികളുടെ പിന്തുണയും സാധ്യമാവുമെന്ന് ഡെറിക് ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ കനിമൊഴി അനുകൂലമായതോടെ സ്റ്റാലിന്റെ അംഗീകാരം ഖാര്‍ഗെ നേടി. എഎപിയും ആര്‍ജെഡിയും സമാജ് വാദി പാര്‍ട്ടിയും തൃണമൂല്‍ കോണ്‍ഗ്രസിനൊപ്പമായിരുന്നു. പ്രതിപക്ഷ ഐക്യത്തിലുണ്ടാകുന്ന ഏത് വിള്ളലും കോണ്‍ഗ്രസിനെതിരേയുള്ള വടിയാക്കി ഉപയോഗിക്കപ്പെടുന്ന സാഹചര്യത്തില്‍, ഈ അഭിപ്രായത്തിന് പിന്തുണ നേടുന്നതിനായി ഖാര്‍ഗെ മറ്റു നേതാക്കളുമായി ആശയവിനിമയം നടത്തി. എസ്ഐആറിന്റെ പേരില്‍ തിരഞ്ഞെടുപ്പ് കമ്മിഷനെതിരേ പോരാട്ടം രൂക്ഷമായ സാഹചര്യത്തില്‍ ബിഹാറില്‍നിന്ന് സ്ഥാനാര്‍ഥി വേണമെന്ന നിര്‍ദേശവും ഉയര്‍ന്നിരുന്നു.
Content Highlights: Opposition parties nominate Justice B. Sudarshan Reddy as VP candidate, aiming to challenge BJP
Published: 20 Aug 2025, 06:49 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented